ENTERTAINMENT

സിദ്ധീഖ് എഴുതുന്നു… എന്റെ ഭ്രാന്തൻ ചിന്തകൾ..

സഹധർമ്മിണി….5.

സജിന ഉറങ്ങിയിരുന്നു..നെഞ്ചത്ത് തല വെച്ച് തന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്ന തന്റെ ഭാര്യയുടെ നെറ്റിയിൽ സലീം മൃദുവായി ചുംബിച്ചു.. അർദ്ധരാത്രി കഴിഞ്ഞിരുന്നു, സലീമിന് ഉറക്കം വന്നില്ല.. അവൻ സജിന പറഞ്ഞ അവളുടെ കദനകഥകൾ ഓരോന്നാലോചിച്ചു.. അവളെ ഇഷ്ടപ്പെടാൻ കഴിയാതെയും മനസ്സിലാക്കാൻ ശ്രമിക്കാതെയുമുള്ള സലീമിന്റെ പെട്ടെന്നുള്ള തിരിച്ചുപോക്ക് സജിനക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. അവൻ അവിടെയെത്തിയതും ജോലിക്ക് കയറിയതും അനിയൻ പറഞ്ഞാണ് സജിന അറിയുന്നത്.. ഒരു അന്തവും കുന്തവും ഇല്ലാത്ത ഉമ്മ, ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വണ്ടിയിൽ പോയി കിട്ടുന്ന പണം കൊണ്ട് ആർഭാടമായി ജീവിക്കുന്ന, വല്ലപ്പോഴും മാത്രം കാണുന്ന അനിയൻ. സൽമത്തും സാഹിറയും ഭർതൃ വീടുകളിലും.. കടലോളം ദുഃഖങ്ങൾ മനസ്സിൽ പേറി, ആരോടെങ്കിലും ഒന്ന് പറയാനോ ആരെങ്കിലും ഒന്ന് കേൾക്കാനോ ഇല്ലാതെ സജിന എല്ലാം ഉള്ളിലൊതുക്കി.. സജിനയുടെ വീട്ടുകാരോടും അയൽക്കാരോടും സുഹൃത്തുക്കളോടും തനിക്കിവിടെ സുഖമാണെന്ന് പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു..

ഒന്ന് ചലിക്കാൻ പോലുമാകാതെ ആർക്കും വേണ്ടാതെ കിടന്ന, എല്ലും തോലുമായ സലീമിന്റെ ഉപ്പയ്ക്ക് സജിന പ്രിയപ്പെട്ടവളായി.. അദ്ദേഹത്തിന്റെ തീട്ടവും മൂത്രവും വൃത്തിയാക്കുകയും, ഒരേ കിടപ്പ് കിടക്കുന്നതുകൊണ്ടും ശരീരം ചലിപ്പിക്കാത്തത് കൊണ്ടും ഉണ്ടായ വ്രണങ്ങൾ ചൂടുവെള്ളം കൊണ്ടും മറ്റും കഴുകി തുടച്ച് പൗഡർ ഇട്ടുകൊടുത്തും അവൾ ഉപ്പയെ സ്നേഹത്തോടെ, തന്റെ പിതാവെന്നപോലെ, പരിചരിച്ചു.. സത്യത്തിൽ സജിനയെ ജീവിക്കാൻ പ്രേരിപ്പിച്ചത് ഏതുനിമിഷവും മരണം കാത്ത് കിടക്കുന്ന, ഭാര്യക്കും രണ്ട് പെൺമക്കൾക്കും പൊട്ടിത്തെറിച്ച് നടക്കുന്ന ഇളയ മകനും വേണ്ടാത്ത ആ ഉപ്പയായിരുന്നു.. ഖത്തറിൽ പോയതിനുശേഷം തന്നെ വിളിക്കാതെയും തന്നെക്കുറിച്ച് ഒന്നും അന്വേഷിക്കാതെയും ഉള്ള തന്റെ ഭർത്താവിന്റെ ചെയ്തികളെക്കുറിച്ച് ചിന്തിച്ച് സജിന സങ്കടപ്പെട്ടു.. സലീമിന്റെ, സജിനയുടെ വീട്ടിൽ പലപ്പോളായി വന്ന സജിനയുടെ ഉപ്പയ്ക്കും ഉമ്മയ്ക്കും മറ്റ് പലർക്കും, എന്തൊക്കെയോ പന്തികേട് തോന്നിയിരുന്നെങ്കിലും സജിന ചിരിച്ചുകൊണ്ട്, അല്ല, അഭിനയിച്ചുകൊണ്ട് “എനിക്കിവിടെ സുഖമാണ്” എന്നവരെ ധരിപ്പിച്ചു.. തന്റെ സ്വർണ്ണം അനിയത്തിക്ക് കൊടുത്തതിൽ കോപകുലരായിരുന്ന സജിനയുടെ ഉമ്മയുടെ ആങ്ങളമാരും ബാപ്പയുടെ അനിയന്മാരും തന്റെ ഈ അവസ്ഥ അറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമെന്നും വിവാഹമോചനം വരെ ചെയ്യിപ്പിക്കുമെന്നും സജിന ഭയന്നു.. തന്റെ മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും തന്നെ ഇഷ്ടപ്പെടുന്ന മറ്റുള്ളവർക്കും ഒരു തീരാ വേദനയായി വീണ്ടും വീട്ടിൽ മറ്റൊരു വിവാഹത്തിനായി കാത്തു നിൽക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് സജിനക്ക് തോന്നി.. അവളൊന്നും ആരെയും അറിയിച്ചില്ല.. വീട്ടുജോലികളും സലീമിന്റെ ഉപ്പയും പൂർണ്ണമായും സജിനയുടെ മാത്രം ഉത്തരവാദിത്തമായി..അടുക്കളയിലായാലും അലക്കിക്കൊണ്ടിരിക്കുമ്പോഴും മറ്റെവിടെയായാലും നെറ്റ് കണക്ഷനില്ലത്ത പഴയ തന്റെ ഫോൺ സജിന കൂടെ കരുതും , തന്റെ പ്രിയതമനങ്ങാനും വിളിച്ചാലോ എന്ന് കരുതി..

