
മുക്കം∙ മാങ്ങാപൊയിലിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ചു കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാർ (25) പിടിയിലായി. താമരശ്ശേരി ഡിവൈഎസ്പി ഇൻ ചാർജ് പി. പ്രമോദിന്റെ കീഴിലുള്ള സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐമാരായ രാജീവ് ബാബു, പി.ബിജു, എൻ.എം.ജയരാജൻ, പി.പി. ജിനീഷ്, മുക്കം എസ്ഐ കെ.എ.സന്തോഷ് കുമാർ, എസ്ഐ ജയരാജൻ,സീനിയർ സിപിഒ അബ്ദുൽ റഷീദ്, ആർ.സി.മഞ്ജിത് എന്നിവർ താമരശ്ശേരിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. 3 പ്രതികളെ കഴിഞ്ഞ മാസം 21 നു പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 17 നു പുലർച്ചെയായിരുന്നു കവർച്ച. പെട്രോൾ നിറച്ച സംഘം കാർ പമ്പിന് പുറത്തു നിർത്തിയ ശേഷം നടന്നു വന്നു ജീവനക്കാരന്റെ മുഖത്തു മുളക് പൊടി എറിഞ്ഞ ശേഷം ഉടുമുണ്ട് അഴിച്ചെടുത്ത് തലയിൽ കെട്ടി കയ്യിലുണ്ടായിരുന്ന 3000 രൂപ കവർച്ച ചെയ്യുകയായിരുന്നു



