
മുക്കം : മലബാർ റിവർ ഫെസ്റ്റിവലിന്‍റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന അഖില കേരള കബഡി ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒൻപതു മുതൽ മുക്കം പി.സി. ജങ്ഷനുസമീപം പ്രത്യേകം തയ്യാറാക്കിയ മൈതാനത്താണ് മത്സരം.മുക്കം നഗരസഭ വാങ്ങിയ കബഡി മാറ്റിന്‍റെ ഉദ്ഘാടനവും അതോടനുബന്ധിച്ച് നടക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി ഇരുപതോളം പുരുഷ-വനിത ടീമുകൾ പങ്കെടുക്കും. അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ കൂടുതൽ ആകർഷകവും ജനകീയവുമാക്കുന്നതിന്‍റെ ഭാഗമായാണ് നഗരസഭ കബഡി ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.വിജയികൾക്ക് മുക്കത്തെ സാംസ്കാരികമേഖലയിലെ നിറസാന്നിധ്യമായിരുന്ന വി. കുഞ്ഞാലി ഹാജിയുടെ നാമധേയത്തിലുള്ള ട്രോഫികൾ സമ്മാനിക്കും. ഞായറാഴ്ച രാവിലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിനും ഘോഷയാത്രയ്ക്കും ശേഷം ലിൻറോ ജോസഫ് എം.എൽ.എ. ടൂർണമെൻറ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.



