HEALTH

രാത്രി തീരെ ഉറങ്ങാനായില്ലേ? രാവിലെ ക്ഷീണവും മൂഡ് ഓഫും ആകെ തളര്‍ത്തുന്നോ? ഈ അവസ്ഥയെ മറികടക്കാന്‍ 4 ടിപ്‌സ്

രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം, ഷിഫ്റ്റ് ജോലികള്‍, ബ്ലൂ ലൈറ്റ്‌സ്, തെറ്റായ ഭക്ഷണ ശീലങ്ങള്‍ തുടങ്ങിയവ കൊണ്ട് ഇന്ന് വലിയൊരു ശതമാനം യുവാക്കളുടേയും സ്ലീപ് സൈക്കിള്‍ ക്രമം തെറ്റുകയാണ്. രാത്രി ഉറക്കം ലഭിക്കാതിരിക്കുക, രാവിലെ ആകുമ്പോള്‍ ക്ഷീണം തുടങ്ങുക എന്നിവയൊക്കെ എപ്പോഴെങ്കിലും നിങ്ങളും നേരിട്ടിട്ടില്ലേ?

ഉറക്കം ശരിയാക്കാന്‍

രാത്രി ശരിക്കുറങ്ങിയില്ല എന്ന് വച്ച് കിട്ടുന്ന ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്ന് ഉറങ്ങുന്നത് ഒരു നല്ല ഐഡിയ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ക്ക് ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍പ്പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഉറങ്ങാന്‍ രാത്രിയാകുന്നതുവരെ കാത്തിരിക്കുകയും കഴിയാവുന്നതും നേരത്തെ കിടക്കുകയുമാണ് വേണ്ടത്. കിടക്കയില്‍ കിടന്ന് മൊബൈല്‍ ഉപയോഗിക്കുന്ന ശീലം എത്രയും പെട്ടെന്ന് നിര്‍ത്തുക. പകല്‍ തല പൊക്കാന്‍ വയ്യാത്ത വിധത്തില്‍ ക്ഷീണം തോന്നുന്ന അവസ്ഥ മറികടക്കാന്‍ താഴെപ്പറയുന്ന ടിപ്‌സ് ഉപയോഗിക്കാം.

പുറത്തേക്കിറങ്ങുക, സൂര്യപ്രകാശം കാണുക
രാവിലെ സമയത്ത് പുറത്തിറങ്ങുകയും സൂര്യപ്രകാശം കാണുകയും ഇളവെയില്‍ കൊള്ളുകയും ചെയ്യുന്നത് ഹാപ്പി ഹോര്‍മോണായ സെറോടോണിനെ ഉണര്‍ത്താനും കഫെയ്‌ന് സമാനമായി നിങ്ങള്‍ക്ക് ഉന്മേഷം പകരാനും സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. പകല്‍ സമയത്ത് സൂര്യപ്രകാശം ആസ്വദിക്കുകയും രാത്രി ഫോണ്‍, ലാപ് സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ഓഫാക്കി മുറിയില്‍ ആവശ്യത്തിന് ഇരുട്ട് നിറയ്ക്കുകയും ചെയ്യുന്നത് സ്ലീപ് സൈക്കിള്‍ ക്രമപ്പെടുത്താന്‍ സഹായിക്കും.

വ്യായാമം
ഉറക്കത്തെ ക്രമപ്പെടുത്തുന്ന മെലാടോണിന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ വ്യായാമം അത്യാവശ്യമാണ്. നടത്തമോ യോഗയോ പോലുള്ള ചെറുവ്യായാമങ്ങള്‍ ചെയ്യുന്നത് പോലും നിങ്ങളുടെ സ്ലീപ് സൈക്കിളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

പകല്‍ ചെറുമയക്കമാകാം
രാത്രി ശരിക്കുറങ്ങിയില്ലെങ്കില്‍ വല്ലാത്ത ക്ഷീണം, സ്‌ട്രെസ് എന്നിവയെല്ലാം തോന്നുന്നുണ്ടെങ്കില്‍ ഉന്മേഷം വീണ്ടെടുക്കാന്‍ ചെറുമയക്കമാകാം. 20 മിനിറ്റൊക്കെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങളാണ് അഭികാമ്യം. മണിക്കൂറുകളോളം പകലുറങ്ങുന്നത് നല്ലതല്ല.

സ്‌നൂസ് ബട്ടണ്‍ അമര്‍ത്തല്ലേ
ഒരു നിശ്ചിത സമയത്ത് അലാം വയ്ക്കുകയും പിന്നീട് ഓരോ അഞ്ച് മിനിറ്റ് ഇടവിട്ട് സ്‌നൂസ് ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് തൃപ്തി ലഭിക്കുന്ന വിധത്തിലുള്ള ‘ കുറച്ചുകൂടി’ ഉറക്കം വേണമെങ്കില്‍ നിങ്ങള്‍ അരമണിക്കൂറിന് ശേഷമാണ് സ്‌നൂസ് ബട്ടണ്‍ അമര്‍ത്തേണ്ടത്. അഞ്ച് മിനിറ്റും പത്ത് മിനിറ്റും ഇടവിട്ട് അലാം വയ്ക്കുന്നത് നിങ്ങളുടെ സ്‌ട്രെസ് കൂട്ടുകമാത്രമേയുള്ളൂ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com