സ്കൂൾ അവധിക്കായി ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ‘ക്രിയേറ്റീവ്’ പ്രതിഷേധം; കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് വയനാടും മധ്യകേരളവുമടക്കം വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും കോഴിക്കോട് ജില്ലയിൽ അവധി നൽകാത്തതിൽ രസകരമായ അപേക്ഷകളുമായി വിദ്യാർത്ഥികൾ. കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് നാളെ അവധി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും യുവാക്കളും തമാശ രൂപത്തിലും സർഗ്ഗാത്മകമായും കമന്റുകളുമായി എത്തിയത്. കുട്ടികളുടെ കമന്റ് പ്രവാഹം കൂടിയതോടെ കളക്ടർ അവസാനമായി പങ്കുവെച്ച രണ്ട് പോസ്റ്റുകളുടെയും കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചു.
എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാത്ത വിദ്യാർത്ഥികൾ രണ്ടു ദിവസം മുമ്പ് അവധി പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച പഴയ പോസ്റ്റിലേക്ക് മാറി കമന്റുകൾ ഇടാൻ തുടങ്ങുകയായിരുന്നു. മറ്റു പോസ്റ്റുകളിൽ കമന്റ് ഓഫ് ആക്കിയാൽ ഞങ്ങൾ പ്രതിഷേധിക്കുമെന്നും, എന്തുവന്നാലും തങ്ങളുടെ ആവശ്യം കളക്ടറെ അറിയിക്കുമെന്നുമുള്ള രീതിയിലാണ് ട്രോളുകളും തമാശകളും നിറഞ്ഞ കമന്റുകൾ നിറയുന്നത്.
അതേസമയം, മഴക്കാലത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് ഒറ്റ രാത്രി കൊണ്ട് എടുക്കാവുന്ന എളുപ്പമുള്ള തീരുമാനമല്ലെന്നും അതിനു പിന്നിൽ പ്രായോഗികമായ നിരവധി വെല്ലുവിളികളുണ്ടെന്നുമാണ് കളക്ടർ എം. എസ്. മാധവിക്കുട്ടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക മുന്നറിയിപ്പുകൾക്ക് പുറമെ, താലൂക്ക് തലത്തിലും പ്രാദേശിക തലത്തിലുമുള്ള വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന സമഗ്രമായ വിവരങ്ങൾ കൃത്യമായി വിലയിരുത്തി മാത്രമാണ് അവധിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള വിമർശനങ്ങളോ സമ്മർദ്ദങ്ങളോ അല്ല, മറിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും നിലവിലെ യാഥാർത്ഥ്യ സാഹചര്യങ്ങൾക്കുമാണ് കളക്ടറേറ്റ് മുൻഗണന നൽകുന്നത്. മുന്നറിയിപ്പുകൾ പെട്ടെന്ന് മാറാൻ സാധ്യതയുള്ളതിനാൽ കൃത്യമായ വിവരശേഖരണത്തിലൂടെയും ഏകോപനത്തിലൂടെയും മാത്രമേ കുട്ടികളുടെ ആപത്തില്ലാത്ത യാത്രയും സുരക്ഷിതത്വവും ഉറപ്പാക്കാനാവൂ എന്നും കളക്ടർ വ്യക്തമാക്കുന്നു.
എങ്കിലും കളക്ടറുടെ പേജിലെ കുട്ടികളുടെ ഈ രസകരമായ “അവധി പിടുത്തം” സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയും വലിയ ചിരി പടർത്തുകയും ചെയ്യുന്നുണ്ട്.



