
മുക്കം∙ മലയോര മേഖലയുടെ പ്രവേശന കവാടമായ അഗസ്ത്യൻമൂഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകി. പത്ത് നിർദേശങ്ങൾ അടങ്ങിയ ട്രാഫിക് പരിഷ്കരണ നടപടികൾക്കും ജനകീയ കൂട്ടായ്മ രൂപം നൽകി. നഗരസഭാധ്യക്ഷ കെ.പി.ചാന്ദ്നി വിളിച്ചു ചേർത്ത പൊലീസ് അധികാരികളുടെയും ജനപ്രതിനിധികളുടെയും ബസ് ഓണേഴ്സ്, ഓട്ടോ ടാക്സി ഡ്രൈവർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെയും യോഗത്തിലാണ് തീരുമാനം. സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻമൂഴി റൂട്ടിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നത്
മുക്കം അഭിലാഷ് ജംക്‌ഷൻ മുതൽ പെരുമ്പടപ്പ് വരെ നീളുന്നതാണ് മിക്ക സമയത്തെയും കുരുക്ക്. മണിക്കൂറുകൾ വരെ യാത്രക്കാർ ബ്ലോക്കിൽ അകപ്പെടുന്ന അവസ്ഥയാണ്. കുറ്റിപ്പാല മാമ്പറ്റ ബൈപാസ് നവീകരണ പ്രവൃത്തി അനന്തമായി നീളുന്നതും കുരുക്ക് രൂക്ഷമാക്കാൻ ഇടയാക്കുന്നു. ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം, പാർക്കിങ് നിരോധനം കർശനമാക്കൽ, യെലോ ബോക്സ് വരയ്ക്കൽ, ബദൽ റോഡ് നിർമാണം, സന്നദ്ധ സേന രൂപീകരണം, തുടങ്ങിയ നിർദേശങ്ങളാണ് ജനകീയ യോഗത്തിൽ ഉയർന്നത്.ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ കെ.പി.ചാന്ദ്നി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റൈനീഷ് നീലാംബരി, സുഹറ വഹാബ്, പൊലീസ് ഓഫിസർ മനോജ് കുമാർ, മുൻ നഗരസഭാധ്യക്ഷൻ പി.ടി.ബാബു, മുൻ കൗൺസിലർ പി.ജോഷില, ഇ.കെ.അബ്ദുസ്സലാം, വിപിൻ തടപ്പറമ്പ്, മുക്കം പ്രഭാകരൻ, അസീസ് പുതുമുറ്റത്തിൽ, ജോസ്, രഞ്ജിത്ത്, സുരേഷ് ബാബു, സുഭാഷ് മാടാരി, കെ.ടി.നളേശൻ, പി.സിയാദ് അലി, ടി.പ്രകാശൻ, ധനോജ് കുമാർ, കെ.പി.രത്‌നൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ റൈനീഷ് നീലാംബരി ചെയർമാനും സുഹറ വഹാബ് വൈസ് ചെയർപഴ്സനായും 15 അംഗ ട്രാഫിക് കമ്മിറ്റിക്കും രൂപം നൽകി



