രേഖാച്ചിത്രം..

മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഞാൻ സൗദി അറേബ്യയിൽ ഒരു ഗ്രോസറിയിൽ ജോലിചെയ്യുന്ന കാലം.. കച്ചവടം ക്ഷയിച്ച് കട നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഞാനവിടെ ജോലിയിൽ പ്രവേശിച്ചത്. ഞാൻ മാത്രമാണ് കടയിൽ ജോലിക്കാരനായി ഉണ്ടായിരുന്നത്..ഒരു ദിവസം അസറിനു ശേഷം കട തുറന്ന് ഒരു സിഗരറ്റ്* വലിച്ചുക്കൊണ്ട് കടയ്ക്ക് പുറത്ത് നിൽക്കുമ്പോളായിരുന്നു ഞാനവനെ ആദ്യമായി കാണുന്നത്..അവൻ സിഗരറ്റ് വാങ്ങിക്കാൻ വന്നതായിരുന്നു..”ഒരു പാക്കറ്റ് മൾബറോ വൈറ്റ്”.. വലിച്ചിരുന്ന സിഗരറ്റ് കുറ്റി ഒരിടത്ത് സുരക്ഷിതമായി വെച്ച് കടയിൽ കയറി അവനു വേണ്ട മൾബറോ വൈറ്റ് എടുത്തു കൊടുത്തു…
മലയാളിയാണ് എന്ന് എനിക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായിരുന്നു..”നാട്ടിൽ എവിടെയാണ്?”..”കൊല്ലം” എന്ന് പറഞ്ഞ് സിഗരറ്റിന്റെ പൈസ തന്ന് വെളിയിലേക്ക് ഇറങ്ങി അവനും ഒരു സിഗരറ്റ് കത്തിച്ചു.. കടയുടെ ഒരു കോണിൽ വെച്ച എറിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റ് കുറ്റിയെടുത്ത് ഞാനും വലിക്കാൻ ആരംഭിച്ചു..കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു..പേര് സുനിൽ ആണ് എന്നും വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ പിതാവാണ് എന്നും സൗദിയിൽ നാലുവർഷമായി ഒരു കമ്പനിയിൽ കണക്കപ്പിള്ളയായി (Account) ജോലി ചെയ്യുന്നു എന്നും അവൻ പറഞ്ഞു..അവനും എന്നെപ്പോലെ സംസാരപ്രിയനായിരുന്നു. അവൻ ഇടയ്ക്കിടെ കടയിൽ വന്നു..ഇടയ്ക്കിടയ്ക്ക് 10 റിയാലിനും 20 റിയാലിനും സിഗരറ്റ് അടക്കമുള്ള സാധനങ്ങൾ അവൻ എന്നോട് കടം വാങ്ങും . അടുത്ത തവണ വരുമ്പോൾ അതിന്റെ കാശ് തരുകയും ചെയ്യും..
കട സൗദികൾ മാത്രം താമസിക്കുന്ന ഒരിടത്തായിരുന്നു. മലയാളികളെ കാണുന്നത് വളരെ വിരളം. അതുകൊണ്ടുതന്നെ സുനിലിന്റെ ഇടയ്ക്കിടയ്ക്കുള്ള വരവും സംസാരവും ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു.. രണ്ട് രണ്ടര മാസത്തോളം രണ്ടുദിവസം കൂടുമ്പോഴും മൂന്നുദിവസം കൂടുമ്പോഴും എന്ന തോതിൽ അവൻ കടയിൽ വന്നു.. സംസാര പ്രിയനായ ഞാനും അവനോട് പലതും സംസാരിച്ച് സന്തോഷപ്രിയനായി.. അവസാനമായി അവൻ വന്ന് സാധാരണ പോലെ പലതും സംസാരിച്ചതിനു ശേഷം എന്നോട് പറഞ്ഞു, “ഭാര്യയും മക്കളും നാട്ടിൽ നിന്ന് വന്നിട്ടുണ്ട്. സാധാരണ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ കിട്ടുന്ന ശമ്പളം കിട്ടിയിട്ടില്ല. എനിക്ക് നീ കുറച്ചു സാധനം കടം തരണം. നാളെയോ മറ്റെന്നാളോ എനിക്ക് ശമ്പളം കിട്ടും. ഞാൻ അപ്പോൾ കാശ് തരാം” എന്ന്..”