കെ.എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയ്ക്ക് മികച്ച നേട്ടം: സംസ്ഥാന വരുമാനത്തിൽ രണ്ടാം സ്ഥാനം

തിരുവമ്പാടി: പരിമിതികളും പരാധീനതകളും മറികടന്ന് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ വരുമാനത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി തിരുവമ്പാടി ഡിപ്പോ. സംസ്ഥാനത്തെ 91 കെ.എസ്.ആർ.ടി.സി യൂണിറ്റുകളെ പിന്നിലാക്കിയാണ് മലയോര മേഖലയായ തിരുവമ്പാടിയുടെ ഈ മികച്ച നേട്ടം.നേട്ടത്തിനുള്ള ആദരവ് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയിൽ നിന്നും താമരശ്ശേരി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ. സുമേഷ് ഏറ്റുവാങ്ങി. അവാർഡ് ദാന ചടങ്ങിൽ തിരുവമ്പാടി യൂണിറ്റ് ഇൻസ്പെക്ടർ ഇൻ ചാർജ് പി. എ. ഷാജു, വെഹിക്കിൾ സൂപ്പർവൈസർ എം. മുഹമ്മദ്, ചാർജ് മാൻ ഇല്യാസ്, വിനോദ് എന്നിവർ പങ്കെടുത്തു.പൊതുജനങ്ങളുടെ വലിയ സ്വീകാര്യതയും പിന്തുണയുമാണ് ഇത്തരമൊരു അംഗീകാരത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കൃത്യതയാർന്ന സർവീസ് ഓപ്പറേഷനും, ജീവനക്കാരുടെ ആത്മാർത്ഥമായ സേവനവും സമർപ്പണ മനോഭാവവുമാണ് ഈ വലിയ വിജയത്തിന് പിന്നിൽ.



