KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓണസ്റ്റി ബസാറിന് തുടക്കമായി.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സത്യസന്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓണസ്റ്റി ബസാറിന് തുടക്കമായി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി വിദ്യാർത്ഥികൾക്കായി സ്റ്റാൾ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്ററും കരുവൻപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ രതീഷ് ടി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി തമ്പി, ബിന്ദു ജോർജ്, സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി., സിസ്റ്റർ സുധർമ്മ എസ്ഐ സി  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന പേന, പെൻസിൽ, ബുക്ക്, എ4 ഷീറ്റ്, ഗ്രാഫ് പേപ്പർ, ന്യൂസ് പ്രിന്റ്, നോട്ട് ബുക്ക് തുടങ്ങിയ പഠനോപകരണങ്ങളാണ് ബസാറിൽ ഒരുക്കിയിരിക്കുന്നത്. ഓരോ സാധനത്തിന്റെയും വിലവിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിൽപ്പനക്കാരന്റെയോ നേരിട്ടുള്ള മേൽനോട്ടത്തിന്റെയോ സഹായമില്ലാതെ, വിലവിവരപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക പെട്ടിയിൽ നിക്ഷേപിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ സാധനങ്ങൾ സ്വന്തമായി എടുക്കാം.

വിദ്യാർത്ഥികളുടെ സത്യസന്ധതയിലും സ്വയംനിയന്ത്രണത്തിലും വിശ്വാസമർപ്പിക്കുന്ന ഈ സംരംഭം, പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങൾ പഠിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. സത്യസന്ധത, പരസ്പരവിശ്വാസം, ഉത്തരവാദിത്വബോധം, സാമ്പത്തിക അച്ചടക്കം എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം സാമൂഹിക ജീവിതത്തിൽ ധാർമിക മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും ഓണസ്റ്റി ബസാർ സഹായകമാകും.

സ്കൂൾ പ്രിൻസിപ്പൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ., എൻ.എസ്.എസ്. വളണ്ടിയർ ലീഡേഴ്സ്, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർ സംരംഭത്തിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com