അതിനെന്താ,നിനക്ക് വേണ്ടത് എടുത്തോളു?” എന്ന് ഞാൻ മറുപടി പറയുമ്പോൾ ഞാൻ വിചാരിച്ചത് അവന് ഒരു 50 റിയാലിന്റെയോ 100 റിയാലിന്റെയോ സാധനങ്ങൾ ആയിരിക്കും വേണ്ടി വരിക എന്നാണ്.. ശുഷ്കിച്ച് ശോഷിച്ച എന്റെ കടയിൽ സാധനങ്ങൾ കുറവായിരുന്നുവെങ്കിലും അവൻ കടയിൽ നിന്ന് എടുക്കാവുന്നതെല്ലാം എടുത്ത് 425 റിയാലിന്റെ ബില്ലാക്കി എന്നോട് യാത്ര പറഞ്ഞു പോയി.. പിന്നീട് ഞാൻ അവനെ കണ്ടിട്ടേയില്ല.. മൊബൈൽ ഫോൺ ഒന്നും നിലവിൽ വന്നിരുന്നില്ല. ലാൻഡ് ലൈൻ നമ്പറോ മറ്റേതെങ്കിലും തരത്തിൽ അവനെ ബന്ധപ്പെടാനുള്ളതോ ആയ ഒന്നും എനിക്ക് അറിയില്ലായിരുന്നു.. ഇന്നും പച്ചക്കുത്തിയത് പോലെ അവന്റെ രൂപം എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്.. ചിത്രകലയിൽ എനിക്കുള്ള അപാര പ്രാഗല്ഭ്യം കൊണ്ട് എനിക്ക് ആ രൂപം വരയ്ക്കാൻ കഴിയില്ലായെന്നയൊള്ളൂ..
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസ് ബയോളജി ടീച്ചർ തെരസ് മേരി സിസ്റ്റർ ഓരോരുത്തർക്കായി വിതരണം ചെയ്യുന്നു.. എന്റെ പേപ്പറും കിട്ടി. അൻപതിൽ 44 മാർക്ക്.. ഞാനെന്റെ ഉത്തരക്കടലാസ് ഓരോന്നായി മറിച്ച് ഓരോ ഉത്തരത്തിനും എത്ര മാർക്ക് കിട്ടിയിട്ടുണ്ട് ഏതാണ് തെറ്റിപ്പോയത് എന്നൊക്കെ നോക്കി.. അവസാനത്തെ നാല് മാർക്കിന്റെ ചോദ്യം കണ്ണിന്റെ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്താനായിരുന്നു.. ഞാൻ കഷ്ടപ്പെട്ട് വരച്ച്, റെറ്റിന, ഐറിസ്, കോർണിയ, ലെൻസ് തുടങ്ങി ഓരോ ഭാഗങ്ങളും ശരിയായി അടയാളപ്പെടുത്തിയ ആ ചിത്രത്തിന് ടീച്ചർ അര മാർക്ക് പോലും തരാതെ ചുവപ്പ് മഷി കൊണ്ട് ക്രോസിന് വെട്ടിയിട്ടിരിക്കുന്നു.. എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നിരുന്ന സഹപാഠികൾക്ക് ഞാൻ ആ ചിത്രം കാണിച്ചു കൊടുത്തപ്പോൾ അവർ പൊട്ടിച്ചിരിച്ചു, എന്നിട്ട് കൂട്ടത്തിൽ ഒരുവൻ പറഞ്ഞു ” ടീച്ചറെ കുറ്റം പറയാൻ ആവില്ല, നീ ഈ ചിത്രത്തിന്റെ അടിയിൽ “ഇത് കണ്ണാണ്” എന്ന് എഴുതി വെക്കുകയും കൂടി ചെയ്യണമായിരുന്നു”.. ചിരി അടങ്ങിയതിനുശേഷം അവര് പറഞ്ഞു “ചിത്രം നന്നായില്ലെങ്കിലും ഭാഗങ്ങളൊക്കെ ശരിയായി അടയാളപ്പെടുത്തിയാൽ പകുതി മാർക്ക് കിട്ടും” എന്ന്. അത് എനിക്കും അറിയാമായിരുന്നു..