ദിവസങ്ങൾ കഴിഞ്ഞു പോയി.. പ്രിയതമൻ വിളിച്ചില്ല.. വെക്കലും വിളമ്പലും അലക്കലും വീട് വൃത്തിയാക്കലും അനിയന്റെ ഡ്രസ്സ് ഇസ്തിരിയിട്ട് വെക്കലും തളർന്നു കിടക്കുന്ന ഉപ്പയെ പരിചരിക്കലുമായി ആ വീട്ടിലെ എല്ലാ ജോലികളും ചെയ്ത് തന്റെ ഭർത്താവിന്റെ ഒരു ഫോൺ കോളിനായി അവൾ കാത്തു.. സലിം വിളിച്ചില്ല.. സലീം പോയി കൃത്യം പന്ത്രണ്ടാം നാൾ, ഉപ്പയുടെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു കോൾ വന്നു. സജിനയായിരുന്നു ഫോണെടുത്തത്. “ഹലോ, ആരാ?”” ഞാൻ സലീമാ, ഖത്തറിൽ നിന്ന്”.. ഒരു പരുങ്ങലോടെ സജിന പറഞ്ഞു.”ഞാൻ സജിനയാണ്, നിങ്ങൾക്ക് സുഖമാണോ?”.”ഊം”” ഇവിടെ എല്ലാവർക്കും സുഖമാണ്, ഉപ്പ വ്യത്യാസമൊന്നുമില്ലാതെ പഴയ പടി തുടരുന്നു, ഉമ്മ സുഖമായിരിക്കുന്നു. സൽമയും സാഹിറയും വന്നിരുന്നു അവർക്കും സുഖമാണ്. സൽമാൻ വണ്ടിയിൽ പോകുന്നുണ്ട്. അവനും സുഖമായിരിക്കുന്നു”..സജിന ഇത്രയും പറഞ്ഞതിനുശേഷം സലീം അവളോട് ചോദിച്ചു.”നിനക്ക് സുഖമാണോ””ഊം”അവൾ മറുപടിയും പറഞ്ഞു..” ഉപ്പാക്ക് കൊടുക്കണോ?”.. “ഉം , കൊടുക്ക് “.. സജിന ഉപ്പാക്ക് ഫോൺ കൊടുത്തു.. സലിം ഉപ്പയുടെ വിശേഷങ്ങൾ അന്വേഷിച്ചു. ഉപ്പ, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞ് അവന്റെ വിശേഷങ്ങൾ അന്വേഷിച്ചു.. ഉപ്പ സജിനയോട് വെളിയിലേക്ക് പോകാൻ പറഞ്ഞു.. സജിന റൂമിന് വെളിയിലേക്ക് പോയി.. ഉപ്പ സംസാരിക്കുന്നത് തന്നെ കുറിച്ചാണെന്ന് സജിനക്ക്‌ അറിയാമായിരുന്നു.. സജിന ഫോൺ തനിക്ക് തരാൻ സലിം പറയുമെന്ന് പ്രതീക്ഷിച്ച് റൂമിന് വെളിയിൽ കാത്തു നിന്നു.. അങ്ങനെയൊന്നും സംഭവിച്ചില്ല, സലിം ഫോൺ കട്ട് ചെയ്തു..”അവൻ നല്ലവനാണ്. വളരെ ചെറിയ വയസ്സിലെ കുടുംബഭാരം ചുമന്ന്, രണ്ട് പെങ്ങന്മാരെയും എന്റെ ചികിത്സയും മറ്റെല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന അവൻ നിന്നെയും തീർച്ചയായും മനസ്സിലാക്കും. മോള് വിഷമിക്കുകയൊന്നും വേണ്ട, എല്ലാം ശരിയാകും”.ഉപ്പ സജിനയെ ആശ്വസിപ്പിച്ചു.. ദിവസങ്ങൾ പിന്നെയും കടന്നുപോയി..

