
അന്ന, അന്നമ്മ
അന്നമ്മ മരിച്ചു..
കഴിഞ്ഞ രണ്ടു ദിവസമായി ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നായിരുന്നു ശവസംസ്കാരം നിശ്ചയിച്ചിരുന്നത്. നിർഭാഗ്യവശാൽ അവരുടെ മകൾ ജിൻസിക്ക് മറ്റന്നാളെയേ യു.കെ യിൽ നിന്ന് എത്തിച്ചേരാൻ ആവുകയുള്ളൂ..
മറ്റന്നാളെ വൈകുന്നേരം നാല് മണിയിലേക്കാണ് സംസ്കാരം പുനർ നിശ്ചയിച്ചത്..
എന്തോ ചില സാങ്കേതിക പ്രശ്നങ്ങളാലാണ് അവളുടെ വരവ് രണ്ടുദിവസം വൈകിയതെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു…
U S ലുള്ള മകൻ ഡേവിസും ഭാര്യയും ഇന്നലെ രാത്രി എത്തിയിട്ടുണ്ട്. മക്കൾക്ക് പരീക്ഷയോ മറ്റോ ഉള്ളതുകൊണ്ട് അവർക്ക് വരാൻ പറ്റിയിട്ടില്ല..
1960, 65 കാലഘട്ടത്തിലാണ് ജോസഫും കത്രീനയും അവരുടെ മൂത്ത മകളായ അന്നയും മറ്റു ബന്ധുക്കളോടുമൊപ്പം പാലായിൽനിന്നും തിരുവമ്പാടിയിലേക്ക് കുടിയേറുന്നത്. അവളുടെ മറ്റു സഹോദരങ്ങൾ പാലായിൽ തന്നെ അവളുടെ അമ്മാമ്മയുടെയും അച്ചാച്ചന്റെയും കൂടെ താമസിച്ച് പഠിക്കുകയായിരുന്നു. യുപി സ്കൂൾ പഠനം പൂർത്തിയാക്കിയ അന്ന പിന്നീട് തുടർന്ന് പഠിക്കാൻ പോയില്ല..
കാടിനോടും വന്യമൃഗങ്ങളോടും പ്രകൃതിക്ഷോഭങ്ങളോടും മല്ലിട്ട്, മണ്ണിൽ പണിയെടുത്ത് ഒരു മനുഷ്യായുസ്സിൽ നേടാവുന്നതിലധികം ജോസഫും കത്രീനയും നേടി..
അന്നയ്ക്ക് കല്യാണ പ്രായമായി. അതീവ സുന്ദരിയായിരുന്ന അന്നയേ, തിരുവമ്പാടിയിലെതന്നെ മറ്റൊരു കുടിയേറ്റ കർഷകരായ, അതിസമ്പന്നരായ വറീദിന്റെയും മേരിയുടെയും ഏക മകൻ വർഗീസിന് വിവാഹം ചെയ്തുകൊടുത്തു..
അവർക്ക് രണ്ടു കുട്ടികളായി. ഡേവിസും ജിൻസിയും. അന്നയുടെ സഹോദരങ്ങളെല്ലാം പഠിച്ച് അധ്യാപകരും ഗവൺമെന്റ് ജോലിക്കാരുമൊക്കെയായി..
അന്നയുടെ സഹോദരങ്ങളും അപ്പോഴേക്കും തിരുവമ്പാടിയുടെ ഭാഗമായി തീർന്നിരുന്നു..
അവരുടെ വിവാഹങ്ങളും ഓരോരുത്തരുടെതായി കഴിഞ്ഞു. രണ്ട് ആങ്ങളമാരുടെ ഭാര്യമാരും രണ്ട് അനിയത്തിമാരുടെ ഭർത്താക്കന്മാരും വൈറ്റ്ക്കോളർ ജോബിന്റെ വക്താക്കളായിരുന്നു..
അവരെക്കാളൊക്കെ പലമടങ്ങ് സമ്പന്നയായ അന്ന, വിവാഹങ്ങളിലും സൽക്കാരങ്ങളിലും മറ്റും അവർക്ക് കിട്ടുന്ന ബഹുമാനവും പരിഗണനയും കണ്ട് തെല്ലൊന്ന് അസൂയപെട്ടിരുന്നു..