ഞാൻ ഉത്തരക്കടലാസും കൊണ്ട് ടീച്ചറുടെ അടുത്തേക്ക് പോയി..ടീച്ചർക്ക് ആ ചിത്രം കാണിച്ചു കൊടുത്തിട്ട് “ഭാഗങ്ങളൊക്കെ അടയാളപ്പെടുത്തിയത് ശരിയല്ലേ?, അതിന് മാർക്ക് കിട്ടില്ലേ?” എന്ന് ചോദിച്ചു.. ടീച്ചർ സ്നേഹത്തോടെ എന്നെ ശകാരിച്ചിട്ട് പറഞ്ഞു “ഒരു രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഇതിലും നന്നായിട്ട് വരയ്ക്കും. നീ എന്താണ് ഈ വരച്ചു വച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ( ആനുവൽ എക്സാം ) എന്തായാലും നാലു മാർക്കിന്റെയോ അഞ്ചു മാർക്കിന്റെയോ ചിത്രം വരയ്ക്കാൻ ഉണ്ടാവും. നിനക്കിതിന് മാർക്കൊന്നും തരില്ല. നീ പോയി ആദ്യം വരച്ചു പഠിക്ക്” എന്ന്..”ആയിക്കോട്ടെ” എന്ന് സ്നേഹത്തോടെ പറഞ്ഞ് ടീച്ചറുടെ കയ്യിൽ ആയിരുന്ന ആ ഉത്തരക്കടലാസ് വാങ്ങി ഞാൻ പോകാൻ ഒരുങ്ങിയപ്പോൾ ടീച്ചർ ആ ചിത്രത്തിലെ ഭാഗങ്ങൾ അടയാളപ്പെടുത്തിയതിന് നേരെ ശരിയിട്ട് രണ്ടു മാർക്ക് കൂട്ടി ആദ്യത്തെ പേജിന്റെ മുകളിൽ 44+2/50 എന്ന് എഴുതിത്തന്നു.. ഒരു ക്ലാസിലും ചിത്രം വരച്ചിട്ട് എനിക്ക് മുഴുവൻ മാർക്കും കിട്ടിയിട്ടില്ല..ദൈവത്തിന്റെ ആ മണവാട്ടി ഒന്ന് രണ്ടു വർഷം മുമ്പാണ് മരിച്ചത്.. അവർ ആഗ്രഹിച്ചതുപോലെ ദൈവ സന്നിധിയിൽ ഏറ്റവും മനോഹരമായ ഒരു ഇടം അവർക്ക് ലഭിക്കട്ടെ…
ഞാൻ പറഞ്ഞു വന്നത് ചിത്രരചനയിൽ ഉള്ള എന്റെ പ്രാഗല്ഭ്യത്തെ കുറിച്ചാണ്.. സുനിലിന്റെ ചിത്രം എനിക്ക് വരയ്ക്കാൻ കഴിയില്ലെങ്കിലും രേഖ ചിത്രം വരയ്ക്കാൻ പ്രാവീണ്യം നേടിയ ഒരാളോട് അവന്റെ മുടി ഇങ്ങനെ നെറ്റി ഇങ്ങനെ മീശ അങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്റെ ചിത്രം വരപ്പിക്കാൻ എനിക്കാകും.. അത്രയ്ക്ക് മനോഹരമായി കബളിപ്പിക്കാൻ കഴിയുന്ന ഒരാളെ ഞാനെന്നല്ല ഒരാളും എളുപ്പത്തിൽ മറക്കില്ല.. 25 വർഷങ്ങൾക്ക് ഇപ്പുറം 2020 നവംബറിലാണ് ഞാൻ തിരുവമ്പാടി ഒരു മിൽമ ബൂത്ത് തുടങ്ങുന്നത്.. കട തുടങ്ങി രണ്ട് ആഴ്ച ആയിക്കാണും, ആറടിയോളം ഉയരമുള്ള, കറുത്ത് ആരോഗ്യ ദൃഢഗോത്രനായ, ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടൻസ് ഇടാത്ത, നാലോ അഞ്ചോ പവൻ തൂക്കം വരുന്ന ഒരു സ്വർണ്ണ മാല അണിഞ്ഞ,50, 55 വയസ്സ് പ്രായം തോന്നിക്കുന്ന അയാൾ എന്റെ കടയിൽ നിന്ന് പാലും തൈരും അടക്കം 260 രൂപയുടെ സാധനം വാങ്ങിക്കുന്നത്.. കട തുടങ്ങിയതു മുതൽ നൂറും 150 ഉം രൂപയ്ക്ക് മൂന്നാല് തവണ എന്റെ കടയിൽ വന്ന് അയാൾ സാധനം വാങ്ങിയിട്ടുണ്ട്.. 