തിരുവമ്പാടിയെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ പരിസ്ഥിതി ലോല മേഖലയിൽ (ഇ.എസ്.എ.) ഉൾപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ പള്ളിപ്പടി റെസിഡൻസ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പതിറ്റാണ്ടുകളായി മലയോര മേഖലയിൽ കൃഷി ചെയ്തും വീടുവെച്ചും സമാധാനപരമായി ജീവിക്കുന്ന സാധാരണക്കാരെ വഴിയാധാരമാക്കുന്ന തീരുമാനമാണിതെന്ന് യോഗം ആരോപിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്കും കൃഷിരീതികൾക്കും പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളിൽ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.
കർഷകരുടെയും സാധാരണക്കാരുടെയും ഉപജീവനമാർഗങ്ങൾ തടസ്സപ്പെടുത്തുന്ന തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.
ജനവാസ മേഖലകളെയും കാർഷിക ഭൂമികളെയും പൂർണമായും ഒഴിവാക്കി മാത്രമേ പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. തിരുവമ്പാടിയെ ഇ.എസ്.എ. പട്ടികയിൽനിന്ന് അടിയന്തരമായി ഒഴിവാക്കാൻ ഗ്രാമപഞ്ചായത്തും അധികാരികളും ജനപ്രതിനിധികളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി പ്രദേശവാസികളുടെ പ്രതിഷേധം ഇ-മെയിൽ മുഖേനയും കത്ത് മുഖേനയും അധികാരികളെ അറിയിക്കുന്നതിനായി പുല്ലൂരാംപാറ ഹെൽപ്പ് ഡെസ്‌ക് വരും ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ടി.ടി. കുര്യൻ അധ്യക്ഷത വഹിച്ചു. ജോസ് മാത്യു, ജോർജ് ഓണാട്ട്, ഷിജു ചെമ്പനാനി, പി.ജെ. ലാൽ, മാത്യു കുമ്പാനി, ബേബി അരഞ്ഞാണി, ഷീജ ജോൺസൺ, റീബ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.



