
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യാൻമുഴി യൂണിറ്റിലെ വ്യാപാരികൾ മുക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും, ഹോം ഗാർഡുകൾക്കും ഉപയോഗിക്കുവാൻ ആവശ്യമായ കുടകൾ വാങ്ങി നൽകി മാതൃകയായി.
നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമന്റെ സാന്നിദ്ധ്യത്തിൽ യൂണിറ്റ് ഭാരവാഹികളിൽ നിന്നും സർക്കിൾ ഇൻസ്പെക്ടർ ജീവന്‍ ജോർജ് കുടകൾ ഏറ്റുവാങ്ങി.
മുക്കം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു. ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് നിരവധിയായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ യൂണിറ്റ് കാഴ്ചവെച്ചതായി അദ്ദേഹം പറഞ്ഞു. പ്രയാസം അനുഭവിക്കുന്ന നിരവധി പേർക്ക് ചികിത്സാ സഹായവും, ഭക്ഷ്യ കിറ്റുകളും അവരവരുടെ ഭവനങ്ങളിൽ എത്തി വിതരണം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരികളുടെ മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും, മഴയത്തും വെയിലത്തും ഉപയോഗിക്കുവാൻ ഉതകുന്ന തരത്തിലുള്ള കുടകൾ ലഭിച്ചത് ഉപകാരപ്രദമായി എന്നും സി ഐ ജീവൻ ജോർജ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, പോലീസ് ഓഫീസർമാരായ എസ് ഐ ശ്രീജിത്ത്, അബ്ദുൾറഹിമാൻ,സജയിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരി നേതാക്കളായ പ്രമോദ് സി, ഗിരീഷ് കുമാർ, അബ്ദുൾ നാസർ, മുഹമ്മദ് ഹനീഫ, രമേശ് കെ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



