
ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണു പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണു സർക്കാർ തീരുമാനം. അധ്യാപക സംഘടനകളുടെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെയും ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ നേരത്തെ ഉത്തരവ് റദ്ദാക്കിയത്. വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടവർ എന്നിവരുമായി കൂടിയാലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.