അപ്പനും അമ്മയും നിർബന്ധിച്ചിട്ടും താൻ പഠിക്കാൻ പോകാഞ്ഞതിൽ അവൾ ദുഃഖിക്കുകയും ചെയ്തു..
അവളുടെ കെട്ടിയോൻ വർഗീസ് “ഇതൊക്കെ എന്ത്? ” എന്ന മട്ടുകാരനായിരുന്നു..
തന്റെ മക്കളെ നന്നായി പഠിപ്പിക്കണമെന്ന് അന്ന ദൃഢനിശ്ചയമെടുത്തിരുന്നു.
വർഗീസിന്റെ ഉറച്ച പിന്തുണയും..
മക്കൾ ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസായി. മകൾ എൻട്രൻസ് എഴുതി എംബിബിഎസ് ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്നു. ഡേവിസ് കോഴിക്കോട് ആർ ഇ സി (NIT) കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ ക്യാമ്പസ് ഇന്റർവ്യൂവിൽ ജോലി കിട്ടി അമേരിക്കയിലേക്ക് പോയി..
സ്കോളർഷിപ്പ് ലഭിച്ച് തുടർ പഠനത്തിനായി ജിൻസി യു കെ യിലേക്കും..
പാലായിലെ പുരാതന കുടുംബമായ കൈതമറ്റം തറവാട്ടിലെ, അച്ചാച്ചനും അമ്മാമയും കൊച്ചച്ചനും ചെറിയച്ഛനും ഇളയമ്മമാരും, ഭർത്താവ് മരിച്ചു പോയ അച്ചാച്ചന്റെ സഹോദരിയും മൂന്നു മക്കളും അടങ്ങിയ ആ കൂട്ടുകുടുംബത്തിലെ അച്ചാച്ചന്റെയും അമ്മാമയുടെയും മൂത്ത മകനായ ജോസഫിന്റെയും ഭാര്യ കത്രീനയുടെയും ആദ്യത്തെ കണ്മണിയായാണ് അന്ന പിറന്നത്..
അന്നയേ കൊഞ്ചിക്കാനും കളിപ്പിക്കാനും അവിടെ ആരോഗ്യകരമായ ഒരു മത്സരം തന്നെ നടന്നിരുന്നു..
അന്നയുടെ കൗമാരത്തിലായിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം മറ്റു ബന്ധുക്കളോടും കൂടി തിരുവമ്പാടിയിലേക്ക് കുടിയേറുന്നത്..
ഇവിടെയും വീട് നിറയെ ആളുകളായിരുന്നു. ജോലിക്കാരും അവരുടെ കുടുംബങ്ങളും അത് വേറെയും..
വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ശേഷമാണ് അന്ന ആദ്യമായിട്ട് ഒറ്റപ്പെടലിന്റെ നോവറിയുന്നത്..
ഭർത്താവിന്റെയും അദ്ദേഹത്തിന്റെ അച്ഛനമ്മമാരുടെയും നിസ്വാർത്ഥമായ സ്നേഹം അന്നയേ അതിൽ നിന്ന് മോചിതയാക്കി..
കുട്ടികളും കൂടിയായതോടെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ യുവതിയായി അന്ന..
കാലം കടന്നുപോയി..
അച്ഛനമ്മമാർ ഇഹലോകവാസം വെടിഞ്ഞു. മക്കളും അവരുടെ കുടുംബങ്ങളും വിദേശങ്ങളിൽ സെറ്റിലായി..
ആസ്മ രോഗിയായ വർഗീസും അന്നയും വീട്ടിൽ തനിച്ചായി..
അന്ന വർഗീസിന്റെ അന്നമ്മയായി..
ജിൻസി പ്രസവിച്ചപ്പോഴും ഡേവിസിന്റെ ഭാര്യ പ്രസവിച്ചപ്പോഴും അല്ലാതെയും അന്നമ്മ ചേടത്തി പലയാവർത്തി യുകെയിലും യുഎസിലും മാറിമാറി പോയിട്ടുണ്ട്..
