
ജൂലൈ (2024) പകുതിയോടെ എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റി..
കടയുടെ വാടക ദിവസം 200 രൂപ, കറണ്ട് ബില്ല് (7000 മുതൽ പതിനാലായിരം വരെ വരാറുണ്ട്) ശരാശരി ഒരു ദിവസം ( ഒരു വർഷത്തെ കണക്കു കൂട്ടിയാൽ) 170 രൂപ, വീടിന്റെ വാടകയും കറണ്ട് ബില്ലും വെള്ളത്തിന്റെ ബില്ലും ചേർത്താൽ ഒരു ദിവസം 200 രൂപ, വണ്ടിയുടെ അടവ് (സ്കൂട്ടർ) ദിവസം 115രൂപ, നിത്യ രോഗികളായ എന്റെ മാതാപിതാക്കളുടെയും മരിച്ചുപോയ എന്റെ അനിയന്റെ കുടുംബത്തിന്റെയും അഭിവൃദ്ധിക്കായി ദിവസം 150 രൂപ, ഭക്ഷണം വസ്ത്രം ഹോസ്പിറ്റൽ കല്യാണം മറ്റ് ചടങ്ങുകൾ എല്ലാം ചേർത്ത് ഒരു ദിവസം ശരാശരി 400 രൂപ, എന്റെ ദൈനംദിന ചിലവുകൾക്ക് 200, 250 രൂപ. ഭാര്യയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് 100 രൂപ. മക്കൾ രണ്ടുപേരുടെയും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു ദിവസം ആയിരം രൂപയെങ്കിലും വേണം. 2500 രൂപയെങ്കിലും ഒരു ദിവസം ലാഭം ലഭിച്ചാലേ നമുക്ക് സുഖമമായി മുന്നോട്ടു പോകാൻ കഴിയൂ. ഈ 2500 നു പകരം 2400 ആണ് ലഭിക്കുന്നതെങ്കിൽ ഒരു ദിവസം 100 രൂപ തോതിൽ ഒരു മാസം കൊണ്ട് 3000 രൂപ എവിടെയെങ്കിലും ബാധ്യതയായി കിടക്കും. ഇങ്ങനെയൊക്കെ ഞാനും ഭാര്യയും മക്കളും അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓരോ കണക്കും വ്യക്തമായി കാണിച്ച് ഞാൻ മെസ്സേജ് അയച്ചിരുന്നു..
സെയിൽസും പർച്ചേസും അക്കൗണ്ട്സും ഡ്രൈവിങ്ങും ലോഡിങ്ങും അൺലോഡിങ്ങും എല്ലാം ഒരേ സമയത്ത് ചെയ്തിരുന്ന എനിക്ക് ഡയറക്ട് എക്സ്പെൻസും ഇൻഡയറക്ട് എക്സ്പെൻസും മിസ്‌ലീനിയസ് എക്സ്പെൻസും തരം തിരിച്ച് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല..
അഞ്ച് വർഷം മുമ്പ് ഞാൻ കട തുടങ്ങുമ്പോൾ എന്റെ മൂത്ത മകൻ പ്ലസ് ടു കഴിഞ്ഞ് കോളേജിൽ പോകുന്നു. രണ്ടാമത്തെവൻ പ്ലസ്ടുവിന് പഠിക്കുന്നു..
ഞാനെന്റെ മക്കളെ പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോൾ തുടങ്ങിയ പ്രവാസമാണ്. രണ്ടുവർഷമോ മൂന്ന് വർഷമോ കൂടുമ്പോൾ ഒരു മാസത്തിനോ രണ്ടു മാസത്തിനോ ലീവിൽ വരും. സർവ്വതും നഷ്ടപ്പെട്ടുള്ള എന്റെ അവസാനത്തെ വരവ് നാലര വർഷങ്ങൾക്ക് ശേഷമുള്ളതായിരുന്നു..
