LOCAL NEWSMUKKAMNews

മുക്കത്ത് അപകട ഭീഷണിയായി അഭിലാഷ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്

മുക്കം: മുക്കം അഭിലാഷ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണി ഉയർത്തുന്നു. എം.ഐ. ഷാനവാസ് എംപിയായിരിക്കെ 2012 ല്‍ സ്ഥാപിച്ച ഈ ലൈറ്റ് കത്താതായിട്ട് മാസങ്ങളായതിന് പുറമെ ലൈറ്റിന്‍റെ ഭാഗങ്ങള്‍ പൊട്ടിവീണും തുടങ്ങിയിട്ടുണ്ട്. നാലര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 12 വർഷം മുമ്പ് ഈ ലൈറ്റ് സ്ഥാപിച്ചത്. നാല് വർഷത്തിന് ശേഷമുള്ള അറ്റകുറ്റപണികള്‍ ഉള്‍പ്പെടെയുള്ള ചുമതല മുക്കം നഗരസഭയ്ക്കാണെന്ന ധാരണയിലായിരുന്നു ഇത് സ്ഥാപിച്ചത്.

നഗരസഭയില്‍ ഏറ്റവും തിരക്കുള്ള ഈ ഭാഗത്ത് കൂടി ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്നതിന് പുറമെ തൊട്ടടുത്ത രണ്ട് ബസ് സ്റ്റോപ്പിലേക്കും കടകളിലേക്കും മറ്റുമായി നിരവധി പേരാണ് കാല്‍നടയായും സഞ്ചരിക്കുന്നത്. ലൈറ്റിന്‍റെ ഭാഗങ്ങള്‍ പല തവണ പൊട്ടിവീണപ്പോഴും ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെട്ടത്. എത്രയും പെട്ടെന്ന് ലൈറ്റ് നന്നാക്കുന്നതിനോ അല്ലെങ്കില്‍ പൊളിച്ചു മാറ്റുന്നതിനോ നടപടി സ്വീകരിക്കണമെന്നാണ് കച്ചവടക്കാർ ഉള്‍പ്പെടെയുള്ളവർ പറയുന്നത്.

മുക്കം ടൗണില്‍ രാത്രി കടകള്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ വലിയ ഇരുട്ടാവുകയും സാമൂഹ്യ വിരുദ്ധരുടെ ശല്യമുള്‍പ്പെടെ വർധിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലായിരുന്നു അഭിലാഷ് ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നത്. സ്ഥാപിച്ച സമയത്ത് രാത്രി യാത്ര പോകുന്നവർക്കുള്‍പ്പെടെ ഏറെ ഉപകാരപ്രദവുമായിരുന്നു ഇത്. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താതെയും മറ്റും അധികൃതർ തിരിഞ്ഞു നോക്കാതായതോടെയാണ് ഇത് അപകട ഭീഷണി ഉയർത്തി നില്‍ക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com