ENTERTAINMENT

സിദ്ദീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

സുഹൃത്ത്…….

2019 ഡിസംബർ 24 നാണ് ഖത്തറിലെ ബിസിനസ്സൊക്കെ പൊട്ടി പൊളിഞ്ഞ്, ഒരു ആയിരം രൂപ പോലും കയ്യിലില്ലാതെയാണ് നാട്ടിൽ വിമാനമിറങ്ങിയത്..മറ്റൊരു വിസയിൽ തിരിച്ചു പോകാൻ തയ്യാറെടുത്തിട്ടായിരുന്നു വന്നത്. നാലര വർഷത്തെ നീണ്ട പ്രവാസത്തിന് ശേഷമുള്ള വരുവായതുകൊണ്ട് അഞ്ചാറു മാസം നാട്ടിൽ നിന്നിട്ട് തിരിച്ചു പോകാമെന്നും കരുതി..ഒരുപാട് അടികൾ കിട്ടിയിട്ടുള്ള എനിക്ക് കിട്ടിയ മറ്റൊരു കനത്ത അടിയായിരുന്നു കൊറോണ..

പുതിയ വിസ അടിക്കുന്നത് എല്ലാ രാജ്യങ്ങളും നിർത്തിവെച്ചു. രാജ്യങ്ങൾ തമ്മിൽ യാത്രാ വിലക്കും ഏർപ്പെടുത്തി..അതിസമ്പന്നരൊന്നും സുഹൃത്തുക്കളായി ഇല്ലാതിരുന്ന എനിക്ക്, പതിനായിരമോ ഇരുപതിനായിരമോ തരാനുള്ളവരും, എന്നെ സഹായിക്കാൻ ഇഷ്ടപ്പെട്ടിരുന്നവരും കൊറോണയിൽ ജോലിയും കൂലിയും ഇല്ലാതെ കഷ്ടത്തിലായി..എന്റെ തിരിച്ചുപോക്ക് അവതാളത്തിലാവുകയും ചെയ്തു..ഉമ്മയുടെ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഉമ്മയ്ക്ക് സഹായത്തിനും മറ്റുമായി ഞാനും കുടുംബവും തറവാട്ടിൽ അനിയനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്..ഉമ്മയെ പരിചരിക്കാൻ രണ്ട് ചെറിയ കുട്ടികളുള്ള അനിയന്റെ ഭാര്യക്ക് ഒറ്റക്ക് കഴിയില്ലായിരുന്നു..

അന്നന്ന് അധ്വാനിച്ച് ജീവിതം നയിച്ചിരുന്ന എന്റെ അനിയന്മാരെ എന്റെ പതനവും കൊറോണയും ഉമ്മയുടെ ഓപ്പറേഷനും എല്ലാം കൂടി ശരിക്കും സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരുന്നു..മുസ്തഫയെ കുഞ്ഞുനാൾ മുതലേ അറിയാമായിരുന്നെങ്കിലും ഞങ്ങൾ തമ്മിൽ അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ല. വല്ലപ്പോഴും കാണുമ്പോഴുള്ള ഒരു പുഞ്ചിരിയും എന്തെങ്കിലും ചെറിയ ഒരു കുശലാന്വേഷണവും, അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം..ഒരു ഗതിയും പരഗതിയും ഇല്ലാത്ത, കൊറോണ കാരണം എല്ലാം വഴിമുട്ടിയ എനിക്ക് മുസ്തഫ ഒരു ആശ്വാസമായിരുന്നു..

സെയിൽസിലും പർച്ചേസിലും മാർക്കറ്റിംഗിലും ജോലി ചെയ്തിരുന്ന ഞാൻ, പല എം ബി എ ക്കാരെ കണ്ടിട്ടുണ്ടെങ്കിലും മുസ്തഫയോളം സെയിൽ സ്കില്ലും പർച്ചേസ് സ്കില്ലുമുള്ള മറ്റൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല..മരിച്ചു കിടക്കുന്ന വാപ്പയ്ക്ക് കഫന്തുണി ( മയ്യത്ത് പൊതിയാനുള്ള തുണി ) വാങ്ങാനുള്ള കാശാണെങ്കിൽപോലും “മയ്യത്ത് കുളിപ്പിക്കാൻ എടുത്തു വച്ചിട്ടല്ലേയൊള്ളൂ, കുളിപ്പിച്ചു കഴിയുമ്പോഴേക്കും തിരിച്ച് തരാം” എന്നും പറഞ്ഞ് അവൻ, ആ കാശ് വാങ്ങിയിരിക്കും..