മക്കൾ ഹൈസ്കൂളിലേക്ക് എത്തുമ്പോഴേക്കെങ്കിലും പ്രവാസമൊക്കെ നിർത്തി അവരുടെ കൂടെ ജീവിക്കണം എന്നായിരുന്നു മറ്റു പല പ്രവാസികളെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നത്..
ശൈശവത്തിൽ മക്കളെ മതിയാവോളം വാരിപ്പുണരാനോ അവരോടൊത്ത് കൊഞ്ചിക്കുഴയാനോ, ബാല്യത്തിൽ അവരോട് കൂട്ടുകൂടി കൈപിടിച്ച് കൂടെ നടത്താനോ, കൗമാരത്തിൽ അവരുടെ കൂടെ നിന്ന് അവർക്ക് ഒരു കൂട്ടുകാരനായി അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനോ കഴിയാത്ത ഹതഭാഗ്യനായ ഒരു പിതാവാണ് ഞാൻ..
വർഷങ്ങളുടെ പ്രവാസത്തിനൊടുവിൽ സർവ്വതും നഷ്ടപ്പെട്ട് ഒരു കുടിൽ പോലും ഉണ്ടാക്കാൻ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതനായ ഒരച്ഛനെ കൗമാരക്കാരായ ഏതെങ്കിലും ആൺകുട്ടികൾ ഇഷ്ടപ്പെടുമോ?.
നഷ്ടപ്പെട്ടു എന്ന് ഞാൻ പറയുന്നുണ്ടെങ്കിലും “ഞാൻ നഷ്ടപ്പെടുത്തിയതാണ്” എന്ന് ചിന്തിക്കുന്ന പലരുമുണ്ട് എന്റെ ചുറ്റിലും. ആ കൂട്ടത്തിൽ പെട്ടവരായിരിക്കുമോ എന്റെ മക്കൾ?..
വാമൊഴിയായി കൈമാറിക്കൈമാറി കളവ് മറയ്ക്കാൻ ഞാൻ “കമ്പ്യൂട്ടർ എറിഞ്ഞു പൊട്ടിച്ചു” എന്നുവരെ എത്തിനിൽക്കുന്ന നാട്ടുകാരുടെ (വളരെ ചിലരുടെ) സംസാരം കേട്ട് ഒരു മോശപ്പെട്ടവൻ ആണോ തങ്ങളുടെ പിതാവ് എന്ന് എന്റെ മക്കൾ ചിന്തിക്കുന്നുണ്ടാവില്ലേ?..
എന്റെ വീട്ടുകാർക്കെല്ലാം എന്നെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇത്രയും കാലമായിട്ടും എനിക്കൊരു വീട് വെക്കാനോ മറ്റെന്തെങ്കിലും സമ്പാദിക്കാനോ കഴിയാത്തതിൽ അവർക്ക് വലിയ വിഷമവും സങ്കടവും ഉണ്ട് താനും. എനിക്ക് അതിനൊന്നും കഴിയാത്തത് എന്റെ ചീട്ടുകളിയും മറ്റു ദുശീലങ്ങളും ആണ് എന്ന് അവർ കൂടുന്നിടത്തെല്ലാം, (എന്നെ പറ്റിയാണ് സംസാരിക്കുന്നത് എങ്കിൽ) പറയുന്നത് കേട്ട് വളർന്ന എന്റെ മക്കൾ അവർ കേട്ടതിന്റെയെല്ലാം മൂർദ്ധന്യാവസ്ഥയിൽ എത്തി പൊട്ടിപ്പൊളിഞ്ഞ് വട്ടപ്പൂജ്യമായി നിൽക്കുന്ന എന്നെ എങ്ങനെ സ്നേഹിക്കും?..
ആത്മവിശ്വാസത്തോടെ എന്റെ മക്കളെ സമീപിക്കാനുള്ള ധൈര്യം പോലും എനിക്ക് നഷ്ടപ്പെട്ടിരുന്നു..
