
സഹധർമ്മിണി….
തന്റെ സഹപാഠിയായിരുന്ന സലീമിനെ തന്റെ വീട് പെയിന്റ് ചെയ്യുന്ന ആളുകളുടെ കൂടെ കണ്ടപ്പോൾ വിനോദിന് ശരിക്കും ആശ്ചര്യം തോന്നി…
“സലീമേ, നീ കുറേക്കാലം ഗൾഫിലായിരുന്നില്ലേ?, എന്നാണ് വന്നത്?”..
വിനോദ് ചോദിച്ചു.
“ഒരാഴ്ചയായി “..
സാമ്പത്തിക നില ഭദ്രമായിരുന്നെങ്കിൽ വന്ന് ഒരാഴ്ചയ്ക്കുള്ളിൽ ജോലിക്ക് ഇറങ്ങില്ലല്ലോ എന്ന് ചിന്തിച്ചത് കൊണ്ട് വിനോദ് അതിനെപ്പറ്റി കൂടുതലൊന്നും ചോദിക്കാതെ അവന്റെ സുഖവിവരങ്ങളാണ് അന്വേഷിച്ചത്..
അന്ന് പല പരിചയക്കാരും അതുതന്നെയാണ് സലീമിനോട് ചോദിച്ചത്, വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ, എന്തേ ഇത്ര പെട്ടെന്ന്..?”, എന്ന്..
ചിലരത് ചോദിച്ചത് പരിഹസിച്ച് കൊണ്ടായിരുന്നു..
അന്ന് രാത്രി അവൻ ഭാര്യ സജിനയോട് അതേപ്പറ്റി പറയുമ്പോൾ അറിയാതെ സങ്കടം വന്നിരുന്നു..
“നിങ്ങൾ നിങ്ങളുടെ കുടുംബം നോക്കിയതല്ലേ?, മറ്റുള്ളോര് പറിയുന്നത് കേട്ട് വിഷമിക്കാൻ നിന്നാൽ ,അതിനെ നേരമുണ്ടാവൂ. നിങ്ങള് അങ്ങോട്ട് നീങ്ങി കിടക്ക്”..
എന്ന് പറഞ്ഞ് അവളും കട്ടിലിൽ കയറി അവന്റെ നെഞ്ചിലൂടെ കൈ ചുറ്റിപ്പിടിച്ച് കിടന്നു..
താൻ വിഷമിക്കാതിരിക്കാൻ വേണ്ടിയാണ് ഭാര്യ അങ്ങനെയൊക്കെ പറയുന്നതെന്ന് സലീമിന് അറിയാമായിരുന്നു..
കഴിഞ്ഞ പതിമൂന്ന് വർഷമായി സലിം ഖത്തറിലായിരുന്നു..
സലീമിന് ഉറക്കം വന്നില്ല..
ഒന്നും നേടാനായില്ലെങ്കിലും തന്റെ ഭാര്യയുടെ കൈകൾക്കുള്ളിൽ ചുരുണ്ടു കൂടി കിടക്കുമ്പോൾ സലീമിന് ഒരു സുരക്ഷ അനുഭവപ്പെട്ടു..
വിവാഹം കഴിഞ്ഞിട്ട് ആറ് വർഷവും രണ്ട് കുട്ടികളും ആയെങ്കിലും സജിനയെ പൂർണ്ണമായും മനസ്സിലാക്കാൻ സലീമിന് കഴിഞ്ഞിരുന്നില്ല, അവനതിന് ശ്രമിച്ചിരുന്നില്ല എന്നതാണ് വാസ്തവം..
ചിത്രം പോലെ തെളിഞ്ഞു കിടക്കുന്ന തന്റെ അനുഭവങ്ങളും ദുരനുഭവങ്ങളും സലിം സജിനയോട് പറയാൻ തുടങ്ങി..
“പതിനഞ്ച് വർഷം മുമ്പ്, ഞാൻ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോളാണ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉപ്പ ഓടിച്ചു കൊണ്ടിരുന്ന പിക്കപ്പ് വാനിലേക്ക് ലോറിയിടിച്ച് നട്ടെല്ല് ഒടിഞ്ഞ് പരസഹായം കൂടാതെ ഇരിക്കാനോ എഴുന്നേൽക്കാനോ കഴിയാതെ കിടപ്പിലായത്”..
“നഴ്സിങ്ങിന് പഠിക്കുന്ന എന്നെക്കാളും ഒന്നര വയസ്സിന് മൂത്ത സഹോദരി സൽമത്ത്. ഞാൻ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. പത്തിലും എട്ടിലും പഠിക്കുന്ന അനിയനും അനിയത്തിയും”..
“സുഭിക്ഷമായി സന്തോഷത്തോടും സമാധാനത്തോടും ജീവിച്ചു കൊണ്ടിരിക്കേയാണ് കഠിനാധ്വാനിയായ ഉപ്പ തളർന്ന് കിടപ്പിലായത്”..
