LOCAL NEWSMUKKAMNews

മുത്തശ്ശിക്കൊരു മുത്തം: വ്യത്യസ്‍തമായ പരിപാടി സംഘടിപ്പിച്ച്‌ മുത്താലം വിവേകാനന്ദ വിദ്യാലയം

കോഴിക്കോട് : കേരളം ഒരു വൃദ്ധ സൗഹൃദ സംസ്കാരമുളള സംസ്ഥാനമായി മാറുവാൻ വേണ്ടി തികച്ചും വ്യതിരിക്തവും മാതൃകാപരവുമായുള്ള ഒരു ചടങ്ങിലൂടെ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് മുത്താലം വിവേകാനന്ദ വിദ്യാലയം.

എല്ലാ വിദ്യാർത്ഥികളുടെയും മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂള്‍ അങ്കണത്തിലേക്ക് ക്ഷണിച്ച്‌, അവരെ പീഠത്തില്‍ ഉപവിഷ്ടരാക്കി വിദ്യാർത്ഥികള്‍ അവരുടെ മുമ്പിലിരുന്ന് കാലുകള്‍ കഴുകി, വസ്ത്രം കൊണ്ട് തുടച്ച്‌, ചന്ദനം ചാർത്തി മൂന്ന് തവണ പുഷ്പം കാല്‍കളിലർപ്പിച്ച്‌, മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആരതി ഉഴിഞ്ഞ്, അവരെ നമസ്കരിക്കുകയും ആലിംഗനബദ്ധരാവുകയും ചെയ്യുന്ന ഒരു ചടങ്ങാണ് നടന്നത്. തുടർന്ന് മുത്തശ്ശിമാരും മുത്തശ്ശന്മാരും സന്തുഷ്ടരായി കുഞ്ഞുമക്കള്‍ക്ക് മധുരം നല്‍കി അവരുടെ മൂർദ്ധാവില്‍ മുത്തം നല്‍കുന്നതോടുകൂടിയാണ് ‘മുത്തശ്ശിക്കൊരു മുത്തം’ എന്ന ആ പരിപാടി പൂർണ്ണമാകുന്നത് .

വൃദ്ധരായ മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടും എപ്രകാരം പെരുമാറണമെന്നും അതുകൊണ്ടുള്ള നേട്ടം എന്തെന്നും അത് വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന ശക്തിയും ഊർജ്ജവും എത്രത്തോളം മഹത്തരമാണെന്നും ഉള്ള കാര്യങ്ങള്‍ പ്രസ്തുത ചടങ്ങില്‍ വിവരിക്കപ്പെട്ടു.

കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള വിദ്യാർത്ഥി സാമൂഹ്യ മനസ്സിനെ തിരുത്തുകയും നേർവഴിക്ക് നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതിലൂടെ മാത്രമേ കേരളത്തെ ഒരു വൃദ്ധസൗഹൃദ സംസ്കാരമുളള സംസ്ഥാനമാക്കി മാറ്റുവാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ നിലവിലുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍, രാഷ്‌ട്രീയ ചിന്തയില്‍ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുകയും അവരുടെ പതിറ്റാണ്ടുകളായിട്ടുള്ള അനുഭവങ്ങളെ വിലമതിക്കുകയും ചെയ്യുക എന്ന ഒരു മനോഭാവമില്ല. അത്തരമൊരു മനോഭാവം ബോധവല്‍ക്കരണത്തിലൂടെ സാധ്യമാവില്ല. മറിച്ച്‌ ആചരണത്തിലൂടെയാണ് അത്തരമൊരു മനോവ്യതിയാനം സാധ്യമാവുകയുള്ളൂ.

മനശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ മാത്രമേ കേരളീയ സമൂഹത്തിനെ മാറ്റുവാൻ സാധിക്കൂ. അതിന് ഒരു അനുഷ്ഠാനപരമായ സമീപനം ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാനുളള കാരണം.

കോഴിക്കോട് ജില്ലയിലുള്ള മലയോരമേഖലയായ മുക്കം മുത്താലം ഗ്രാമത്തില്‍ അരുണ്‍ ഉദയ മുതല്‍ ഏഴാം ക്ലാസ് വരെ ഉള്ള ഒരു അപ്പർ പ്രൈമറി സ്കൂളാണ് മുത്താലം വിവേകാനന്ദ വിദ്യാലയം. സ്‌കൂളിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച്‌ വിവിധ സാംസ്കാരിക ചടങ്ങുകള്‍ നടക്കുകയുണ്ടായി. അതോടൊപ്പമാണ് അവിടുത്തെ അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റിയും ‘മുത്തശ്ശിക്കൊരു മുത്തം’ എന്ന പരിപാടി O2/ 03 /2024 ശനിയാഴ്ച സ്കൂള്‍ അങ്കണത്തില്‍ വച്ച്‌ നടത്തിയത്.

‘മുത്തശ്ശിക്കൊരു മുത്തം’ പരിപാടി വിദ്യാനികേതൻ ജില്ലാ സെക്രട്ടറി ഗോപിനാഥൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജർ അധ്യക്ഷനായിരുന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞ പ്രസ്തുത ചടങ്ങില്‍ ഡോ.വി കെ ദീപേഷ് മുഖ്യപ്രഭാഷണം നടത്തി. ഉമേഷ് വെണ്ണക്കോട് ‘മുത്തശ്ശിക്കൊരു മുത്തം’ എന്ന ആചരണത്തിന് മാർഗനിർദ്ദേശം നല്‍കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com