എടവണ്ണ സംസ്ഥാന പാതയിലെ സീബ്രാലൈനുകളും, മാർക്കിംഗുകളും മാഞ്ഞ് പോയി;കാൽനട യാത്രക്കാർ ദുരിതത്തിൽ.

മുക്കം: കിലോമീറ്ററിന് 4 കോടിയിലധികം രൂപ മുടക്കി നവീകരണം പൂർത്തിയാക്കിയ – എടവണ്ണ സംസ്ഥാനപാതയിൽ റോഡ് മാർക്കിംഗുകളും സീബ്രാലൈനുകളും മിക്ക സ്ഥലങ്ങളിലും മാഞ്ഞു പോയി. മുക്കം ടൗൺ, നോർത്ത് കാരശ്ശേരി ഉൾപ്പെടെ വലിയ തിരക്കുള്ള അങ്ങാടികളിൽ പോലും സീബ്രാലൈനും റോഡിന് സൈഡിലെ വരകളും പൂർണ്ണമായും മാഞ്ഞു പോയിട്ടുണ്ട്. ഇതോടെ വിദ്യാർത്ഥികൾ, പ്രായം ചെന്നവർ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ വലിയ ദുരിതത്തിലാണ്.റോഡിന് മധ്യഭാഗത്ത് സ്ഥാപിച്ച റിഫ്ലക്ടറുകളും പല സ്ഥലങ്ങളിലും ഇല്ലാത്ത അവസ്ഥയാണ്. ശക്തമായ മഴ പെയ്യുന്ന ദിവസങ്ങളിൽ രാത്രി വാഹനമോടിക്കുന്നവർക്ക് വലിയ ദുരിതമാണ് ഇത് സമ്മാനിക്കുന്നത്.അശാസ്ത്രീയമായ നിർമ്മാണം മൂലം റോഡ് താഴ്ന്ന സ്ഥലങ്ങളിൽ സി.കെ കാസിം എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപണികൾ നടത്തിയെങ്കിലും ഇവിടങ്ങളിൽ ഉണ്ടായിരുന്ന റിമ്പിൾ സ്ട്രിപ്പുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല.ഓടത്തെരുവ് പോലുള്ള സ്ഥിരം അപകടമേഖലകളിൽ റിമ്പിൾ സ്ട്രിപ്പുകൾ ഇല്ലാത്തത് വലിയ അപകട സാധ്യത ഉയർത്തുന്നുണ്ട്. റോഡ് നിർമ്മാണം തുടങ്ങിയ അന്ന് മുതൽ കരാർ കമ്പനിക്കെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ട്. അതൊന്നും പൂർണ്ണമായി പരിഹരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് പുതിയ സംഭവ വികാസങ്ങളും സൂചിപ്പിക്കുന്നത്.