ആരും കൊടുത്തു പോകും.അതായിരുന്നു അവന്റെ വാക് ചാതുര്യം..വണ്ടി കച്ചവടം സ്ഥലക്കച്ചവടവും സിഗരറ്റ് കച്ചവടവും ഫോൺ കച്ചവടവും അങ്ങിനെ പല കച്ചവടവുമായി അവനെപ്പോഴും തിരക്കിലാണ്..ആയിരം കിട്ടിയാൽ അഞ്ഞൂറ് കൂടെ എവിടുന്നെങ്കിലും കടം വാങ്ങി ആയിരത്തിയഞ്ഞൂറ് ചിലവാക്കും. അതായിരുന്നു അവന്റെ ജീവിത രീതി..എല്ലാ ദിവസവും ഞാൻ രാവിലെ കടയിൽ പോകുന്ന വാപ്പയുടെ അടുത്ത് ഇരുന്നൂറോ മൂന്നൂറോ രൂപ കൊടുത്തിട്ട് കറി വെക്കാൻ ഇറച്ചിയോ മീനോ എന്തെങ്കിലും വാങ്ങിക്കാൻ പറയും..

ഞാനെന്റെ വീട്ടിലായിരുന്നപ്പോഴും തറവാട്ടിൽ ആയിരുന്നപ്പോഴും രാവിലെ കറിവെക്കാൻ വാങ്ങാൻ ഇരുന്നൂറ് രൂപ കയ്യിൽ കരുതും..എന്റെ വീട്ടിലായിരുന്നപ്പോൾ, അരിയും പഞ്ചസാരയും പലവ്യഞ്ജനങ്ങളും കൂടുതൽ വാങ്ങി വയ്ക്കുന്നതുകൊണ്ട് അതിന്റെ അഭാവം ഉണ്ടാവാറില്ല..ഇറച്ചിയോ മീനോ അന്നന്ന് വാങ്ങേണ്ടേ?..രാത്രി വീട്ടിൽ പോകുമ്പോൾ ഇരുന്നൂറ് രൂപ എന്തായാലും വേണം. അതെന്തെങ്കിലും കാണിച്ച് ഞാൻ സംഘടിപ്പിക്കുകയും ചെയ്യും..അന്ന് രാത്രി മഴയുണ്ടായിരുന്നു..ഞാനും മുസ്തഫയും കൂടി ഒരു കച്ചവടത്തിന്റെ ഭാഗമായി ഒരാളെ കാണാൻ പോയി. അയാൾ മുസ്തഫക്ക് ഏതോ ഒരു കച്ചവടത്തിന്റെ കമ്മീഷൻ കൊടുക്കാനുമുണ്ട്..ഞങ്ങൾ പോയി അദ്ദേഹത്തെ കണ്ടു. വിചാരിച്ച പോലെയൊന്നും നടന്നില്ല..ഞങ്ങൾ തിരിച്ചു പോന്നു..

കൊറോണയുടെ നിയന്ത്രണങ്ങളും മഴയും, നേരത്തെ വീട്ടിൽ പോകാൻ തീരുമാനിച്ചു..ഒരു ഇന്ത്യൻ രൂപ പോലും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അവന്റെ കൈയിലും ഒന്നും ഉണ്ടായിരുന്നില്ല..മറ്റാരുടെയെങ്കിലും അടുത്തുനിന്ന് കടം വാങ്ങിക്കാം എന്നുവെച്ചാലും ആളുകളെല്ലാം ഏഴുമണിക്ക് മുമ്പേ വീട്ടിൽ കയറിയിരുന്നു..രാവിലെ കറി വെക്കാൻ വാങ്ങാൻ വാപ്പയുടെ കയ്യിൽ കൊടുക്കാൻ ഇരുന്നൂറ് രൂപ ഇല്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്നോട് അവൻ ചോദിച്ചു..

“നിനക്ക് നാളെ ഇറച്ചി മതിയോ?, ഞാൻ വാങ്ങി കൊടുത്തു വിടാം”..”വേണം, നീ കൊടുത്തയക്കുമോ? “..അവൻ ചെയ്യാം എന്നു പറഞ്ഞ് എന്നെ എന്റെ വീട്ടിലിറക്കി, അവൻ അവന്റെ വീട്ടിലേക്ക് പോയി..അവന്റെ മറ്റു സുഹൃത്തുക്കളുടെ സംസാരത്തിൽ നിന്നും എന്റെ അനുഭവത്തിൽനിന്നും ഞാൻ മനസ്സിലാക്കിയ കാര്യമായിരുന്നു, ഒരിക്കലും പറഞ്ഞ വാക്ക് പാലിക്കാത്തവനായിരുന്നു മുസ്തഫ എന്ന്..പ്രതീക്ഷയൊന്നും ഇല്ലാതെ, വാപ്പ എന്തെങ്കിലും ചെയ്തോളുമെന്ന് വിചാരിച്ച് ഞാൻ പോയി കിടന്നു..