ഒരു ഇന്ത്യൻ രൂപ കയ്യിലോ സമ്പാദ്യമോ ഇല്ലാതെയാണ് ഞാൻ നാട്ടിലെത്തിയത്. അഞ്ചുവർഷത്തേക്ക് ഖത്തറിൽ കാലുകുത്താൻ പാടില്ല എന്ന നിബന്ധനയോടെയാണ് എന്നെ അവർ കയറ്റി അയച്ചത്. എവിടുത്തെയും പോലെ കൈക്കൂലി കൊടുത്താൽ നടക്കാത്തതായി ഒന്നുമില്ല. വന്ന ഉടനെ തന്നെ തിരിച്ചു പോകുന്നതിന് വേണ്ടതെല്ലാം ചെയ്തിരുന്നു..
നാലര വർഷത്തിനു ശേഷമുള്ള വരവല്ലേ, കുറച്ച് കഷ്ടപ്പെട്ടിട്ട് ആയാലും മൂന്നാലു മാസം കുടുംബത്തോടൊപ്പം ചെലവഴിച്ചിട്ട് പോയാൽ മതി എന്നായിരുന്നു എന്റെ തീരുമാനം..
പോലീസ് പിടിച്ചു കയറ്റി വിടുന്നതല്ലേ, കയ്യിൽ കാശൊന്നും ഉണ്ടാവില്ല എന്ന് മനസ്സിലാക്കി എന്റെ ഭാര്യവീട്ടുകാരും അനിയന്മാരും ഭാര്യയുടെ അടുത്ത് കൊടുത്തിരുന്ന 40,000 രൂപ ഒന്ന് രണ്ട് ആഴ്ച കൊണ്ട് തന്നെ ചിലവായി..
ഖത്തറിലെ എന്റെ ബാധ്യത തീർക്കാനായി സഹോദരങ്ങളും ഭാര്യ വീട്ടുകാരും തന്ന നാലഞ്ച് ലക്ഷം രൂപയോളം ഞാൻ അവർക്ക് കൊടുക്കാനുണ്ട്..
അന്നന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്ന എന്റെ സഹോദരങ്ങളേയോ, ചെറിയ ചെറിയ പരിപാടികൾക്ക് വീടുകളിൽ ഭക്ഷണം വെക്കാൻ പോകുകയും അല്ലറ ചില്ലറ മറ്റു ജോലികളും ചെയ്യുന്ന വിധവയായ എന്റെ ഭാര്യയുടെ ഉമ്മയേയോ, അവർക്ക് സഹായിക്കാൻ കഴിയുന്നതിന്റെ പരമാവധി സഹായിച്ചിരുന്നതിനാൽ വീണ്ടും ബുദ്ധിമുട്ടിക്കാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു..
ഒന്ന് രണ്ട് മാസം കൊണ്ട് തിരിച്ചു പോകാമല്ലോ?, 5000 വും 10000വും അമ്പതിനായിരവും പലതവണ എന്നോട് കടം വാങ്ങിയിട്ടുള്ള ചെറുകിട കച്ചവടക്കാരും എന്നെ ഇഷ്ടപ്പെടുന്ന മറ്റ് പലരുമുണ്ട്. അവരോടൊക്കെ തിരുമറി ചെയ്ത് കാര്യങ്ങൾ നടത്താം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൊറോണ സർവ്വവ്യാപിയായി പടർന്ന് പിടിച്ചത്..
കൗമാരം വിട്ടുമാറുന്നതിനു മുമ്പ് സൗദിയിൽ എത്തുന്നു, കുറച്ച് ബുദ്ധിമുട്ടിയിട്ട് ആണെങ്കിലും മനസ്സിന് ഇണങ്ങിയ ഒരു ജോലിയിൽ എത്തിപ്പെടുന്നു. ജീവിതം സുരക്ഷിതമായി എന്ന് തോന്നിത്തുടങ്ങുന്നു. അപ്രതീക്ഷിതമായി പൊതു മാപ്പ് പ്രഖ്യാപിക്കുന്നു (സൗദി അറബ്യയിലെ ആദ്യത്തെ പൊതു മാപ്പ്). ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പോലും എടുക്കാനാവാതെ വെറും കയ്യോടെ നാട്ടിൽ തിരിച്ചെത്തുന്നു..