ഭർത്താവിന് തണുപ്പ് പറ്റാത്തതിനാൽ മക്കളുടെ അടുത്ത് വന്നുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവിനെ നാട്ടിൽ തനിച്ചാക്കി മക്കളുടെ കൂടെ നിൽക്കാൻ അന്നമ്മ ചേടത്തിക്കും കഴിഞ്ഞിരുന്നില്ല..
ജിൻസിക്കും ഡേവിസിനും അവരുടെ കുടുംബത്തിനും അന്നമ്മ ചേടത്തിയെ ( വർഗീസേട്ടനേയും ) വളരെ ഇഷ്ടമായിരുന്നു..
തന്റെ മക്കൾക്ക് നല്ലതു വരണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി മാത്രം പ്രയത്നിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ ഏതു മക്കൾക്കാണ് വെറുക്കാനാവുക..
ഇന്ന് രാവിലെയാണ് മോർച്ചറിയിൽ നിന്ന് ശവശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്..
ആളും ബഹളവും കൂടി തുടങ്ങുന്നു..
ജിൻസിയെ കൊണ്ടുവരാൻ എയർപോർട്ടിലേക്ക് വണ്ടി അയച്ചിട്ടുണ്ട്..
“മൂന്നോ നാലോ തലമുറയ്ക്ക് ജീവിക്കാനുള്ളത് തന്റെ അപ്പൻ തനിക്കുവേണ്ടി സമ്പാദിച്ചിട്ടുണ്ട്. താനും പലമടങ്ങ് സമ്പാദിച്ചു. പല സമയങ്ങളിലും അമ്മയെയും അപ്പനെയും കൂടെ കൂട്ടണമെന്നും അവരോടൊപ്പം കഴിയണമെന്നും ആഗ്രഹിക്കാറുണ്ട്.
പല കാരണങ്ങളാൽ അതൊന്നും സംഭവിച്ചില്ല..
തുടക്കത്തിൽ തന്റെ ക്യാരിയർ ഗ്രോത്തിന് ( ലക്ഷ്യം) പുറകെ ഓടിയപ്പോൾ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ തന്റെ മനസ്സിൽ”..
“അന്നൊന്നും ഒരിക്കലും ഞാൻ ചിന്തിച്ചിരുന്നില്ല, ഞാനും എന്റെ മാതാപിതാക്കളും ഇത്രയ്ക്കും അന്തരത്തിൽ ജീവിച്ച് മരിക്കേണ്ടവരാണെന്ന്”..
“ഞാനുമിപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. റിട്ടയർമെന്റ് സമയമായി. മക്കൾ ഹയർ സ്റ്റഡീസുമായി വ്യത്യസ്തയിടങ്ങളിൽ, അവരും ഞങ്ങളെപ്പോലെ ഉയരങ്ങൾ തേടി പോകും, ഞാനും ഭാര്യയും വീട്ടിൽ തനിച്ചാകും”..
“എന്റെ അച്ഛനും അമ്മയ്ക്കും പ്രത്യേകിച്ച് അമ്മയ്ക്ക് ഞാൻ നൽകിയ ആ അന്തരം എന്നിലും സംജാതമാകുന്നത് എനിക്ക് മനക്കണ്ണിൽ കാണാൻ കഴിയുന്നുണ്ട്”
മരിച്ചു കിടക്കുന്ന തന്റെ അമ്മച്ചിയെ നോക്കി സങ്കടപ്പെട്ട് ഡേവിസ് തന്നോട് തന്നെ തന്റെ സങ്കടംപറഞ്ഞു..
ജിൻസിയും കുടുംബവുമെത്തി..
ഇതിനുമുമ്പ് ഡേവിസും ജിൻസിയും ഒരുമിച്ചു കൂടിയത് നാല് വർഷം മുമ്പ് അവരുടെ അപ്പൻ വർഗീസ് ചേട്ടൻ മരിച്ചപ്പോഴായിരുന്നു..ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ചു..
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്
Sidhique Patta



