LOCAL NEWS

രാഹുൽഗാന്ധിക്ക് ചൊവ്വാഴ്ച വയനാട്ടിൽ സ്വീകരണം

കല്പറ്റ : അയോഗ്യനാക്കപ്പെട്ടതിനുശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുൽഗാന്ധിക്ക് ജില്ലാ യു.ഡി.എഫ്. കമ്മിറ്റി സ്വീകരണം നൽകും. പതിനൊന്നിന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എം.പി. ഓഫീസിന് എതിർവശത്തുള്ള ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുക.

സമ്മേളനത്തിനു മുന്നോടിയായി എസ്.കെ.എം.ജെ. ഹൈസ്കൂളിന് സമീപത്തുനിന്ന് റോഡ് ഷോ തുടങ്ങും. എ.ഐ.സി.സി. ഭാരവാഹികളും സംസ്ഥാന യു.ഡി.എഫ്. നേതാക്കളും പങ്കെടുക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവർത്തകരും പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള പ്രതിനിധികളും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും.

മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാർലമെന്റിൽ ചോദ്യംചെയ്തതിന്റെപേരിലാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. രാഹുൽ ചോദിച്ച ഒരു ചോദ്യത്തിനും മറുപടി നൽകാത്ത മോദിയുടെ മൗനം അപരാധിയുടെ കുറ്റസമ്മതത്തിനു തുല്യമാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ.യും ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും പറഞ്ഞു. ഏകപക്ഷീയമായി മൻകീ ബാത്ത് നടത്തുന്ന, മറുപടി പറയാതെ ഒഴിഞ്ഞുമാറുന്ന മോദിയുടെ സമീപനം ജനാധിപത്യത്തിന് ഹിതകരമല്ലെന്നും നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, കൺവീനർ കെ.കെ. വിശ്വനാഥൻ, പി.പി. ആലി, റസാഖ് കല്പറ്റ, എം.എ. ജോസഫ്, ടി.ജെ. ഐസക് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com