
കോടഞ്ചേരി: കൈതപ്പൊയില്‍ അഗസ്ത്യൻമുഴി റോഡിന്‍റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപാസിന്‍റെയും ബസ്‌സ്റ്റാൻഡിനു മുൻഭാഗത്തെ റോഡിന്‍റെയും പ്രവൃത്തി പൂര്‍ത്തീകരിച്ചില്ല.
സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്ന ഭാഗം മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നത്. ബസുകള്‍ക്ക് പുറത്തിറങ്ങാൻ വഴിയില്ലാത്തതിനാല്‍ കറിയ വഴിയിലൂടെ പുറകോട്ട് ഇറക്കിയാണ് യാത്ര ആരംഭിക്കുന്നത്. ഒരു ഭാഗത്ത് ക്വാറിവേസ്റ്റും മറ്റു സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നതിനാല്‍ മാസങ്ങളായി ആഴ്ച ചന്ത മുടങ്ങിയ നിലയിലാണ്.
ബസ്‌സ്റ്റാന്‍ഡില്‍ കച്ചവടം നടത്തിയിരുന്ന പല വ്യാപാരികളും കനത്ത പൊടി മൂലം സ്ഥാപനങ്ങള്‍ ഇപ്പോള്‍ തുറക്കുന്നില്ല. വ്യാപാരികളുടെ നിർബന്ധത്തിനു വഴങ്ങി ബൈപാസിന് കുറുകെ ഇരുമ്പ് പൈപ്പിട്ട് ഓട്ടോ പോലുള്ള ചെറിയ വാഹനങ്ങള്‍ ഇപ്പോള്‍ കടന്നു പോകുന്നുണ്ടെങ്കിലും ശക്തമായ പൊടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ പൊറുതിമുട്ടുകയാണ്.
പണികള്‍ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പൊതുജനങ്ങളുടെയും കച്ചവടക്കാരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു.



