ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവമ്പാടി:ദിവസങ്ങളായി തുടരുന്ന കടുത്ത ഉഷ്ണത്തിന് വിരാമമിട്ട് മുക്കത്തും മലയോര മേഖലകളിലും ശക്തമായ കാറ്റും ഇടിയോട് കൂടിയ മഴയും പെയ്തു. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിവരണ്ട് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് ആശ്വാസമായി വേനൽമഴ എത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി മലയോര പ്രദേശങ്ങളിലും താപനില ഉയർന്നുതന്നെയായിരുന്നു. പലയിടങ്ങളിലും കിണറുകൾ വറ്റുകയും കൃഷിയിടങ്ങൾ ഉണങ്ങിക്കരിയുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ഇപ്പോൾ ലഭിച്ച മഴ കാർഷിക മേഖലയ്ക്കും വലിയ ആശ്വാസം പകർന്നിട്ടുണ്ട്.
കുടിവെള്ള ക്ഷാമം രൂക്ഷമായ വാർഡുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹങ്ങളിൽ വെള്ളം എത്തിക്കുന്ന പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയായിരുന്നു. മഴ ലഭിച്ചതോടെ വരും ദിവസങ്ങളിൽ ജലക്ഷാമത്തിന് നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും മഴ തുടർച്ചയായി ലഭിച്ചാൽ മാത്രമേ ഭൂഗർഭ ജലനിരപ്പ് ഉയരുകയുള്ളൂ എന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ജാഗ്രതാ നിർദ്ദേശം
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കനത്ത ചൂടിൽ തളർന്ന നഗരത്തിന് ഈ മഴ ഉന്മേഷം പകരുമ്പോഴും, കാറ്റിലും മിന്നലിലും നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് നഗരസഭയും പഞ്ചായത്ത് അധികൃതരും അറിയിച്ചു.



