LOCAL NEWS

സെന്‍സസ് 2027; ജില്ലാതല പരിശീലന പരിപാടികള്‍ക്ക് തുടക്കമായി

കോഴിക്കോട് :രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027മായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം എഡിഎം പി അഖില്‍ ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍ ഓഫ് സെന്‍സെസ് ഓപ്പറേഷന്‍സ് കേരള ഡെപ്യൂട്ടി ഡയറക്ടര്‍ വി വിഭ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അജിലി വാസുദേവന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

1948ലെ സെന്‍സസ് ആക്ടിന്റെയും 1990ലെ സെന്‍സസ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ നടക്കുന്ന എട്ടാമത്തെ സെന്‍സസ്സാണ് ഇത്. ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് ആണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മൊബൈല്‍ ആപ്പ് വഴിയാണ് പ്രവർത്തനം.

രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് (ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍-എച്ച്എല്‍ഒ) ആദ്യഘട്ടം. ഇതിനായി ജൂലൈ ഒന്നു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. ഇതിനു മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാന്‍ അവസരം നല്‍കും. ഇതിനായി പ്രത്യേക വെബ് പോർട്ടൽ (https://se.census.gov.in) ആരംഭിച്ചിട്ടുണ്ട്. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക.

2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച പരിശീലനത്തില്‍ ജില്ലയിലെ ഡെപ്യൂട്ടി സെന്‍സസ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഉദ്യോഗസ്ഥര്‍, സെന്‍സസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ സെന്‍സസ് ആക്ട്, സെന്‍സസ് നടപടിക്രമങ്ങള്‍, വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com