News

എന്റെ തൊഴിൽ എന്റെ അഭിമാനം’; ജില്ലയിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടി മാനാഞ്ചിറ നളന്ദ ഹോട്ടലിൽ കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു.

20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കില എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കമായാണ് പരശീലനം നടത്തിയത്. കമ്മ്യൂണിറ്റി അംബാസിഡർമാർക്കും മാസ്റ്റർ റിസോഴ്‌സ് പേഴ്‌സൺമാർക്കുമായാണ് പരിശീലനം സംഘടിപ്പിച്ചത്.

ആദ്യഘട്ടമായി മെയ് എട്ട് മുതൽ 15 വരെ നടത്തിയ സർവ്വേയിലൂടെ തൊഴിൽ രഹിതരായ 53 ലക്ഷം തൊഴിൽ അന്വേഷകരെ കണ്ടെത്തുകയും ഇവരുടെ പ്രാഥമിക വിവരങ്ങൾ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർപ്രവർത്തനമായി തൊഴിൽ അന്വേഷകരിൽ 21 മുതൽ 40 വയസ്സിനിടയിൽ പ്രായമുള്ള ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ, ഐ.ടി.ഐ തൊഴിലന്വേഷകരെയാണ് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യിപ്പിക്കുന്നത്. തങ്ങളുടെ വിദ്യഭ്യാസ യോഗ്യതയ്ക്കും, അഭിരുചിയ്ക്കും ഇണങ്ങുന്ന തൊഴിൽ ധാതാക്കളെ കണ്ടെത്തുന്നതിനോടൊപ്പം ജോലി ലഭിക്കുന്നതിനാവശ്യമായ പരിശീലനവും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ജൂലൈ 18 മുതൽ 31 വരെ തൊഴിൽ അന്വേഷകർക്കായി പഞ്ചായത്ത്/ മുൻസിപ്പൽ പരിധിയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ  പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി.എം. ഗിരീഷൻ അധ്യക്ഷത വഹിച്ചു. കെ.കെ.ഇ.എം സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സി. മധുസൂദനൻ ക്യാമ്പയിനിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും തുടർപ്രവർത്തനങ്ങളും  വിശദീകരിച്ചു. കെ.കെ.ഇ.എം പ്രോഗ്രാം മാനേജർമാരായ ഡയാന തങ്കച്ചൻ, സുമ ദേവി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ കെ.വി. പ്രഷിത സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് ലെവൽ ആർ.പി രൂപിത നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com