
ഒന്നും വെറുതെ ലഭിക്കില്ല.. എനിക്ക് തോന്നുന്നത് ഒരു മനുഷ്യ ശരീരത്തിന്റെ, മനുഷ്യ മനസ്സിന്റെ ഏറ്റവും ശ്രേഷ്ഠമായ അവസ്ഥ എന്നത് ആരോടും പരിഭവമോ പരാതിയോ പറയാതെ, ആഗ്രഹങ്ങളോ ആവശ്യങ്ങളോ ഇല്ലാതെ, പ്രതീക്ഷയോ നിരാശയോ പുലർത്താതെ, വെറുപ്പോ സ്നേഹമോ ലവലേശമില്ലാതെ ( ആഗ്രഹങ്ങളും ആവശ്യങ്ങളും ആശയും നിരാശയും ഇല്ലാത്തവന് സ്നേഹമെന്ന വികാരത്തിന്റെയും ആവശ്യമില്ല) ജീവിക്കുന്ന ആ നിമിഷത്തിൽ ജീവിക്കുക എന്നതാണ്.. ആ അവസ്ഥക്കായിരിക്കും മോക്ഷം ലഭിക്കുക, പവിത്രമായ ഒന്നിലേക്ക് ലയിച്ചു ചേരുക എന്നൊക്കെ പറയുന്നത്.. മതവേദഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന പല മഹാന്മാരും ആ അവസ്ഥ കൈവരിച്ചതായി പറയുന്നുണ്ട്.. ഏറ്റവും പരമമായ ഒരു ആനന്ദമാണത്.. അത് വെറുതെ കിട്ടുമോ?.. ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ഉപേക്ഷിക്കുക എന്നതാണ് ആദ്യപടി. അതൊരിക്കലും ഒരു എളുപ്പമുള്ള കാര്യമല്ല. കഠിനമായ ഒരു വൃതമാണത്.. മനുഷ്യരെക്കൊണ്ട് സാധിക്കുന്ന ഒന്നാണോ അത് എന്ന് ഞാൻ സംശയിക്കുന്നു.. മാതൃ പിതൃ സ്നേഹം..
ജീവിതത്തിലെ ഒരു പരിപാവനമായ അവസ്ഥയാണത്.. അത്രയും പവിത്രമായ ആ സ്നേഹം നിലനിർത്തണമെങ്കിൽ അവരെ സ്നേഹിച്ച് പരിപാലിക്കണം എന്ന ഉത്തരവാദിത്വം നിറവേറ്റേണ്ടതിനാൽ അതും നമ്മൾക്ക് വെറുതെയല്ല കിട്ടുന്നത്.. ഭാര്യ ഭർതൃ സ്നേഹം.. ആ സുഖവും സന്തോഷവും നിലനിർത്തണമെങ്കിൽ പലതും പല സമയങ്ങളിലും ഇരു കൂട്ടർക്കും ത്യജിക്കേണ്ടതായി വരും.. ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധമാണ് സൗഹൃദം.. സ്നേഹിക്കാനും ബഹുമാനിക്കാനും കഴിഞ്ഞെങ്കിൽ മാത്രമേ ആ സന്തോഷവും നമുക്ക് ലഭിക്കുകയുള്ളൂ.. സുഹൃത്തിന് വേണ്ടി നമ്മൾ പലതും നഷ്ടപ്പെടുത്തേണ്ടി വരും.. അധ്യാപക വിദ്യാർത്ഥി ബന്ധം.. അധ്യാപകരുടെ പ്രീതിക്കായി തന്റെ പല ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടിവരും എങ്കിലേ ആ സ്നേഹം നിലനിർത്താൻ വിദ്യാർത്ഥ്വിക്ക് കഴിയൂ.. പദവി, അധികാരം, പ്രശസ്തി മുതലായവയ്ക്ക് വർഷങ്ങളുടെ കഠിനാധ്വാനം വേണം.. മദ്യത്തിന്റെയും ലഹരിയുടെയും മൃഗീയ സുഖം അനുഭവിക്കണമെങ്കിൽ പണത്തിന് പുറമേ നമ്മൾ നമ്മുടെ ശരീരത്തെയും ബലി നൽകണം.. കാർ വാങ്ങാനും വീട് വാങ്ങാനും മൊട്ടുസൂചി വാങ്ങാനും പണം ( അധ്വാനം) മുടക്കണം.. ശരീര സുഖം അനുഭവിക്കാൻ പണവും ആരോഗ്യവും നാം നഷ്ടപ്പെടുത്തേണ്ടതായി ഉണ്ട്.. മുറ്റത്തെ ചെടിയിൽ ഒരു പൂവ് കാണുന്നത് ഒരു നയന സുഖമാണെങ്കിൽ അത് നിലനിർത്തണമെങ്കിലും നമ്മൾ പലതും ചെയ്യേണ്ടിവരും..
ഒരു കുയിൽ നാദം കേൾക്കണമോ, പ്രകൃതി സംരക്ഷിക്കേണ്ടതായുണ്ട്.. വൃത്തിയുടെയും ശുചിത്വത്തിന്റെയും സുഖം അനുഭവിക്കണമോ?, കാശ് കൊടുത്തോ അല്ലാതെയോ നമ്മളത് വൃത്തിയാക്കണം.. ശ്രവണ സുഖത്തിനും ഗന്ധസുഖത്തിനും നയന സുഖത്തിനും സ്പർശന സുഖത്തിനും നമ്മൾ പലതും ത്യജിക്കേണ്ടിവരും.. ഈ ലോകത്ത് ഒന്നും വെറുതെ കിട്ടുന്നില്ല.എന്തിനും ഒരു ശ്രമമെങ്കിലും ആവശ്യമാണ്..ശ്രമിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ ഒന്നും നേടാനും നമ്മൾക്ക് കഴിയില്ല..Sidhique Patta..



