
തിരുവമ്പാടി : കൈതപ്പെയിൽ-അഗസ്ത്യൻമുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി അങ്ങാടിയിൽ പണിയുന്ന നടപ്പാതയ്ക്ക് വീതി നന്നേകുറവ്. ജനത്തിരക്കേറിയ അങ്ങാടിയിൽ ഒരാൾക്കുമാത്രം നടന്നുപോകാൻ പാകത്തിലുളള പാതയാണ് നിർമിക്കുന്നത്. എതിരേവരുന്നവരുമായി കൂട്ടിമുട്ടാൻപാകത്തിലുളള കുടുസ്സുപാത. കേവലം 75 സെന്റീമീറ്റർമാത്രം വീതിയുള്ള നടപ്പാതയ്ക്ക് ഹാൻഡ് റെയിൽകൂടി ഘടിപ്പിക്കാനുള്ള നീക്കത്തിൽ വ്യാപാരികൾ രംഗത്തെത്തിയിരിക്കുകയാണ്.
ഡി.പി.ആർ, ഐ.ആർ.സി. മാനദണ്ഡങ്ങൾ പാലിക്കാതെ ഡക്ട് വേണ്ട സ്ഥലത്ത് ഡ്രെയിനേജ് നിർമിച്ചിരിക്കുകയാണെന്നും ഇതിനുനേരെ പ്രക്ഷോഭം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ഈ റോഡ് കടന്നുപോകുന്ന എല്ലാ അങ്ങാടികളിലും ഡക്ടും ഡ്രെയിനേജുകളുമടക്കം ഒന്നരമീറ്റർ വീതിയിൽ ഫുഡ്പാത്തും ഹാൻഡ് റെയിലും സ്ടീറ്റ് ലൈറ്റും ഡി.പി.ആറിൽ വ്യക്തമാക്കിയതാണ്. എന്നാൽ, ഡക്ട് വേണ്ട സ്ഥലത്തെല്ലാം ഡ്രെയിനേജ് നിർമിക്കുകയാണ്. ഇത് അപകടങ്ങൾക്കിടയാക്കുമെന്നും നേതാക്കൾ പറഞ്ഞു.

റോഡിന്റെ വികസനത്തിന് പൊന്നുംവിലയുള്ള ഭൂമി സൗജന്യമായാണ് പലരും വിട്ടുനൽകിയത്. നാട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട അധികൃതർ പുലർത്തണം. ഇതുസംബന്ധിച്ച് വകുപ്പുമന്ത്രി, എം.എൽ.എ, കെ. ആർ.എഫ്.ബി. അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. അടിയന്തര നടപടിയുണ്ടാകാത്തപക്ഷം ബഹുജന പ്രതിഷേധത്തിന് വ്യാപാരികൾ നേതൃത്വം നൽകുംകേവലം 21.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പണി ആരംഭിച്ചിട്ട് അഞ്ചുവർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങാടിയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി കൂടുതൽ വിസ്താരമുള്ള അഴുക്കുചാലുകളാണ് വേണ്ടത്.പത്രസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ്, ജനറൽസെക്രട്ടറി സി. ബാലകൃഷ്ണൻ, ട്രഷറർ പി.പി. അബ്ദുൽഗഫൂർ, സി.എം. െൈഫസൽ, ടി.ആർ.സി. അബ്ദുൽറഷീദ്, എബ്രഹാം ജോൺ, ടി.എ. നദീർ, തോമസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.