അപ്രതീക്ഷിതമായി ഒരു കച്ചവടക്കാരൻ ആകുന്നു. കച്ചവടം ഉന്നതിയിലേക്ക് പോയിക്കൊണ്ടിരുന്നു. ജീവിതം സുരക്ഷിതമായി എന്ന് വീണ്ടും തോന്നിത്തുടങ്ങുന്നു. കടയിലെ കച്ചവടം കണ്ട് കണ്ണ് മഞ്ഞളിച്ച കടയുടമ അയാൾക്ക് കച്ചവടം ചെയ്യണമെന്ന് പറഞ്ഞ് എന്നോട് കട ഒഴിയാൻ പറയുന്നു…
സിംഗപ്പൂരിൽ എത്തുന്നു. പിന്നീടാകാം പിന്നീടാകാം എന്ന് കരുതി വ്യക്തിപരമായി ഒന്നും സമ്പാദിക്കാതെ കിട്ടിയതെല്ലാം കുടുംബത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ചെലവഴിച്ച് മുന്നോട്ടു പോകവേ ആഗോള മാന്ദ്യം വരുന്നു. കൂടെ ഒരു നശിച്ച ശ്വാസംമുട്ടലും. ആറു വർഷത്തെ പ്രവാസത്തിനൊടുവിൽ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്ന് പറഞ്ഞതുപോലെ ഒരു സമ്പാദ്യവും ഇല്ലാതെ വീണ്ടും ഞാൻ നാട്ടിൽ തിരിച്ചെത്തുന്നു..
ഖത്തറിൽ എത്തുന്നു. ഞങ്ങൾ മൂന്നു സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രേഡിങ് അംന്റ് കോൺട്രാക്ടിംഗ് കമ്പനി തുടങ്ങുന്നു. മൂന്നാലു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി കമ്പനി ഉന്നതിയിലേക്ക് കുതിക്കുന്നു. ജിസിസി രാജ്യങ്ങളെല്ലാം ഖത്തറിനെ ഉപരോധിക്കുന്നു. കമ്പനി ചീട്ടുകൊട്ടാരം പോലെ കൂപ്പുകുത്തുന്നു..
ഖത്തറിൽ അവസാന നാളുകളിൽ എന്റെ ചില തെറ്റായ തീരുമാനങ്ങൾ കാരണം ഞാൻ വ്യക്തിപരമായി പല ലക്ഷങ്ങൾ കടക്കാരനാകുന്നു..
കടം വീട്ടാനായി ആകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലവും അതിൽ വീട് വെക്കാൻ വേണ്ടി നിർമ്മിച്ച തറയും ചേർത്ത് വിൽക്കേണ്ടിവരുന്നു..
അതിജീവനത്തിന്റെ വഴിയിൽ ചീട്ടു കളിച്ചുകൊണ്ടിരിക്കെ പോലീസ് പിടിക്കുന്നു. 5 വർഷത്തേക്ക് ബാൻ ചെയ്തു നാട്ടിലേക്ക് കയറ്റി വിടുന്നു..
9 വർഷത്തെ പ്രവാസത്തിനുശേഷം ഇട്ടിരുന്ന ഡ്രസ്സല്ലാതെ മറ്റൊന്നും കയ്യിലില്ലാതെ വീണ്ടും ഞാൻ നാട്ടിൽ തിരിച്ചെത്തുന്നു..
