LOCAL NEWS

ഗർഭാശയ ഗള കാന്‍സര്‍ പ്രതിരോധം; 14 വയസ്സുള്ള പെൺകുട്ടികൾക്ക് മെയ് 12 ന് തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് സൗജന്യ എച്ച്.പി.വി വാക്‌സിന്‍ നൽകുന്നു.

തിരുവമ്പാടി: 14 വയസ്സ് പൂർത്തിയായതും 15 വയസ്സ് പൂര്‍ത്തിയാകാത്തതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയ ഗള (സെര്‍വിക്കല്‍) കാന്‍സര്‍ പ്രതിരോധിക്കാനുള്ള എച്ച്.പി.വി വാക്‌സിന്‍ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് മെയ് 12 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യമായി നല്‍കുന്നു._

സ്വകാര്യ ആശുപത്രികളില്‍ 4000 രൂപയോളം ചിലവ് വരുന്ന വാക്‌സിനാണ് കുടുംബാരോഗ്യ കേന്ദ്രം വഴി സൗജന്യമായി ലഭ്യമാക്കുന്നത്.
അര്‍ഹരായ എല്ലാ പെണ്‍കുട്ടികളും ആധാര്‍ കാര്‍ഡുമായെത്തി എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് മെഡിക്കൽ ഓഫീസർ അഭ്യര്‍ഥിച്ചു.ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയ ഗള കാന്‍സര്‍.

ഒറ്റ ഡോസ് കൊണ്ട് ശക്തമായ പ്രതിരോധം

സ്ത്രീകളിലുണ്ടാകുന്ന മിക്ക സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് (എച്ച് പി വി). വൈറസിന്റെ അപകട സാധ്യത കൂടുതലുള്ള വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധ ദീര്‍ഘനാള്‍ നിലനില്‍ക്കുമ്പോഴാണ് ഇത് കാന്‍സറായി മാറുന്നത്. ഇത് തടയാന്‍ തികച്ചും സുരക്ഷിതമായ എച്ച്പിവി വാക്‌സിന്റെ ഒറ്റ ഡോസ് എടുത്താല്‍ മതിയാകും. ഇത് സുരക്ഷിതവും പൂര്‍ണ്ണമായും ഫലപ്രാപ്തിയുള്ളതുമാണ്. ഗര്‍ഭാശയ ഗള കാന്‍സറിന് പുറമെ ലൈംഗിക അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍, അരിമ്പാറകള്‍ എന്നിവ തടയാനും ഈ വാക്‌സിന്‍ സഹായിക്കും.

കുത്തിവെപ്പിന് വരുന്നവർ ആധാർ കാർഡ്, ആധാർ ലിങ്കിഡ് ഫോൺ നമ്പർ എന്നിവ കൊണ്ടുവരേണ്ടതാണ്. U-WIN പോർട്ടലിൽ  വാക്സിനേഷൻ ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. (https://uwin.mohfw.gov.in/home)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com