LOCAL NEWS

കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ഇഴഞ്ഞ് മടുത്ത് യാത്രക്കാർ, ഇതിലും എളുപ്പം വഴിയിൽ ഇറങ്ങി നടക്കുന്നത്

കോഴിക്കോട് : നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പൊതുവെ തിരക്ക് കുറവായിരുന്ന ഇന്നലെ വൈകിട്ടു പോലും പല പ്രധാന റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ബാങ്ക് റോഡിൽ മാവൂർ റോഡ് ജംക്‌ഷനിൽ നിന്നു കോട്ടപ്പറമ്പ് ആശുപത്രി വരെ ഇന്നലെ വൈകിട്ട് 5നു നടത്തിയ യാത്രയിൽ ഒരു കിലോമീറ്റർ പിന്നിടാനെടുത്തത് 10 മിനിറ്റ്.  മെഡിക്കൽ കോളജ് ആശുപത്രി അടക്കം 4 ആശുപത്രികളുള്ള, നഗരത്തിലെ പ്രധാന റോഡ് ആയ മാവൂർ റോഡിൽ െകഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രി ജംക്‌ഷൻ വരെ 6.5 കിലോമീറ്റർ യാത്രയ്ക്ക് എടുത്തതു 31 മിനിറ്റ്.

വൈകിട്ട് 6.04നു കെഎസ്ആർടിസിയിൽ നിന്നെടുത്ത വാഹനം മെഡിക്കൽ കോളജ് ജംക്‌ഷനിൽ എത്തിയത് 6.35ന്. തൊണ്ടയാട് ജംക്‌ഷനിൽ, മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് അധിക സമയം നൽകുന്നത് അടക്കമുള്ള പൊലീസിന്റെ ക്രമീകരണങ്ങളാണു കുരുക്കു കുറച്ചത്. പൊതുവെ വൈകിട്ട് രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്ന ജംക്‌ഷനാണിത്. മാനാഞ്ചിറ – വെള്ളിമാടുകുന്നു പാത 4 വരിയാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, എരഞ്ഞിപ്പാലത്തിനും മലാപ്പറമ്പിനും ഇടയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്.

ഇതേ റോഡിൽ പാറോപ്പടിയിലും കിഴക്കേ നടക്കാവിലും എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കു രൂക്ഷമാണ്. മാങ്കാവ്, മീഞ്ചന്ത, കാരപ്പറമ്പ് ജംക്‌ഷനുകളിൽ ഏതു സമയത്തും ഗതാഗതക്കുരുക്കാണ്. റോഡിന്റെ വീതിക്കുറവും നിർമാണപ്രവർത്തനങ്ങളും അനധികൃത പാർക്കിങ്ങും മാത്രമല്ല, ചില ബൈക്ക് യാത്രികർ അടക്കമുള്ളവർ വൺവേ നിയന്ത്രണങ്ങൾ പാലിക്കാത്താതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com