“ചെറിയ ഒരു വീടും പുരയിടവും മാത്രമുള്ള മറ്റു വരുമാനങ്ങൾ ഒന്നുമില്ലത്ത ഞങ്ങൾ ഉപ്പയുടെ ചികിത്സയ്ക്ക് വേണ്ടി കിട്ടുന്നിടത്ത് നിന്നെല്ലാം വാങ്ങി കടവും കടത്തിൻമേൽ കടവുമായി”..
“ഒന്നൊന്നര വർഷത്തെ ചികിത്സയ്ക്കുശേഷം ഡോക്ടർമാർ വിധിയെഴുതി ഇനി ഒന്നും ചെയ്യാനില്ല എന്ന്”..
“നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കാൻ പറ്റുന്നതിലും അപ്പുറം സഹായിച്ചു കഴിഞ്ഞിരുന്നു”..
“ദാരിദ്ര്യത്തിന്റെ പരകോടിയിലായിരുന്നു”..
“പ്ലസ് ടു കുറഞ്ഞ മാർക്കിൽ പാസായ ഞാൻ തുടർന്ന് പഠിക്കാൻ പോകാതെ ബാപ്പയുടെ സുഹൃത്തിന്റെ വണ്ടിയിൽ ക്ലീനർ ആയി പോകാൻ തുടങ്ങി”..
“എനിക്കൊരു ആത്മവിശ്വാസമൊക്കെ വന്നു തുടങ്ങി”.
“ഉപ്പയുടെ ചികിത്സയും പെങ്ങന്മാരുടെയും അനിയന്റെയും പഠനവും മറ്റ് വീട്ടു ചെലവിനും നന്നേ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് എന്റെ വരുമാനം ഒരാശ്വാസം തന്നെയായിരുന്നു”..
“വണ്ടിയിൽ പോയിത്തുടങ്ങി ഒരു വർഷം തികയുന്നതിന് മുമ്പ് ഒരു കുടുംബ സുഹൃത്ത് വഴി ഖത്തറിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു”..
ഒന്നും ചോദിക്കാതെയും പറയാതെയും മുത്തശ്ശിക്കഥ കേൾക്കുന്ന ഒരു കുഞ്ഞിനെപ്പോലെ സജിന അവനെ കെട്ടിപ്പിടിച്ച് അവൻ പറയുന്നത് കേട്ട് കിടന്നു ..
സലിം തുടർന്നു..
“വെള്ളിയാഴ്ച പോലും അവധി ( വെള്ളിയാഴ്ചയാണ് ഖത്തറിൽ അവധി) എടുക്കാതെയും എല്ലാദിവസവും മൂന്നും നാലും മണിക്കൂർ ഓവർ ടൈം ജോലി ചെയ്തും കിട്ടുന്നതെല്ലാം വീട്ടിലേക്ക് അയച്ചു”..
“ഉപ്പയുടെ മരുന്നും സഹോദരങ്ങളുടെ പഠനവും വീട്ടു ചെലവും, സുഭിക്ഷമായല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു പോയി”..
“സൽമത്ത് ബിഎസ്സി നേഴ്സിംഗ് പാസായി. നഗരത്തിലെ ഒരു മൾട്ടി സ്പെഷലാലിറ്റി ഹോസ്പിറ്റലിൽ ജോലിക്ക് കയറി..
“മൂന്നുവർഷത്തിനു ശേഷം 45 ദിവസം ലീവിന് ഞാൻ വന്ന്, അവൾ ജോലിചെയ്യുന്ന ഹോസ്പിറ്റലിലെ തന്നെ ജീവനക്കാരനായ റഹൂഫുമായി അവളുടെ വിവാഹം നടത്തി”..
“വീട്ടുകാർക്ക്, പ്രത്യേകിച്ച് ഉമ്മാക്ക്, നാലഞ്ച് വർഷമായിട്ട് എഴുന്നേൽക്കാനോ ഇരിക്കാനോ കഴിയാതെ ഒരേ കിടപ്പ് കിടക്കുന്ന ഉപ്പ ഒരു ഭാരമായി തോന്നിത്തുടങ്ങിയെന്ന് ഉമ്മയുടെയും സഹോദരങ്ങളുടെയും പ്രവർത്തിയിൽ നിന്ന് എനിക്ക് പലപ്പോഴും തോന്നി”..
“ഞാനത് ഉമ്മയോട് ചോദിക്കുകയും ചെയ്തു”..
“ഉമ്മ അത് നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്തത്”..
“അനിയനും അനിയത്തിയും പാശ്ചാത്യസംസ്കാരം ഒരു പരിഷ്കാരമാക്കി, തങ്ങൾക്കു മുമ്പിലുള്ള പ്രശ്നങ്ങളൊന്നും കാണാതെ ആർത്തുല്ലസിച്ച് ജീവിതം നയിക്കുന്നു”..