ഓർമ്മ വെച്ച നാൾ മുതൽ ഒരാളുടെയും തിന്മ ആഗ്രഹിക്കുകയോ അതിന് വേണ്ടി പ്രവർത്തിക്കുകയോ ഞാൻ ചെയ്തിട്ടില്ല..
എന്നിട്ടും എന്റെ ഒരു വിധി…?..
എന്റെ വിഷമങ്ങളും സങ്കടങ്ങളും മറ്റാരോടും പറയാതെ എന്റെ ഉള്ളിൽ തന്നെ ഒതുക്കുകയാണ് ഞാൻ ചെയ്തിരുന്നത്. അതിന് പല കാരണങ്ങളുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ കാരണവും പരിഹാരവും എന്താണ് എന്ന് എനിക്ക് പൂർണ്ണ നിശ്ചയമുള്ളതുകൊണ്ട് മറ്റാരോടെങ്കിലും ഞാനെന്റെ വിഷമങ്ങൾ പങ്കുവെച്ചാൽ അവരുടെ മറുപടി എന്തുതന്നെ ആയാലും അതെന്നെ ആശ്വസിപ്പിക്കില്ല എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്..
ചീട്ടുകളി എന്റെ പ്രിയപ്പെട്ട വിനോദമായിരുന്നുതിനാൽ ഞാൻ ഇപ്പോഴും വട്ടപ്പൂജ്യം ആയി നിൽക്കുന്നതിന് ഒരു കാരണം ചീട്ട് കളിയാണ് ( ചൂതാട്ടം) എന്ന് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചിന്തിക്കുന്നു എന്ന് എനിക്ക് നന്നായി അറിയാം..
ആരോടാണ് ഞാനെന്റെ വിഷമങ്ങൾ പറയുക?..
മൂത്ത മകന്റെ പ്ലസ് വൺ അഡ്മിഷൻ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഭാര്യയോട് വിശേഷങ്ങൾ ചോദിക്കുന്നതിന്റെ ഇടയ്ക്ക് ഞാൻ ചോദിച്ചു,
“നിങ്ങൾ എങ്ങനെയാണ് പോയത്?”..
“മണാശേരി ബസ് ഇറങ്ങി,അവിടെ നിന്ന് നടന്ന് പോയി”..
ഞാൻ നാലുമാസത്തോളം മണാശ്ശേരി എം എ എം ഓ കോളേജിൽ പ്രീഡിക്ക് പഠിച്ചിരുന്നു. ആ കോളേജിനോട് ചേർന്നാണ് മകനെ ചേർക്കേണ്ട ഹയർ സെക്കൻഡറി സ്കൂൾ..
മണാശേരിയിൽ നിന്ന് ഒന്നര ഒന്നേമുക്കാൽ കിലോമീറ്റർ ദൂരമുണ്ട്..
“നടന്നോ?, ഇരുപതോ മുപ്പതോ കൊടുത്താൽ ഓട്ടോറിക്ഷയിൽ പോകാമായിരുന്നില്ലേ?”..
“നടന്നാൽ എന്താ, 30 രൂപ ലാഭമായില്ലേ” എന്ന് അവൾ പറഞ്ഞത് രാജ്യം വെട്ടിപ്പിടിച്ച ഒരു രാജാവിന്റെ സന്തോഷത്തോടെയാണ്..
അവളുടെ ഒരു നോട്ടത്തിന്റെ, ഒരു മൂളലിന്റെ, അർത്ഥം പോലും എനിക്ക് എളുപ്പത്തിൽ വായിച്ചെടുക്കാൻ പറ്റും..
ഒരു സ്ഥലത്ത് ആദ്യമായി എത്തി, 30 രൂപ ലാഭിക്കാനായി രണ്ട് കിലോമീറ്ററോളം ദൂരം 17 വയസ്സുകാരൻ മകനെയും കൊണ്ട് നടന്നുപോയ എന്റെ ഭാര്യയോട് 14 ലക്ഷം രൂപ കൂടി എനിക്ക് കടമുണ്ട് എന്ന് എങ്ങനെ പറയും?..