260 രൂപയുടെ സാധനം വാങ്ങിയിട്ട് അയാൾ എന്നോട് “കാശ് വൈകുന്നേരം ഞാൻ വരുമ്പോൾ തരാം” എന്ന് പറഞ്ഞു.. പണം കൊണ്ട് പല കളികളും കളിച്ചിട്ടുള്ള ഞാൻ മറ്റൊന്നും ആലോചിക്കാതെ അത് സമ്മതിക്കുകയും ചെയ്തു.. ഒരു ദിവസമായി രണ്ടുദിവസമായി ഞാൻ അയാളെ കണ്ടില്ല.. കട തുടങ്ങി അധികം നാൾ ആവാത്തത് കൊണ്ടും കൊറോണ കാരണം പല കടകൾക്കും നിയന്ത്രണം ഉള്ളതുകൊണ്ട് കടയിൽ എപ്പോഴും തിരക്കായത് കൊണ്ടും എനിക്ക് അയാളെ പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല.. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ഞാൻ അയാളെ കണ്ടില്ല.. ഏതൊരു കൂട്ടത്തിലും ഞാൻ അയാളെ തിരയും. സുനിലിന്റെ രൂപം എന്നപോലെ അയാളുടെ രൂപവും ഞാൻ എന്റെ മനസ്സിൽ പച്ച കുത്തിയിരുന്നു..
കഴിഞ്ഞവർഷം നവംബറിൽ ഞാൻ ഫേസ്ബുക്കിൽ പരധിക്കൊണ്ടിരുന്നപ്പോൾ നാലാം ചരമ വാർഷികം എന്ന കുറിപ്പോടെ ഒരു ഫോട്ടോ കണ്ടു.. എനിക്ക് 260 രൂപ തരാനുള്ള ആളാണ് അത് എന്ന് എനിക്ക് തോന്നി..ഞാൻ അത് പോസ്റ്റ് ചെയ്തിരുന്ന ആളുടെ പ്രൊഫൈൽ തുറന്നു നോക്കി.. അത് അയാൾ തന്നെ എന്ന് ഞാൻ മനസ്സിലാക്കി.. ഞാൻ പുറകോട്ട് പോയി നോക്കിയപ്പോൾ ഓരോ നവംബർ പതിനെട്ടാം തീയതിയും മൂന്നാം ചരമവാർഷികം രണ്ടാം വാർഷികം ഒന്നാം ചരമ വാർഷികം എന്ന് അവൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഞാൻ വീണ്ടും താഴോട്ട് പോയി.. 2020 നവംബർ പതിനെട്ടാം തീയതി അവൻ പോസ്റ്റ് ചെയ്തത് അയാളുടെ ഫോട്ടോ വെച്ച് നിര്യാതനായി, ആദരാഞ്ജലികൾ എന്നായിരുന്നു..എന്റെ കടയിൽ നിന്ന് സാധനം വാങ്ങി പോയതിന്റെ അടുത്ത ഏതോ ദിവസമാണ് അയാൾ മരിച്ചത്..എനിക്കെന്തോ വല്ലാതെയായി.. സൗദി അറേബ്യയിൽ നിന്ന് 425 റിയാലിന് സാധനം വാങ്ങിപ്പോയ സുനിലിനും എന്തെങ്കിലും പറ്റിയതായിരിക്കുമോ?, ആവോ?, ആർക്കറിയാം?.
- *പുകവലി ആരോഗ്യത്തിന് ഹാനികരം
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം..Sidhique Patta..



