കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷത്തിന് തുടക്കം: കർഷകദുരിതം പരിഹരിക്കാൻ സർക്കാരിനും സഭയ്ക്കും സഹകരിക്കാം -മുഖ്യമന്ത്രി

കോഴിക്കോട് : കർഷകരുടെ ദുരിതം പരിഹരിക്കുന്നതിൽ സർക്കാരിനും സഭയ്ക്കും സഹകരിച്ചുപ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെയും കർഷകരുടെയും കുടിയേറ്റജനതയുടെയും സാമ്പത്തിക, സാമൂഹിക വിദ്യാഭ്യാസ, ആരോഗ്യ പുരോഗതി ഉറപ്പാക്കാൻ കോഴിക്കോട് രൂപത എന്നും ശ്രമിച്ചു.
വിള ഇൻഷുറൻസ്, പച്ചക്കറികൾക്ക് തറവില, റബ്ബർ വിലസ്ഥിരതാപദ്ധതി, വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയൽ എന്നിവയിൽ ഫലപ്രദമായ നടപടികളാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചുവരുന്നത്. സ്പൈസസ് പാർക്ക്, റബ്ബർപാർക്ക് എന്നിവയും ആ ദിശയിലുള്ള ചുവടുവെപ്പുകളാണ്. കർഷകരുടെ വരുമാനത്തിൽ 50 ശതമാനം വർധനയുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തിൽ വിജ്ഞാനാധിഷ്ഠിതമായ സമ്പദ്ഘടന ഉണ്ടാക്കാനും നൂതനസമൂഹം സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
മനുഷ്യനും മനുഷ്യനും തമ്മിൽ സംഘർഷങ്ങൾക്ക് തിരികൊളുത്താൻ ചിലർ ശ്രമിക്കുമ്പോൾ രൂപത സമാധാനത്തിന്റെ കാവലാളായി നൂറ്റാണ്ടുകാലം പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോടതിവിധികളെത്തുടർന്ന് വനമേഖലയിലെ കർഷകരുടെ ജീവിതം ദുരിതപൂർണമാവുമ്പോൾ സർക്കാർ ഇടപെടലും സഹായവും ഉണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എ.മാരായ ടി. സിദ്ദിഖ്, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഡോ. എം. ബീനാ ഫിലിപ്പ്, ബി.ജെ.പി. സംസ്ഥാനസെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, വിവിധ രൂപതാ ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, ജോസഫ് പാംബ്ലാനിയിൽ, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശ്ശേരി, പോളി കണ്ണൂക്കാടൻ, ജോസഫ് മാർ തീത്തോസ്, മോൺസിഞ്ഞോർമാരായ പോൾ മുണ്ടോലിക്കൽ, ജെൻസൺ പുത്തൻവീട്ടിൽ, ഫാ. ഇ.പി. മാത്യു, സിസ്റ്റർ മരിയാ ജസീന എന്നിവർ സംസാരിച്ചു. ശതാബ്ദി പ്രമാണിച്ച് നടപ്പാക്കുന്ന വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും യോഗത്തിൽ നടന്നു.
മാർപാപ്പയ്ക്ക് വാനോളം പ്രശംസ: മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ മാർപാപ്പയ്ക്ക് വാനോളം പ്രശംസ. സാമൂഹികനീതിക്കുവേണ്ടിയും സാഹോദര്യത്തിൽ അധിഷ്ഠിതമായ സമൂഹസൃഷ്ടിക്കുവേണ്ടിയും മാർപാപ്പ നടത്തുന്ന ആഹ്വാനങ്ങളെ മുഖ്യമന്ത്രി പുകഴ്ത്തി. ലിംഗനീതി, ഉച്ചനീചത്വം നീക്കൽ, ദാരിദ്ര്യനിർമാർജനം എന്നിവയിൽ മാർപാപ്പയുടെ നിലപാടിനോട് പൂർണയോജിപ്പാണ്. രണ്ടാംവത്തിക്കാൻ സമ്മേളനത്തിന്റെ തീരുമാനങ്ങളെ നിരാകരിക്കരുതെന്ന് പാപ്പ പറഞ്ഞത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാമെല്ലാം സഹോദരങ്ങളാണെന്ന് പാപ്പ ഉദ്‌ബോധിപ്പിക്കുന്നു. തീവ്രവാദം, അക്രമം, രക്തച്ചൊരിൽ എന്നിവ മതത്തിന്റെ പഠിപ്പിക്കലുകൾക്ക് എതിരാണ്. സാഹോദര്യവും സമാധാനവും ഉറപ്പുവരുത്തണമെന്ന പോപ്പിന്റെ നിർദേശം സർവർക്കും സ്വീകാര്യമാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു



