ENTERTAINMENT

ഒരു ചെറിയ കഥ..

ആയിരം പൂർണചന്ദ്രൻ..കടയോട് ചേർത്ത് നിർത്തിയ ഒരു ഓട്ടോറിക്ഷയിൽ നിന്നും രണ്ടിലോ മൂന്നിലോ പഠിക്കുന്ന ഒരു കുട്ടി ഇറങ്ങിവന്ന് ഒരു പാക്കറ്റ് പാല് വേണമെന്ന് പറഞ്ഞ് 40 രൂപ എന്റെ നേരെ നീട്ടി.. ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ വിളിച്ചുപറഞ്ഞു, ബാക്കി പൈസയ്ക്ക് പേട കൊടുക്കാൻ.. ഞാൻ ഒരു പാക്കറ്റ് പാലും ബാക്കി പൈസക്ക് അഞ്ചു രൂപയുടെ രണ്ട് പേടയും രണ്ട് രൂപയുടെ ഒരു മിഠായിയും അവന് നേരെ നീട്ടി.. പാലും മിട്ടായിയും കയ്യിൽ വാങ്ങിയതിനുശേഷം അവൻ എന്നോട് ഒരു പ്ലാസ്റ്റിക് കവർ തരുമോ എന്ന് ചോദിച്ചു.. ആ ഓട്ടോയിൽ അവനെ കൂടാതെ എൽകെജിയിലെ യുകെജിയിലോ പഠിക്കുന്ന ഒരു കുട്ടി മുൻപിൽ ഡ്രൈവറുടെ മടിയിൽ ഇരിക്കുന്നു. അവന്റെ പ്രായത്തിലുള്ള മറ്റൊരു കുട്ടി പുറകിലും ഇരിക്കുന്നുണ്ട്.. അച്ഛനും മക്കളും ആണ് എന്നാണ് ഞാൻ കരുതിയത്..”ഒരു പാക്കറ്റ് പാലിന് കവർ ഒന്നും വേണ്ട, നിന്റെ അച്ഛന്റെ അടുത്ത് കൊടുത്താൽ മതി”.. കവർ കിട്ടില്ല എന്ന് മനസ്സിലായ അവൻ “ഹൊ, സാരമില്ല” എന്ന ഭാവത്തോടെ ഓട്ടോറിക്ഷയിൽ കയറി..

അഞ്ചുരൂപയുടെ രണ്ടു പേട മറ്റ് രണ്ട് കുട്ടികൾക്കും കൊടുത്ത്‌ രണ്ട് രൂപയുടെ മിഠായി അവൻ എടുക്കുന്നതും ആ ഡ്രൈവർ അവനോട് ഒരു പേടയും കൂടി വാങ്ങാൻ പറഞ്ഞ് കാശ് നീട്ടുന്നതും “എനിക്ക് ഇത് മതി” എന്ന് അവൻ പറയുന്നതും അഞ്ചു മീറ്റർ ദൂരത്തുനിന്ന് എനിക്ക് കേൾക്കുകയും കാണുകയും ചെയ്യാമായിരുന്നു.. കൈമുട്ട് മടക്കി ഉയർത്തി പിടിച്ച കൈയിൽ പാലുമായി അവൻ ഓട്ടോറിക്ഷയിൽ കയറി ഇരുന്നു.. ഇതെല്ലാം കണ്ടപ്പോഴാണ് ആ കുട്ടികളെ സ്കൂളിൽ നിന്നെടുത്ത് വീട്ടിൽ തിരിച്ചെത്തിക്കുന്ന ഓട്ടോക്കാരനാണ് ആ ഡ്രൈവർ എന്നും ആ പാല് അവന്റെ വീട്ടിലേക്ക് വേണ്ടി വാങ്ങിയതാണെന്നും എനിക്ക് മനസ്സിലായത്.. പ്ലാസ്റ്റിക് കവർ കൊടുക്കാൻ പാടില്ല.. എല്ലാവരും കൊടുക്കുന്നുണ്ട് ഞാനും കൊടുക്കുന്നുണ്ട്.. ഒരു രൂപ ലാഭം ലഭിക്കുന്ന ഒരു ഫേക്ക് പാലിന് 70, 75 പൈസ വില വരുന്ന ഒരു പ്ലാസ്റ്റിക് കവർ കൊടുത്താൽ മുതലാകില്ല..

സ്ഥിരമായി പാല് വാങ്ങുന്നവർക്ക് അത് അറിയാവുന്നതുമാണ്.. പ്രായമായവർക്കും കുട്ടികൾക്കും കവർ വേണോ എന്ന് ചോദിച്ചിട്ട്, വേണമെങ്കിൽ കൊടുക്കുന്നതിൽ എനിക്ക് സന്തോഷമാണ് ഉണ്ടായിരുന്നത്.. അവൻ ആ പാല് പൊക്കിപ്പിടിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിനൊരു ബുദ്ധിമുട്ട് തോന്നി.. തൊട്ട് മുന്നിലുണ്ടായിരുന്ന, ഒരു കത്രിക ചോദിച്ച് കടയിൽ വന്ന ഐടിഐ യിൽ പഠിക്കുന്ന മൂന്ന് കുട്ടികളിൽ ഒരുത്തനെ വിളിച്ച് അവന്റെ കയ്യിൽ ഒരു കവർ കൊടുത്ത് ആ കുട്ടിയുടെ കയ്യിൽ നിന്ന് ആ പാല് വാങ്ങി കവറിൽ ഇട്ടു കൊടുക്കാൻ ഞാൻ അവനോട് പറഞ്ഞു.. അവനത് സന്തോഷത്തോടെ ചെയ്യുകയും ചെയ്തു.. ഡ്രൈവർ വണ്ടിയെടുത്ത് പോകാൻ നേരം സന്തോഷസൂചകമായി അവൻ എന്നെ നോക്കിയ ആ നോട്ടം, അവന്റെ ആ മുഖം ആയിരം പൂർണ്ണ ചന്ദ്രന്മാർ ഒരുമിച്ചുദിച്ചപോലെ ശോഭിച്ചിരുന്നു.. Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com