കൗമാരത്തിന്റെ ആരംഭത്തിൽ ഒരു ലക്ഷ്യബോധവും ഇല്ലാതെ പാറിപ്പറന്നു നടക്കുന്ന പതിനാറും പതിനെട്ടും വയസ്സുള്ള എന്റെ മക്കളോട് പറഞ്ഞാൽ എനിക്ക് ഉള്ള സമാധാനം പോലും നഷ്ടപ്പെടുകയല്ലേ ചെയ്യുക?..
ഓരോ പ്രശ്നങ്ങൾ വന്നപ്പോഴും ഞാൻ ആദ്യം ശ്രമിച്ചിരുന്നത് അതിനെ അതിജീവിക്കാനുള്ള വഴിയായിരുന്നു..
ഗൾഫിലേക്ക് തിരിച്ചു പോകുന്നതിനെ പറ്റി പറയുമ്പോൾ ഭാര്യ എതിർക്കും..
ഇത്രയും കാലം കൊണ്ട് എനിക്ക് സാധിക്കാത്തത് ഇനിയും സാധിക്കില്ല എന്ന് അവൾ ഉറച്ച് വിശ്വസിച്ചിരുന്നു..
“ഇങ്ങൾ ഇനി പോണ്ട. ഞാൻ സമ്മതിക്കൂല. പാസ്പോർട്ട് എടുത്ത് വലിച്ചെറിയും, കത്തിക്കും” എന്നൊക്കെ അവൾ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു..
അവളുടെ വിരഹദുഃഖം , അവളെ ഒരു മാനസിക രോഗിയാക്കുമോ എന്നുവരെ എനിക്ക് പലപ്പോഴും തോന്നിയിരുന്നു..
അവളുടെ വിഷമങ്ങൾ അവളെക്കാളേറെ എന്നെ വിഷമിപ്പിച്ചു..
അവളെയും മക്കളെയും വീണ്ടും വിട്ടു പിരിയാൻ എനിക്കും സങ്കടമുള്ള കാര്യം തന്നെയായിരുന്നു..
തിരിച്ചുപോവാതെ മറ്റു വഴികൾ ഒന്നും ഇല്ലല്ലോ?..
എന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി എന്നപോലെ കൊറോണ ലോകം മുഴുവൻ ബാധിച്ച് രാജ്യങ്ങളെല്ലാം പരസ്പരം യാത്രാ വിലക്കേർപ്പെടുത്തി..
പല രാജ്യങ്ങളെയും പോലെ ഖത്തറും പുതിയ വിസ അടിക്കുന്നത് നിർത്തി..
തിരിച്ചുപോക്ക് അസാധ്യമായി..
എങ്ങനെയെങ്കിലും ഒന്ന് മരിച്ചാൽ മതി എന്ന് ഞാൻ ചിന്തിച്ചു പോയി..
ജീവിക്കണമെന്ന മോഹമൊക്കെ എന്നോ നഷ്ടപ്പെട്ടിരുന്നു ..
എന്റെ പോക്ക് തടസ്സപ്പെട്ടത് കൊണ്ട് കൊറോണ വന്നത് നന്നായി എന്ന് ( മറ്റൊന്നും ആലോചിക്കാതെ) പറഞ്ഞ ലോകത്തിലെ ഏക വീട്ടമ്മയായിരിക്കും ഒരുപക്ഷേ എന്റെ ഭാര്യ..
നമ്മുടെ നാട്ടിലും കൊറോണയും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും കടുത്തു..
രണ്ടുമൂന്നു പേരോട് 2000വും 5000 വും പതിനായിരവും കടം വാങ്ങി രണ്ടുമൂന്ന് ആഴ്ച തള്ളി നീക്കി..
കയ്യിൽ ഒരു പൈസയും ഇല്ല..
