
കോഴിക്കോട് : സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ് ക്യാംപിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ് ഹൗസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർഥാടകരും ഇതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്ന് ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മേയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നുമാണ് പുറപ്പെടുക.
വ്യാഴാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിലും രണ്ടാമത്തെ വിമാനത്തിലും 74 പുരുഷന്മാരും 69 സ്ത്രീകളുമാണ് യാത്രയാവുന്നത്. വെള്ളിയാഴ്ചയിലെ രണ്ട് വിമാനങ്ങളിലും ശനിയാഴ്ചയിലെ ആദ്യ വിമാനത്തിലും വനിതാ തീർഥാടകർ മാത്രമാണ് യാത്രയാവുക. ഉദ്ഘാടന ചടങ്ങിൽ എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, നിയുക്ത എംഎൽഎ മാരായ ടി.പി. അഷ്‌റഫലി, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാൻ യു.കെ.മുഹമ്മദ് ഷാ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, മുനിസിപ്പൽ കൗൺസിലർ സക്കീന, ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ പി.മൊയ്തീൻ കുട്ടി, ഹജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാൻ ഇണ്ണി, മുഹമ്മദ് റാഫി, ഷംസുദ്ധീൻ അരിഞ്ചിറ, ആകാശ എയർ പ്രതിനിധി റിഷി കുമാർ, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ പ്രതിനിധി സാക്കിർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം കൊണ്ടോട്ടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.പി. അഷ്‌റഫലി നിർവഹിച്ചു. ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ അഷ്കർ കോറാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. പ്രാർഥനയ്ക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി നേതൃത്വം നൽകി. ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകർ ബുധനാഴ്ച രാവിലെ ഒൻപതിന് ക്യാംപിൽ റിപ്പോർട്ട് ചെയ്തു. ആദ്യ സംഘത്തെ ഹജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.



