മലബാർ റിവർ ഫെസ്റ്റിവെൽ; പ്രീ ഇവന്റ്; ഓഫ് റോഡ് ഫൺ റൈഡ്; ജൂൺ 20ന്.

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവെൽ 2026ന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന പ്രീ ഇവന്റുകളുടെ ഉദ്ഘാടനം ജൂൺ 20 ശനിയാഴ്ച രാവിലെ 9.30ന് നടക്കും. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിക്കും.കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കാലിക്കറ്റ് ജീപ്പേഴ്സ്, തുഷാരഗിരി അഡ്വഞ്ചർ പാർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓഫ് റോഡ് ഫൺ റൈഡിൽ 40 വാഹനങ്ങൾ പങ്കെടുക്കും. കോടഞ്ചേരിയിലെ ഈരൂട് കൈനടി എസ്റ്റേറ്റിൽ നടക്കുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓഫ് റോഡ് വാഹനങ്ങളാണ് അണിനിരക്കുക.
ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ 12-ാം പതിപ്പായ മലബാർ റിവർ ഫെസ്റ്റിവെല്ലിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് വിവിധ പ്രീ ഇവന്റുകൾ സംഘടിപ്പിക്കുന്നത്. തേവർമലയിലേക്കും തുഷാരഗിരിയിലേക്കുമുള്ള മഴനടത്തം, കോഴിക്കോട് ചിത്രകലാ അക്കാദമിയുടെ നേതൃത്വത്തിലുള്ള ‘ബ്രഷ് സ്ട്രോക്ക്’ ചിത്രരചന മത്സരം, സൈക്ലിംഗ് റാലി, ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവയും പരിപാടികളുടെ ഭാഗമായി നടക്കും.പ്രകൃതിയും സാഹസിക വിനോദവും കോർത്തിണക്കുന്ന മലബാർ റിവർ ഫെസ്റ്റിവെല്ലിന്റെ ആവേശകരമായ തുടക്കത്തിനാണ് കോടഞ്ചേരി വേദിയാകുന്നത്.



