ചെറുമകന് വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചത്, അവൻ തന്നെ കൊലപ്പെടുത്തി, ചെയ്യിപ്പിച്ചത് ലഹരി…

വടക്കേക്കാട്: ഉറങ്ങിക്കിടന്ന വൈലത്തൂർ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെ മകളുടെ മകൻ കഴുത്തറുത്തു കൊലപ്പെടുത്തി. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ ചെറുമകൻ അഹമ്മദ് അക്മലിനെ (മുന്ന– 26) മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ഇയാൾ ലഹരിക്ക് അടിമയാണെന്നു നാട്ടുകാർ പൊലീസിനു മൊഴി നൽകി. ഇന്നലെ പുലർച്ചെയാണു സംഭവം. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കൾക്കു ഭക്ഷണവുമായെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
വാതിലിനോടു ചേർന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളിൽ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്. നിലവിളിച്ചു കൊണ്ടു പുറത്തേക്കോടിയ നൗഷാദ് വീടിന്റെ ഗേറ്റിൽ കുഴഞ്ഞുവീണു. പിന്നീട് ഫോണിൽ സുഹൃത്തിനെ വിളിച്ചുവരുത്തിയതോടെയാണു ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങൾ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയാണു കൊലപാതകം നടത്താൻ ഉപയോഗിച്ചത്. മൃതദേഹത്തിനരികിൽ നിന്നു കത്തി കണ്ടെടുത്തു. ബലപ്രയോഗം നടന്ന ലക്ഷണമില്ലാത്തതിനാൽ ദമ്പതികൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.ദമ്പതികളുടെ മൂത്തമകൾ നിമിതയുടെ ആദ്യ വിവാഹത്തിലെ ഏക മകനാണ് അക്മൽ. നിമിത മറ്റൊരു വിവാഹം കഴിച്ചു കൊല്ലത്താണു താമസം. വർഷങ്ങളായി അബ്ദുല്ലയ്ക്കും ജമീലയ്ക്കും ഒപ്പമാണ് അക്മലിന്റെ താമസം. 2 തവണയായി ഒന്നര വർഷത്തോളം അക്മൽ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. കബറടക്കം ഇന്നു വൈലത്തൂർ ജുമ മസ്ജിദിൽ. നിഷിതയാണു ദമ്പതികളുടെ മറ്റൊരു മകൾ. മരുമക്കൾ: താഹ, മിഷാൽ, സജാദ്. പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, എസിപി കെ.ജി. സുരേഷ് എന്നിവർ സ്ഥലത്തെത്തി.

കൊന്നത് വളർത്തിയവരെ വടക്കേക്കാട് ∙ അക്മലിനു വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചത്. അവനെ വളർത്തി വലുതാക്കിയതും ഇവർ തന്നെ. എന്നിട്ടും ഇരുവരുടെയും ജീവിതത്തിന്റെ അന്ത്യം അക്മലിന്റെ കൈ കൊണ്ടു തന്നെയായതു ഒരു നാടിനാകെ ഞെട്ടലായി. ചെറുപ്രായത്തിൽ തന്നെ അക്മലിന്റെ ഉമ്മയും ഉപ്പയും വേർപിരിഞ്ഞിരുന്നു. അനാഥത്വം അറിയിക്കാതെ ചെറുമകനെ വളർത്താനുള്ള ചുമതല അബ്ദുല്ലയും ജമീലയും സ്വയം ഏറ്റെടുത്തു. ബിബിഎയ്ക്കു പഠിക്കണമെന്നു പറഞ്ഞപ്പോൾ ചെറുമകന്റെ ഇഷ്ടാനുസരണം ഉപരിപഠനത്തിന് അനുവദിച്ചു. ഇഷ്ടമുള്ള കോളജിൽ ചേർത്തു. പക്ഷേ, ലഹരിക്ക് അടിമയായ ശേഷം അക്മലിന്റെ രീതികളാകെ മാറി
അക്മൽ അക്രമകാരിയായി മാറാൻ തുടങ്ങിയപ്പോൾ അബ്ദുല്ലയോടും ജമീലയോടും വീടു മാറിത്താമസിക്കാൻ ബന്ധുക്കൾ പലവട്ടം പറഞ്ഞിരുന്നു. എന്നാൽ, ‘അവൻ ഞങ്ങളെ ഒന്നും ചെയ്യില്ല’ എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വലിയ തുക ചെലവഴിച്ചാണു 2 തവണ അക്മലിന്റെ ചികിത്സ ഇവർ നടത്തിയത്. കൊല്ലത്താണു താമസമെങ്കിലും അക്മലിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഉമ്മ നിമിതയും സഹായിച്ചിരുന്നു. ഇടയ്ക്കിടെ കൊല്ലത്തെ നിമിതയുടെ വീട്ടിലേക്ക് അക്മൽ പോവുകയും ചെയ്തിരുന്നു. വിവാഹ മോചിതനെങ്കിലും അക്മലിന്റെ പിതാവും സ്നേഹാന്വേഷണം മുടക്കിയിരുന്നില്ല. നിമിതയുടെ സഹോദരൻ നൗഷാദ് 3 വട്ടം അക്മലിനെ സന്ദർശക വീസയിൽ ഗൾഫിലേക്കു കൊണ്ടുപോയെങ്കിലും അക്മൽ ജോലിക്കു ശ്രമിക്കാതെ ഓരോവട്ടവും മടങ്ങി



