
കോടഞ്ചേരി: പതങ്കയത്ത് വീണ്ടും കണ്ണുനീർച്ചാൽ നിറഞ്ഞൊഴുകുകയാണ്. 28 കുടുംബങ്ങളാണ് ഇതിന്റെ വേദനയിൽ നീറി ഉലയുന്നത്.
പതങ്കയത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒഴുക്കിൽപ്പെട്ട 16 വയസ്സുകാരന്റെയും മരണം സ്ഥിരീകരിച്ചതോടെ വിവിധ അപകടങ്ങളിലായി ഇവിടെ പൊലിഞ്ഞത് 28 പേരുടെ ജീവനാണ്. ഓരോ അപകടങ്ങളും മുന്നറിയിപ്പുകൾ ആകുമ്പോഴും, അധികൃതരുടെ കർശന നിയന്ത്രണങ്ങളും, പ്രദേശവാസികളുട വാക്കുകളെയും അവഗണിച്ച് പുഴയിൽ ഇറങ്ങുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
ഇവിടെ അപകടത്തിൽപ്പെട്ടവരിൽ അധികവും വിദ്യാർത്ഥികളാണ്. അവർ ആകട്ടെ ഇവിടെയെത്തുന്നത് വീട്ടുകാർ പോലും അറിയാതെ. ഓരോ അപകടങ്ങൾക്കും ശേഷമാണ് നെഞ്ചു തകരുന്ന ഈ വാർത്ത വീട്ടുകാർ അറിയുന്നത്.
അതിനാൽ ഇനിയെങ്കിലും ഇവിടെയെത്തി പുഴയിൽ ഇറങ്ങാതിരിക്കുക. മലയോര മേഖലകളിലെ പുഴകൾ അപകടം നിറഞ്ഞതാണ്.വഴുക്കലോടുകൂടിയ വലിയ പാറക്കല്ലുകൾ നിറഞ്ഞ പുഴ അപകടം വർദ്ധിപ്പിക്കുന്നു.പുറമെ അടിഭാഗം കാണുന്ന തെളിഞ്ഞ വെള്ളം ആണെങ്കിലും ആഴം വലുതാണ്. അടിയിൽ കൊടും തണുപ്പും, പാറ ഇടുക്കുകളും, ചുഴിയും നിറഞ്ഞതാണ്. ഇതിനാൽ വെള്ളത്തിൽ വീണ് താണുപോയാൽ അപകവും വലുതാണ്. അതിനാൽ ഇനിയെങ്കിലും ശ്രദ്ധിക്കുക അപകടം പതിയിരിക്കുന്ന മലയോരമേഖലകളിലെ പുഴകളിൽ പുറമേ നിന്നെത്തുന്നവർ ഇറങ്ങാതിരിക്കുക.
ഇനി വീണൊഴുകരുത് ഇരവഞ്ഞിപ്പുഴയിൽ മറ്റൊരു കുടുംബത്തിന്റെ കണ്ണുനീർ കൂടി.