കടകൾ തുറക്കാൻ കഴിയാത്തതും ജോലിയും കൂലിയും ഇല്ലാതായതും എന്നെ ഇഷ്ടപ്പെട്ടിരുന്നവരെ കൂടി സാമ്പത്തിക സമ്മർദ്ദത്തിലാക്കി..
വീട്ടിലേക്ക് ഭക്ഷണസാധനങ്ങൾ വാങ്ങണം. വീടിന്റെ വാടക കൊടുക്കണം. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റണം. അങ്ങനെ മറ്റു പലതും ചെയ്യാനുണ്ട്..
എല്ലാ ഉത്തരവാദിത്വവും എന്നിൽ മാത്രം അർപ്പിതമായിരുന്നു..
തള്ളക്കോഴിയുടെ ചിറകിനടിയിൽ സുരക്ഷിതമായി പതുങ്ങിയിരിക്കുന്ന കോഴിക്കുഞ്ഞിന് ആ സുരക്ഷാ വലയം വിട്ട് പോകാൻ താല്പര്യമില്ലാത്തത് പോലെ എല്ലാ ഉത്തരവാദിത്വങ്ങളും (സാമ്പത്തികം) എന്നെ ഏൽപ്പിച്ച് എന്നോട് ഒട്ടിച്ചേർന്നു നിൽക്കാനായിരുന്നു ഭാര്യക്ക് എന്നും ഇഷ്ടം..
അല്ലെങ്കിലും ഞാൻ എന്റെ പ്രശ്നങ്ങളൊന്നും അവളോടും പറഞ്ഞിരുന്നില്ലല്ലോ?..
കൊറോണയുടെ നിയന്ത്രണങ്ങൾ കുറവുള്ള ഒരു ദിവസം അവളുടെ വീട്ടിലേക്ക് വരാൻ അവൾ എന്നെ നിർബന്ധിച്ചപ്പോൾ “ഞാൻ വരാം. എനിക്ക് ഒരു ആയിരം രൂപ നിന്റെ ഉമ്മയുടെ അടുത്ത് നിന്നോ മറ്റാരുടെയെങ്കിലും അടുത്തുനിന്നോ നീ വാങ്ങിത്തരണം”..
വിരുന്നു പോക്കും തിരിച്ചുവരവും ഒക്കെ കഴിഞ്ഞ് ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം അവൾ അവളുടെ സങ്കടങ്ങൾ പറയുന്നതിനിടയ്ക്ക് ആ ആയിരം രൂപ അവൾ അവളുടെ ഉമ്മയോട് ചോദിച്ചതിനെ പറ്റിയും അത് കേട്ടിട്ട് ഉമ്മ കരഞ്ഞതും അതുകണ്ട് സങ്കടം സഹിക്കാനാവാതെ അവൾ കരഞ്ഞതും അവളെന്നോട് പറഞ്ഞു..
ഒരു വിരുന്നിനു പോകുമ്പോൾ, അത് എങ്ങോട്ടായാലും, 400ഓ 500ഓ രൂപയ്ക്ക് പഴങ്ങളും പലഹാരങ്ങളും വാങ്ങിക്കൊണ്ടു പോയിരുന്ന ഞാൻ വെറും ഒരു ആയിരം രൂപയ്ക്ക് വേണ്ടി അപേക്ഷിക്കുന്നത് ഏതെങ്കിലും ഒരു ഭാര്യക്കോ ഉമ്മക്കോ സഹിക്കാൻ പറ്റുമോ?..
പലർക്കും കൊടുക്കാനുണ്ടെങ്കിലും ഒരിക്കലും ഞാൻ ദാരിദ്ര്യത്തിന്റെ പൂർണ്ണരൂപം അനുഭവിച്ചിരുന്നില്ല..
ഇപ്പോൾ ഇതാ അതും എന്റെ ജീവിതത്തിൽ സംജാതമായിരിക്കുന്നു..
തുടരും..
Sidhique Patta..