സാഹിറ കുറച്ചുദിവസം നിൽക്കാനായി അവളുടെ ഭർത്താവുമായി വന്നു.. ഉപ്പയുടെ സുഖവിവരങ്ങൾ അന്വേഷിച്ചും ഉമ്മയുടെയും സലീമിന്റെയും വിശേഷങ്ങൾ അന്വേഷിച്ചും സാഹിറയുടെ ഭർത്താവ് റൗഫ് അവളെ വീട്ടിലാക്കി തിരിച്ചു പോയി.. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് റൗഫിന്റെ ഉപ്പയും ഉമ്മയും കുടുംബത്തിലെ മറ്റ് മുതിർന്നവരും സാഹിറയ്ക്ക് ശത്രുക്കളായി തോന്നി.. അവൾ അവരുടെ കുറ്റവും കുറവും വെറുപ്പോടെയും ദേഷ്യത്തോടെയും ഓരോന്നോരോന്നായി പറഞ്ഞുകൊണ്ടിരുന്നു.. തന്റെ മക്കളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ നല്ല ഭക്ഷണവും വിലകൂടിയ മോഡേൺ ഡ്രസ്സുകളും മറ്റും വാങ്ങിക്കൊടുത്ത് മക്കൾ എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കുന്നത് കാണാൻ ഇഷ്ടപ്പെട്ട ആ പിതാവ്, ആക്സിഡന്റ് പറ്റി കിടപ്പിലായതോടെയാണ് മനസ്സിലാക്കിയത് തന്റെ മക്കൾ അവരുടെ താല്പര്യത്തിനും ഇഷ്ടത്തിനും മാത്രം ഊന്നൽ കൊടുത്ത്, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ ഒന്നും മനസ്സിലാക്കാതെ വെറും പരിഷ്കാരികളായാണ് ജീവിക്കുന്നത് എന്ന്.. അദ്ദേഹത്തിന് അദ്ദേഹത്തോട് തന്നെ പുച്ഛം തോന്നി..അദ്ദേഹം മകളോട് പറഞ്ഞു..”മോളെ സാഹിറ, അവരൊക്കെ പഴയ ആളുകളാണ്, നിന്റെ ഈ പരിഷ്കാരവും ജീവതരീതിയും അവരെന്നല്ല ആരും ഇഷ്ടപ്പെടില്ല. നീ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ച് അവരുടെ മനസ്സിൽ കയറിപ്പറ്റണം. എന്നാൽ അവര് നിന്നെയും സ്നേഹിക്കും”.. “എനിക്ക് ആ തള്ളയുടെയും തന്തയുടെയും മനസ്സിൽ കയറി പറ്റണ്ട, എനിക്ക് ഇഷ്ടപ്പെട്ട പോലെയേ ഞാൻ ചെയ്യൂ”..ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ഒരു ദയാദാക്ഷ്യണ്യവും കൂടാതെയാണ് സാഹിറ അതിന് മറുപടി പറഞ്ഞത്.. ഭക്ഷണവും ഉറക്കവും മൊബൈൽഫോണുമായി മറ്റൊരു ജോലിയും ചെയ്യാതെ, അനങ്ങാതെ കിടക്കുന്ന സ്വന്തം ഉപ്പയോട് ഒന്ന് സംസാരിക്കാൻ പോലും മെനക്കെടാതെ, അവളുടെ ഉത്തരവാദിത്വം കൂടി സജിനയെ ഏൽപ്പിച്ച് സാഹിറ അവളുടെ ഇഷ്ടത്തിന് നടന്നു..

