
നൊസ്റ്റാൾജിയ…
മറിയപ്പുറത്ത് ഒരു വയൽവക്കത്തായിരുന്നു ഞാൻ ജനിച്ചുവളർന്ന വീട്..നോക്കത്താദുരത്തോളം നീണ്ടുകിടക്കുന്ന നെൽ പാടങ്ങൾ, പടത്തിനോടുചേർന്നു കിടക്കുന്ന തോട് (അരുവി), പാടത്തിന്റെ നടുക്കും, വശങ്ങളിലൂടെയും ഒഴുകുന്ന കൈത്തൊടുകൾ, ചെറുതും വലുതുമായ കുളങ്ങൾ, തോടിനോട് ചേർന്ന് കിലോമിറ്ററുകളോളം നീണ്ടുകിടക്കുന്ന റബ്ബർ തോട്ടം..
മീൻപിടുത്തം, കോട്ടി (ഗോലി ) കളി, കുട്ടിയും കോലും, പന്ത് കളി (പന്ത് കൊണ്ടുള്ള പലതരം കളികൾ ), അണ്ടി കളി, തൊട്ടിലും കുളത്തിലും വയലിലും കുളിയും ചാട്ടവും കുത്തിമറിച്ചിലും, അയല്പക്കത്തെ പറമ്പിൽനിന്ന് മാങ്ങാ പറിക്കലും (മോഷ്ടിക്കലും) ഉപ്പും മുളകും ചേർത്ത് തിന്നുന്നതും സ്ഥലത്തിന്റെ ഉടമ ചാക്കോ ചേട്ടൻ വരുമ്പോൾ ഓടുന്നതും ഇന്നലെയെന്നോണം ഞാൻ ഓർക്കുന്നു..
രണ്ടിലും മൂന്നിലും ഒക്കെ പഠിക്കുമ്പോൾ ഞങ്ങളിൽ പലരും പല ദിവസങ്ങളിലും സ്കൂളിൽ പോകാതെ, സ്ലൈറ്റും പെന്സിലും എടുത്ത് , ബുക്കും പുസ്തകവും ഒന്നും ഉണ്ടാവാറില്ല, ഏതെങ്കിലും കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച് വീട്ടുകാർ അറിയാതെ കളിക്കാൻ പോകും..
സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പറയുകയും വേണ്ട..വയലും തോടും റബർ എസ്റ്റേറ്റും എല്ലാം ഉള്ളതുകൊണ്ട് അരക്കിലോമീറ്റർ ഒരു കിലോമീറ്റർ ചുറ്റിളവിലുഉള്ള എല്ലാ കുട്ടികളും ഞങ്ങളുടെ അടുത്തേക്കാണ് കളിക്കാൻ വന്നിരുന്നത്..
ഞങ്ങൾ സമപ്രായക്കാർ തന്നെ പതിനഞ്ചോ ഇരുപതോ പേർ ഉണ്ടായിരുന്നു..തിന്നാനോ കുടിക്കാനോ ഒന്നിനും സമയമില്ലാതെ കോട്ടി കളിയും അണ്ടി കളിയും കുട്ടിയും കോലും കളിയും പന്ത് കളിയും മീൻപിടുത്തവും വയലിലും തോട്ടിലും ചാട്ടവും കുത്തി മറിച്ചിലും അവസാനം ഒരു കുളിയും, അതിന് കുളി എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല..
സ്കൂൾ ഇല്ലാത്ത മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ഈ കളികളിലൊക്കെ ഏർപ്പെടും..പേരക്കയും ചാമ്പങ്ങയും പറങ്കി മാങ്ങയും മാങ്ങയും ഞങ്ങൾ മോഷ്ടിച്ച് തിന്നും..അതൊരു മോഷണമായി ഞങ്ങൾക്ക് തോന്നിയിരുന്നില്ല..ഞങ്ങൾ ഞങ്ങളുടെ അവകാശം പോലെയായിരുന്നു മാങ്ങയും ചാമ്പയും പേരക്കയും മോഷ്ടിച്ചത്..അതിന്റെയൊക്കെ ഉടമകൾ ഞങ്ങളുടെ അയൽക്കാർ തന്നെയായിരുന്നു..
ആ വീടുകളിലെ കുട്ടികളും ( ഞാനുൾപ്പെടെ ) കൂടെയുണ്ടാകും വീട്ടുകാർ അറിയാതെ അത് മോഷ്ടിക്കുവൻ..വീട് അടുത്തായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വീട്ടിൽ പോയി കൈ കഴുകാനോ മുഖം കഴുകാനോ നിൽക്കാതെ കിട്ടുന്നത് എന്തെങ്കിലും വാരിവലിച്ച് തിന്നും..
തിന്ന് തീരുന്നതിനു മുമ്പ് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങും..ഹാ, എത്ര സുന്ദരമായിരുന്നു ആ ബാല്യം..ഒരിക്കൽ കൂട്ടത്തിലുള്ള ഒരു വിദ്ധ്വാൻ മാവിൽ കയറി മാങ്ങ പറിച്ച് കൊണ്ടിരിക്കുമ്പോൾ ചാക്കോ ചേട്ടൻ വന്നു. ഞങ്ങളെല്ലാവരും ഓടി, അവൻ മാവിൻകോമ്പത്ത് അനങ്ങാതെ പറ്റിപ്പിടിച്ചുനിന്നു. അര, മുക്കാൽ മണിക്കൂറോളം അദ്ദേഹം പോകുന്നതുവരെ. അദ്ദേഹം മാവിന്റെ മുകളിലേക്കു നോക്കാതിരുന്നത് അവനു രക്ഷയായി..
