
എല്ലാം നിന്റെയുള്ളിൽ..സകല ജന്തു സസ്യലതാദികളെയും സൃഷ്ടിച്ച ദൈവം മനുഷ്യനെയും സൃഷ്ടിച്ചു.. നാളെ എന്തായാലും കുഴപ്പമില്ല എന്ന മട്ടിൽ മനുഷ്യനൊഴികെയുള്ള ജന്തുക്കളും സസ്യങ്ങളും അന്നന്ന് ജീവിച്ചു..ആഗ്രഹങ്ങളും ആവശ്യങ്ങളും കുറവായിരുന്നതിനാൽ അവർ ഒരു കാര്യത്തിനും ദൈവത്തെ ബുദ്ധിമുട്ടിച്ചില്ല.. പക്ഷേ മനുഷ്യൻ അന്നന്ന് ജീവിക്കാൻ മറന്നു.. ആഗ്രഹങ്ങളുടെയും ആർഭാടങ്ങളുടെയും പുറകെ പോയ മനുഷ്യൻ അത് നേടാനായി അന്നന്ന് ജീവിക്കാതെ അതെല്ലാം നേടിയിട്ട് ജീവിക്കാം എന്ന് കരുതി.. എണ്ണിയാൽ ഒടുങ്ങാത്ത ആഗ്രഹങ്ങളും ആവശ്യങ്ങളും ഉള്ള മനുഷ്യൻ ദൈവത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു.. മറ്റൊരു ജീവജാലങ്ങൾക്കും ഇല്ലാത്ത ആർത്തിയും അത്യാഗ്രഹവും മനുഷ്യനെ വീണ്ടും വീണ്ടും ദൈവത്തെ ശല്യപ്പെടുത്താൻ പ്രേരിപ്പിച്ചു.. ദൈവം അതിൽനിന്ന് ഒഴിഞ്ഞുമാറാനായി കാട്ടിലും മലയിലും സമുദ്രത്തിനടിയിലും പോയി ഒളിച്ചു ..
മനുഷ്യർ വിടുമോ, അവരവിടെയെല്ലാമെത്തി ദൈവത്തോട് ആവശ്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.. അറുപതോ എഴുപതോ വർഷം ആയുസ്സുള്ള മനുഷ്യൻ അഞ്ഞൂറോ ആയിരമോ വർഷം ജീവിക്കും എന്നപോലെ ദൈവത്തോട് തന്റെ ആവശ്യങ്ങൾ ഉന്നയിച്ചു.. തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ആവശ്യങ്ങൾ വരെ ദൈവത്തോട് അവർ പറഞ്ഞു.. മനുഷ്യർ സ്വയം ശ്രമിക്കാതെ എന്തിനും ഏതിനും ദൈവത്തെ ആശ്രയിക്കുന്നത് കൊണ്ട് ദൈവത്തിന് അസ്വസ്ഥതയായി.. എങ്ങനെ ഈ മനുഷ്യരിൽ നിന്ന് രക്ഷപ്പെടും എന്ന് ദൈവം ചിന്തിച്ചു.. ദൈവത്തിന് അതിന് ഉത്തരം കണ്ടെത്താനായില്ല.. ദൈവം മനുഷ്യരിലേക്ക് ഇറങ്ങി, അതിനൊരു ഉത്തരം തേടി.. ഏറ്റവും സന്തോഷവാനായ ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അദ്ദേഹത്തിന് തന്നെ സഹായിക്കാൻ കഴിയുമെന്ന് ദൈവം ചിന്തിച്ചു.. കൊട്ടാരത്തിലും കുടിലിലും തിരഞ്ഞെങ്കിലും ദൈവത്തിന് അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല.. എല്ലാവർക്കും ഉണ്ടായിരുന്നു സങ്കടങ്ങളും പരിഭവങ്ങളും.. സന്തോഷവാനായ ഒരു വ്യക്തിയെ ദൈവം കണ്ടെത്തി.. ഒരുപാട് അലച്ചിലിനുശേഷം രണ്ട് കാലുകളും ചലിപ്പിക്കാൻ കഴിയാതെ കൈ ഉപയോഗിച്ച് നിരങ്ങി നിരങ്ങി നീങ്ങുന്ന ഒരു പടു വൃദ്ധൻ ഭിക്ഷക്കാരനെ ദൈവം കണ്ടു.. അന്നന്നത്തെ ജീവിതം ജീവിക്കുക അതായിരുന്നു അയാളുടെ നിലപാട്. അത് സന്തോഷമായാലും ദുഃഖമായാലും കഷ്ടപ്പാടുകളായാലും അതിനെയെല്ലാം അംഗീകരിച്ച് സ്വീകരിച്ച് സ്നേഹിച്ച് അതിജീവിക്കുക അതായിരുന്നു അയാൾ.. അഞ്ഞൂറോ ആയിരമോ വർഷം ജീവിക്കാൻ മനുഷ്യന് കഴിയില്ല എന്നതുകൊണ്ട് കഷ്ടപ്പാടുകൾക്കും ഒരു സുഖമുണ്ട് എന്ന് അയാൾ വിശ്വസിച്ചു..
ഒരിക്കൽപോലും തന്നോട് ഒരു ആവശ്യവും ചോദിക്കാത്ത ഇത്രയും നിരാലംബനായ അയാളെ കണ്ട് ദൈവം അത്ഭുതം കൂറി.. ദൈവം ദൈവത്തിന്റെ പ്രശ്നം അയാളോട് പറഞ്ഞു.. അയാൾ നിസ്സാരമായിട്ട് ദൈവത്തോട് പറഞ്ഞു,”നിങ്ങൾ ഈ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും അവർ നിങ്ങളെ തേടിയെത്തും. നിങ്ങൾക്ക് അവരുടെ ശല്യം ഒഴിവാക്കണമെങ്കിൽ നിങ്ങൾ അവരുടെ ഹൃദയത്തിൽ കയറി ഒളിച്ചിരിക്കുക. എവിടെയെല്ലാം തിരഞ്ഞാലും മനുഷ്യൻ അവന്റെ ഉള്ളിലേക്ക് നോക്കില്ല”.. ദൈവത്തിന് ആ ഭിക്ഷക്കാരന്റെ വാക്ക് കേട്ട് അത്ഭുതം തോന്നി.. ദൈവം മനുഷ്യമനസ്സിൽ കയറി കുടിയിരുന്നു.. ദൈവത്തിന് സന്തോഷമായി.. ഒരാളും തന്നെ ആവശ്യങ്ങളോ ആഗ്രഹങ്ങളോ പറഞ്ഞ് ബുദ്ധിമുട്ടിച്ചില്ല.. അവർ അലയുകയാണ് ദൈവത്തെ തേടി, കല്ലും മുള്ളും മലയും പുഴയും കാടും തോടും എല്ലാം മറികടന്ന്..Sidhique Patta..