വിവാഹശേഷം സലീമുമൊത്ത് പോയതാണ് സജിന സജിനയുടെ വീട്ടിൽ, ഒരു മാസമായി, അവളുടെ വീട്ടിൽ നിന്ന് പലരും പലപ്പോഴായി വന്നിരുന്നെങ്കിലും, സജിന വീട്ടിൽ പോയിരുന്നില്ല.. സാഹിറ വന്ന് രണ്ട് ദിവസത്തിന് ശേഷം ഉപ്പയാണ് പറഞ്ഞത് “ഇവിടെ ഇപ്പോൾ സാഹിറ ഉണ്ടല്ലോ, നീ രണ്ടു ദിവസം നിന്റെ വീട്ടിൽ പോയി നിന്ന് പോര് ” എന്ന്.. താൻ മനസ്സിൽ ആഗ്രഹിച്ചത് കണ്ടറിഞ്ഞ് പറഞ്ഞ ഉപ്പയോട് സജിനക്ക് ഒരുപാട് ഇഷ്ടം തോന്നി..”സലീമിക്കയോട് ചോദിക്കണ്ടേ”.. സജിന ഉപ്പയോട് ചോദിച്ചു.. അതിന്റെ ആവശ്യമൊന്നുമില്ല, അവനതൊന്നും കാര്യമാക്കില്ല.. അവരെ ഒരുമിപ്പിക്കാൻ വേണ്ടിയാവണം, ഉപ്പ സജിനയോട് പറഞ്ഞു.” നീ അവനെ ഒന്ന് വിളിച്ചു നോക്ക്, പുതിയ നമ്പർ നിന്റെ അടുത്ത് ഇല്ലേ? “..പുതിയ നമ്പർ ഉപ്പയുടെ മൊബൈലിൽ നോക്കി സജിന അന്ന് തന്നെ അവളുടെ ഫോണിൽ സേവ് ചെയ്തിരുന്നു.. ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യക്ക് ഭർത്താവിനെ ഒന്ന് ഫോൺ ചെയ്യാൻ പോലും ധൈര്യമില്ലാത്ത അവസ്ഥ ഒരു സ്ത്രീക്കും ഉണ്ടാകരുതേ..!സജിന ഒരു നിമിഷം ചിന്തിച്ചു.. രണ്ടും കൽപ്പിച്ച് അവൾ അവന് ഫോൺ ചെയ്തു.. ഫോൺ കട്ട് ചെയ്ത് അവൻ തിരിച്ചു വിളിച്ചു..”എന്താണ്, ഞാൻ വണ്ടിയോടിച്ചു കൊണ്ടിരിക്കുകയാണ്” സലിം പറഞ്ഞു.. സജിന, എന്ത് പറയണമെന്നോ എന്ത് ചോദിക്കണമെന്നോ അറിയാതെ ആശയ കുഴപ്പത്തിലായി.. പെട്ടെന്ന് തന്റെ മാനസിക നില തിരിച്ചെടുത്ത് അവൾ പറഞ്ഞു”സാഹിറ വന്നിട്ടുണ്ട്. അവളും ഉമ്മയും ഉണ്ടല്ലോ, ഞാനെന്റെ വീട്ടിൽ ഒന്ന് പോയിക്കോട്ടെ”..”പോയിക്കോളൂ, അതിനൊന്നും എന്നോട് അനുവാദം ചോദിക്കണമെന്നില്ല, ഞാൻ പിന്നെ വിളിക്കാം”.. സലിം ഫോൺ കട്ട് ചെയ്തു.. സജിന അവളുടെ വീട്ടിൽ പോകുകയാണ് എന്ന് മനസ്സിലാക്കിയ സാഹിറ അല്പം ഉച്ചത്തിൽ “ഉപ്പാനെ നോക്കാനൊന്നും എനിക്കാവില്ല, പെട്ടെന്നിങ്ങോട്ട് തിരിച്ചുവരണം.

