മുക്കം നഗരസഭ വയോജന ക്ഷേമസമിതി ജനറൽബോഡി യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുക്കം: മുക്കം നഗരസഭ വയോജന ക്ഷേമസമിതിയുടെ ജനറൽബോഡി യോഗം മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി. എ. പ്രദീപ് കുമാർ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭയിലെ നാല് മുതിർന്ന പൗരന്മാരായ വി.എം. കൃഷ്ണൻകുട്ടി മാസ്റ്റർ, ചെമ്പ്രാട്ട് കുഞ്ഞൻ, ആർ.ടി. ബാബു, ജാനകി പാറക്കോട്ട് തൊടിക എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ക്ഷേമസമിതി സെക്രട്ടറി കരണങ്ങാട്ട് ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വയോജനങ്ങളുടെ ക്ഷേമത്തിനായി മുക്കം നഗരസഭ ഭാവിയിൽ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട വിവിധങ്ങളായ പദ്ധതികളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. വയോജനങ്ങളുടെ സാമൂഹികവും ആരോഗ്യപരവുമായ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ നഗരസഭ സജീവമായി ഇടപെടണമെന്ന് യോഗം അഭിപ്രായപ്പെട്ടു.വയോജന ക്ഷേമസമിതിയുടെ പുതിയ ഭാരവാഹികളായി ഇ. സത്യനാരായണൻ മാസ്റ്റർ (പ്രസിഡന്റ്), എ.എം അബ്ദുള്ള മാസ്റ്റർ (വൈസ് പ്രസിഡന്റ്) കരണങ്ങാട്ട് ഭാസ്കരൻ (സെക്രട്ടറി), ബാലൻ. കെ (ജോയിന്റ് സെക്രട്ടറി), പി. രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