“പ്ലസ്ടുവിന് പഠിക്കുന്ന അനിയൻ സൽമാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത്, എന്റെ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞ് വല്ലാതെ സങ്കടപ്പെട്ടു”…
“ഞാനവനെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്തു”..
“സൽമത്തിന്റെ പഠനവും വിവാഹവും വീടിന്റെ മുൻഭാഗം പൊളിച്ച് പണിതും നാലര ലക്ഷത്തോളം രൂപ കടബാധ്യതനായിട്ടാണ് ഞാൻ തിരിച്ച് ഖത്തറിലേക്ക് ഫ്ലൈറ്റ് കയറിയത്”..
സലീം പറയുന്നത് കുറെയൊക്കെ സജിനക്ക് അറിയാമായിരുന്നെങ്കിലും ഇത്രയും ദീർഘമായി, നെഞ്ചിനോട് ചേർന്ന് വലത്തെ കൈവണ്ണയിൽ തല വെച്ച് കിടക്കുന്ന സജിനയെ ചുറ്റിപ്പിടിച്ച് സലീം പറയുന്നത്, സജിന ഒരു പൈതലിനെ പോലെ കേട്ടിരുന്നു..
ഇടയ്ക്കിടയ്ക്കുള്ള സലീമിന്റെ കണ്ഠമിടറിയുള്ള സംസാരം അവളെ സങ്കടപ്പെടുത്തിയെങ്കിലും തന്നോട് തന്റെ ഭർത്താവിനുള്ള സ്നേഹം ആസ്വദിക്കുകയായിരുന്നു അവൾ കൂടുതലും ചെയ്തത്. അവളവനോട് ഒന്നും കൂടെ ചേർന്നു കിടന്നു..
സലീം തുടർന്നു..
“ഖത്തറിൽ തിരിച്ചെത്തി, രാവും പകലും ജോലിചെയ്ത് കടം വീട്ടുകയും വീട്ടിലെ ചിലവും മറ്റും നോക്കി മൂന്ന് വർഷത്തോളം കടന്നു പോയി”..
“എല്ലാ വർഷത്തിലും 45 ദിവസം വീതം ലീവ് ഉണ്ടെങ്കിലും ഞാൻ നാട്ടിലേക്ക് വരാതെ ആ സമയത്ത് കൂടെ ജോലി ചെയ്ത് കിട്ടുന്ന കാശ് നാട്ടിലേക്ക് അയച്ചു”..
“സൽമാൻ പ്ലസ് ടു തോറ്റു, പഠനം നിർത്തി ലോറിയിൽ ക്ലീനറായി പോയി തുടങ്ങി. അനിയത്തി സാഹിറ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് അടുത്തുള്ള ഒരു കോളേജിൽ ഫീസ് കൊടുത്ത് പഠിക്കുന്നു. സൽമത്ത് ഭർതൃ വീട്ടിൽ സസുഖം വാഴുന്നു”..
“കൗമാരം വിട്ടുതുടങ്ങുന്നതിന് മുമ്പ് കുടുംബഭാരവും ചുമന്ന് കൊണ്ടിരിക്കുന്ന 25 കാരനായ എനിക്ക് നാട്ടിൽ വരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്റെ പരിതസ്ഥിതി എന്നെ അതിനനുവദിച്ചില്ല”..
“ആറര വർഷത്തിനുശേഷമുള്ള നിങ്ങളുടെ രണ്ടാമത്തെ വരവിനല്ലേ നമ്മുടെ വിവാഹം കഴിഞ്ഞത്?”..
തന്റെ ഭർത്താവ് പറയുന്നത് കേട്ട് തന്റെ ഭർത്താവിന് എന്തിനും തുണയായി ഞാനുണ്ട് എന്ന് ചിന്തിച്ചു കൊണ്ട്, പറയുന്നത് താൻ കേൾക്കുന്നുണ്ട് എന്ന് സലീമിനെ ബോധ്യപ്പെടുത്തിക്കൊണ്ട് സജിന ചോദിച്ചു..
“അതെ, അനിയത്തി സാഹിറ ഒരുത്തനുമായി പ്രേമിച്ച് ദുരൂഹ സാഹചര്യത്തിൽ നാട്ടുകാര് കണ്ട് ആകെ വഷളായി നിൽക്കുന്ന സമയത്താണ്, പഴയ കടം വീടുന്നതിന് മുമ്പാണ് രണ്ടാമത് ഞാൻ നാട്ടിൽ മടങ്ങിയെത്തിയത്”..
ഒരു ഗദ്ഗതത്തോടെയാണ് സലിം അത് പറഞ്ഞത്..
തുടരും..
Sidhique Patta..