അടുത്ത ദിവസം സജിന വളരെ നേരത്തെ എണീറ്റ് എല്ലാ പണികളും തീർത്ത് ഉപ്പയ്ക്ക് വേണ്ടതെല്ലാം ഒരുക്കി വെച്ച് അവളുടെ വീട്ടിൽ പോയി.. ചുറ്റുവട്ടത്തുള്ള വീടുകളിലും അവിടെ അടുത്തുള്ള ബന്ധു വീടുകളിലും പോയി വൈകുന്നേരമായപ്പോൾ സജിന തളർന്നുകിടക്കുന്ന ആ ഉപ്പയെ ഓർത്തു.. അതവൾ അവളുടെ വീട്ടിൽ പറഞ്ഞു.. ഉമ്മ ഉപ്പയുടെ ആക്സിഡന്റിനുശേഷം അധികമാരോടും മിണ്ടാതെ, ചിരിക്കാതെ തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കും. ഉപ്പയുടെ കാര്യത്തിലും ഏതാണ്ട് അതുപോലെയൊക്കെ തന്നെയാണ് ഉമ്മ ചെയ്യാറ്. വേണ്ടത് വേണ്ട സമയത്ത് ചെയ്യില്ല.. സജിനയുടെ വീട്ടുകാരേ ആദ്യത്തിൽ സലീമിന്റെ ഉമ്മയുടെ സ്വഭാവം അലോരസപ്പെടുത്തിയിരുന്നെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോൾ അവർക്ക് ഉമ്മയോട് സഹതാപം തോന്നി.. അന്നുതന്നെ തിരിച്ചു പോകാൻ ഉമ്മയും, ഞാൻ വരുന്നുണ്ട് എന്നറിഞ്ഞിട്ട് വന്ന അനിയത്തിയും മറ്റുള്ളവരും സമ്മതിക്കില്ല എന്ന് സജിനയ്ക്ക് ഉറപ്പായിരുന്നു.. ഒരുപാട് ലോകം കണ്ട തന്റെ ഉപ്പാക്ക് അത് മനസ്സിലാകും എന്ന് സജിനക്കറിയാമായിരുന്നു..

ഉമ്മയും മറ്റുള്ളവരും ചോദിച്ച പോലെ ഉപ്പയും ചോദിച്ചു “ഓന്റെ അനിയത്തി ഇല്ലേ അവിടെ, ഓള് നോക്കൂലെ, ഓളെ ബാപ്പനെ”.. “അവൾക്ക് സുഖമില്ല. ഊര വേദനയാണ്”.സജിന അവൾക്ക് അപ്പോൾ തോന്നിയത് പറഞ്ഞു.. സജിനയുടെ ബാപ്പ മറ്റൊന്നും ആലോചിക്കാതെ അനിയന്റെ മകനെ വിളിച്ച് സജിനയെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ പറഞ്ഞു.. തന്റെ ഉറ്റവരെയും ഉടയവരെയും പെട്ടെന്ന് പിരിഞ്ഞു പോകാൻ സജിനക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും, ഒന്ന് ചലിക്കാൻ പോലുമാകാതെ കിടക്കുന്ന ആ ഉപ്പയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉമ്മയ്ക്ക് കഴിയില്ല, സാഹിറ അതിന് മെനക്കെടുകയും ഇല്ല. അത് തനിക്കേ ഇപ്പോൾ കഴിയൂ എന്നറിയാവുന്ന അവൾ അവരോടെല്ലാം യാത്ര പറഞ്ഞ് പോന്നു.. സജിനയുടെ ഉപ്പയ്ക്കും ഉമ്മയ്ക്കും അവരുടെ മകളിൽ അഭിമാനം തോന്നി..സലിം വാച്ചിൽ നോക്കി സമയം ഒന്നേമുക്കാൽ ആയിരിക്കുന്നു.. തന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിക്കൊണ്ടിരിക്കുന്ന സജിനയുടെ കൈ പതുക്കെ അടർത്തിമാറ്റി ബാത്റൂമിൽ പോകാനൊരുങ്ങിയ സലീമിനോട് ഉറക്കമുണർന്ന സജിന ചോദിച്ചു..”നിങ്ങൾ ഇനിയും ഉറങ്ങിയില്ലേ?”..”ഉറക്കം വന്നില്ല, ഞാൻ ഓരോന്നാലോചിച്ച് കിടന്നു”.. ബാത്റൂമിൽ പോയി വന്ന സലീമിനോട്, താൻ കരഞ്ഞതുകൊണ്ടും സങ്കടപ്പെട്ടതുകൊണ്ടുമാണ് സലിം ഉറങ്ങാഞ്ഞത് എന്ന് ചിന്തിച്ച്, സജിന ചോദിച്ചു..”സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം എന്റെ ഉള്ളിൽത്തന്നെ ഇട്ട് കുഴിച്ചുമൂടിയിരുന്ന എന്നോട് ദേഷ്യപ്പെട്ട് നിങ്ങൾ ചോദിച്ചത് കൊണ്ടല്ലേ ഞാനന്ന് എല്ലാം തുറന്ന് പറഞ്ഞത്”.. അവൾ അന്ന് പറഞ്ഞതെല്ലാം വീണ്ടും ഓർത്തപ്പോൾ സലീമിന് സങ്കടം നിയന്ത്രിക്കാനായില്ല..സലീമിന് ഉറക്കം വന്നില്ല..സജിനയ്ക്കും… തുടരും….Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com