രാവിലെ എണീറ്റ് ബാത്റൂമിലൊക്കെ പോയി വീണ്ടും ബെഡിൽ കയറി കിടന്ന് മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന ഉമ്മയെ കാണാൻ ഉപ്പയുടെ ഇളയ സഹോദരിയും ഭർത്താവും വന്നത്..ഞാൻ എഴുന്നേറ്റു വന്ന് അവരോട് സംസാരിച്ചിരിക്കെ അങ്ങാടിയിൽ പോയ ഉപ്പ വെറും കയ്യോടെ തിരിച്ചുവരുന്നത് കണ്ട് സഹോദരി ഭർത്താവ് ഉപ്പയോട് ചോദിച്ചു..”അളിയൻ എന്താ കയ്യും വീശി?, ഇറച്ചിയും മീനുമൊന്നും വാങ്ങിയില്ലേ?”..ഉപ്പ അങ്ങാടിയിൽ പോയി വരുമ്പോൾ കുട്ടികൾക്ക് എന്തെങ്കിലും മിഠായി കൊണ്ടുവരുന്നത് പതിവായിരുന്നു..

അതു പ്രതീക്ഷിച്ച് കുട്ടികൾ ഉപ്പയെ കണ്ട ഉടനെ “ഉപ്പപ്പേ ഉപ്പാപ്പേ, മുട്ടായി” എന്ന് ചോദിച്ച് ഉപ്പയുടെ വട്ടം കൂടി..”ഹും, തീട്ടം തിന്നാൻ പൈസയില്ല, അപ്പോളാ ങ്ങക്ക് മുട്ടായി “..ഉപ്പ ഉച്ചത്തിൽ പറഞ്ഞു..

ഉപ്പ എന്തും വെട്ടിത്തുറന്ന് പറയുന്ന ഒരു പ്രകൃതക്കാരനാണ്..അതിൽ ഒരു നാണമോ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നോ മറ്റുള്ളവർക്ക് വിഷമമാകുമെന്നോ എന്നൊന്നും ഉപ്പ ചിന്തിക്കാറില്ല..തീർത്തും മാംസ ബുക്കായ ഉപ്പ തന്നെയാണ് കടയിൽ പോയി ഇറച്ചിയും മീനും സ്ഥിരമായി വാങ്ങിക്കൊണ്ടു വരാറുള്ളത്..അത് പണ്ടുമുതലേ അറിയുന്നതുകൊണ്ടാണ് സഹോദരി ഭർത്താവ് അങ്ങിനെ ചോദിച്ചതും..

പതിനേഴ് വർഷത്തെ പ്രവാസത്തിനുശേഷം എല്ലാ അർത്ഥത്തിലും സാമ്പത്തികമായി പരാജയപ്പെട്ട എനിക്ക് അവരുടെയൊക്കെ മുമ്പിൽ വെച്ചുള്ള ഉപ്പയുടെ ആ പെരുമാറ്റം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു..നമുക്ക് ബുദ്ധിയുണ്ടോ കഴിവുണ്ടോ അറിവുണ്ടോ സംസ്കാര സമ്പന്നനാണോ എന്നൊന്നും നോക്കിയല്ല ഒരാളെ വിജയിയായി സമൂഹം കൽപ്പിക്കുന്നത്. അവൻ സമ്പന്നനാണോ എന്ന് മാത്രം നോക്കിയാണ്..

നല്ല സാമ്പത്തിക ഭദ്രതയിൽ ജീവിക്കുന്ന ഉപ്പയുടെ സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും അനിയന്റെ ഭാര്യയുടെയും മുമ്പിൽവെച്ചുള്ള ഉപ്പയുടെ ആ പെരുമാറ്റം എന്നെ ഒരുപാട് സങ്കടപ്പെടുത്തി, ഞാനില്ലാതാവുന്നത് പോലെ എനിക്ക് തോന്നി..എന്തിനും ഏതിനും വാരിക്കോരി ചെലവഴിച്ചിരുന്ന എനിക്ക് രാവിലെ ഉപ്പയുടെ അടുത്ത് ഇരുന്നൂറോ മൂന്നൂറോ കൊടുക്കാൻ കഴിയാത്തതിൽ അതിയായ വിഷമം തോന്നി..എന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റത് പോലെയായിരുന്നുവത്..എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ വല്ലാത്ത ഒരു മാനസിക പിരിമുറുക്കത്തോടെ നിൽക്കുന്ന എനിക്ക് ജംനാഷിന്റെ കോൾ വന്നു..

“സിദ്ധിക്കാ, ഇറച്ചി തറവാട്ടിലേക്കല്ലേ കൊണ്ടുവരേണ്ടത്? “..”അ.., അതെ”.. കോള് കട്ടായി..മിനിറ്റുകൾക്കുള്ളിൽ ജംനാഷ് ഇറച്ചിയുമായി വീട്ടിലെത്തി..

കുറച്ചുനേരത്തെക്കെങ്കിലും മുസ്തഫ എന്റെ മനസ്സിൽ ദൈവത്തിന്റെ പ്രതിരൂപമായി മാറി..

കഥയിലെ പേരുകൾ സാങ്കല്പികം മാത്രം………………….sideequ patta

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com