അന്നു ഞങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടേറിയകാര്യം സ്കൂളിൽ പോകുക എന്നതായിരുന്നു. മദ്രസയിൽ പോകും, പടച്ചോൻ നരകത്തിലിട്ടാലോ എന്ന് ഭയന്ന്..മൂന്നാം ക്ലാസ്സിൽ രണ്ടു വിഷയത്തിന് പൂജ്യയാമായിരുന്നു എനിക്ക് മാർക്ക്. ബാക്കിക്കൊക്കെ രണ്ടും മൂന്നും.
വീണ്ടും ഒരു വർഷം കൂടി അതേ ബെഞ്ചിൽ ഇരിക്കേണ്ടിവന്നു..ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾ ഏറ്റവും ഇഷ്ടപെട്ടിരുന്നത് മീൻ പിടുത്തമായിരുന്നു..
ഒരിക്കൽ ഒരു മഴക്കാലത്ത് കുളത്തിൽ ചൂണ്ടയിട്ട് കൊണ്ടിരിക്കുമ്പോൾ, സ്ഥലയുടമ വന്നു. ഞങ്ങൾ (അഞ്ചറുപേരെങ്കിലും ഉണ്ടാകും ) ചൂണ്ടയെടുത്തു തൊട്ടിലേക്കോടി. ഞങ്ങൾ കുളത്തിലല്ല തൊട്ടിലാണ് ചൂണ്ടയിടുന്നതെന്നു അദ്ദേഹത്തെ ബൊധ്യപെടുത്താൻ, അലക്ഷ്യമായി തോട്ടിൽ ചുണ്ടായിട്ട് കൊണ്ടിരിന്നപ്പോൾ എന്റെ ചൂണ്ടയിൽ കുടുങ്ങിയ അത്രത്തോളം വലിയ മീൻ (മനഞ്ഞിൽ, Eal) അന്നോളം ഞങ്ങൾക്കാർക്കും,(എനിക്ക് പിന്നീടും) കിട്ടിയിട്ടുണ്ടായിരുന്നില്ല..
ആ മീനിനെയും തൂക്കിപിടിച്ച് കരയിലേക്കോടിയതും കൂടിനിന്നവർ,(കുടുതലും സ്ത്രീകളായിരുന്നു) ആശ്ചര്യത്തോടും, (ഒരു ഒൻപത് പത്തു വയസുകാരൻ അവനോളം വലിപ്പമുള്ള മീനും തൂക്കി ഓടിവരുന്നത് കണ്ടാൽ ആരാ ആശ്ചര്യപെടാതിരിക്കുക) ഭയത്തോടും, (ഒറ്റനോട്ടത്തിൽ പാമ്പാണെന്നുതോന്നും ) നോക്കിയിരുന്നത് ഇന്നലെയെന്നോണം ഞാനിന്നും ഓർക്കുന്നു..
ആയിടക്ക് ഒരു സംഭാവമുണ്ടായി. കിട്ടുന്നമീനെല്ലാം ഞങ്ങളിൽ പലരും, പ്രത്യേകിച്ച് ഞാൻ വീട്ടിൽ കൊണ്ടുപോകാറില്ല. അതിനൊരുപാട് കാരണങ്ങളുണ്ട്, ഞങ്ങളിൽ പലരും വീട്ടുകാരറിയാതെയും, അല്ലെങ്കിൽ അവരെ അവഗണിച്ചുമൊക്കെയാണ് ഇത്യാദി പരിപാടിക്കിറങ്ങുന്നത്..
അന്നൊക്കെ ഞാൻ ഈ മത്സ്യങ്ങൾ തിന്നാറുമുണ്ടായിരുന്നില്ല..ചിലർ കൊണ്ടുപോകും, ബാക്കിവരുന്നത്, ചിലപ്പോൾ മുഴുവനും, കുറച്ചങ്ങുമാറി ഒരു സാധു വൃദ്ധനും വൃദ്ധയും സുഖമില്ലാത്ത ഒരുമകളും അടങ്ങിയ ഒരുവീടുണ്ട്, അവർക്ക് കൊടുക്കും..ചിലപ്പോളൊക്കെ മീൻ പിടുത്തം മടുക്കുമ്പോൾ, ബോറടിക്കുമ്പോൾ, അല്പംകൂടെ ത്രില്ലിംഗയ നീർക്കോലി (water snake ) പിടുത്തത്തിൽ ഏർപ്പെടും..
ഒരിക്കൽ ഇങ്ങനെ കിട്ടിയ നീർക്കോലികളെ ഒരു ഇലയിൽ പൊതിഞ്ഞ് ആ വീട്ടുകാർക്ക് മീനാണെന്നും പറഞ്ഞു കൊണ്ടുകൊടുത്തു..
പിന്നെത്തെപുകിൽ പറയണോ?…ഞങ്ങൾക്കെല്ലാവര്ക്കും വീട്ടിൽ നീന്ന് അടികിട്ടി..എന്നെ എന്റെ അമ്മായി മട്ടലെടുത്ത് അടിച്ചതും മട്ടലും പിടിച്ച് എന്നെ ഓടിച്ചതും ഞാൻ എങ്ങനെ മറക്കും..
“കാലമേ എടുത്തോളൂ എന്നിലുള്ളതെല്ലാം, പകരം എനിക്കെന്റെ ബാല്യം തിരിച്ചുതരു”..
Sidhique Patta..



