
ചുരത്തിൽ ഭീഷണിയായി മരങ്ങൾ
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ മരം റോഡിലേക്ക് കടപുഴകിവീണും ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടത്തെത്തുടർന്നും ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് ആറ്, ഏഴ് മുടിപ്പിൻവളവുകൾക്കിടയിൽ മരം കടപുഴകിവീണത്. അഞ്ചുമണിയോടെയായിരുന്നു രണ്ടാംവളവിന് സമീപം ചിപ്പിലിത്തോടിൽ എതിർദിശയിൽ പോവുകയായിരുന്ന രണ്ട് ചരക്കുലോറികൾ തമ്മിൽ ഇടിച്ചത്. ഗതാഗതതടസ്സത്തിനുപിന്നാലെ രൂക്ഷമായ ഗതാഗതകുരുക്കാണ് ചുരംപാതയിൽ മണിക്കൂറുകളോളം അനുഭവപ്പെട്ടത്.
റോഡരികിലേക്ക് ചാഞ്ഞുകിടന്നിരുന്ന മരമാണ് വേരടർന്ന് ചുരംപാതയിലേക്ക് മറിഞ്ഞുവീണത്. സംഭവസമയത്ത് വാഹനങ്ങളൊന്നും കടന്നുപോവാതിരുന്നതിനാൽ ആളപായം ഒഴിവായി. കല്പറ്റ അഗ്നിരക്ഷാസേനാംഗങ്ങളെത്തി നാലുമണിയോടെയാണ് മരം മുറിച്ചുമാറ്റി ഗതാഗതതടസ്സം പൂർണമായും നീക്കിയത്. ചുരംസംരക്ഷണസമിതി പ്രവർത്തകരും എസ്.ഐ. സുരേഷിന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട്പോസ്റ്റ് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മരം നീക്കംചെയ്യാനും ഗതാഗതനിയന്ത്രണത്തിനും നേതൃത്വം നൽകി.

മന്ത്രിയുടെ കാർ കടന്നുപോയി; അകമ്പടിവാഹനം കുടുങ്ങി
കല്പറ്റ അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുമാറ്റുന്നതുവരെ കാർ ഉൾപ്പെടെയുള്ള ഉയരം കുറഞ്ഞ വാഹനങ്ങൾ മരത്തിനടിയിലൂടെ കടന്നുപോയി.
വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ കാർ മരത്തിനടിയിലൂടെ അപ്പുറംകടന്ന് മുന്നോട്ടുപോയെങ്കിലും അകമ്പടിപോയ താമരശ്ശേരി പോലീസിന്റെ ജീപ്പിന് മരം മുറിച്ചുമാറ്റിയശേഷംമാത്രമാണ് കടന്നുപോവാൻ സാധിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.ആർ. രാജേഷ്, കെ.എസ്. ശ്രീജിത്ത്, കെ.ആർ. രഞ്ജിത്ത്, വി.എം. നിധിൻ, ഹോംഗാർഡ് എൻ.സി. രാരിച്ചൻ എന്നിവരുൾപ്പെട്ട കല്പറ്റ അഗ്നിരക്ഷാസേനാംഗങ്ങളാണ് മരം മുറിച്ചുനീക്കിയത്
ചുരത്തിൽ ഭീഷണിയായി മരങ്ങൾ
താമരശ്ശേരി : ചുരത്തിൽ റോഡരികിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങൾ വീഴുന്നത് വലിയ ഭീഷണിയുയർത്തുന്നു. ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിനായിരുന്നു, ശനിയാഴ്ച മരംവീഴ്ച നടന്ന സ്ഥലത്തിന് സമീപം അഞ്ചുമരങ്ങൾ ഒന്നാകെ കടപുഴകിവീണത്. മരംവീഴുന്ന സമയങ്ങളിൽ വാഹനങ്ങൾ അതുവഴി കടന്നുപോവാതിരുന്നതിനാൽ മാത്രമാണ് ദുരന്തം ഒഴിവാകുന്നത്. കഴിഞ്ഞ ഏപ്രിൽ 16-ന് ചുരത്തിൽ വനപ്രദേശത്തുനിന്ന് ഉരുണ്ടുവീണ പാറക്കല്ല് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പതിച്ച് മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20) മരിച്ചിരുന്നു. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡിലേക്ക് കല്ലും മരവുമൊക്കെ വീണ് അപകടങ്ങളുണ്ടാവാതിരിക്കാൻ വനംവകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് (എൻ.എച്ച്. വിഭാഗം) റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.



