മനസ്സിന്റെ ലോകം തുറന്ന് ‘ന്യൂറോവേഴ്സ്’; അൽഫോൻസ കോളേജിൽ സൈക്കോളജി എക്സിബിഷനും ഐക്യു അസസ്മെന്റും സംഘടിപ്പിച്ചു*

തിരുവമ്പാടി: “മാനസിക ആരോഗ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന് അനിവാര്യമാണ്. മാനസികാരോഗ്യം കരുത്തുറ്റതാകുമ്പോൾ സമൂഹവും കൂടുതൽ ശക്തിപ്പെടുമെന്ന് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. അൽഫോൻസ കോളേജിലെ പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ന്യൂറോവേഴ്സ് (Neuroverse) – എവരി മൈൻ്റ് ഹാസ് എ സ്റ്റോറി” എന്ന സൈക്കോളജി എക്സിബിഷനും ഐക്യു അസസ്മെന്റ് പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ മനസ്സിന്റെ സങ്കീർണതകളും വൈവിധ്യമാർന്ന ചിന്താരീതികളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
സൈക്കോളജിയുടെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ, മനഃശാസ്ത്ര പരീക്ഷണങ്ങൾ, ഐക്യു അസസ്മെന്റ്, ആർ.സി.ഐ. (Rehabilitation Council of India) ലൈസൻസുള്ള സൈക്കോളജിസ്റ്റിന്റെ സേവനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.
“എക്സ്പ്ലോ൪, അണ്ടർസ്റ്റാൻ്റ്, എംപവർ” എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച ന്യൂറോവേഴ്സ്, മനസ്സിനെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും സഹായകമായ അനുഭവമായി മാറി.
കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി സി. ഡോ. വിൻസി ജോസഫ്, പ്രോഗ്രാം കൺവീനർ കൃഷ്ണാ പ്രഭാകർ ടി., കോളേജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, അസോസിയേഷൻ സെക്രട്ടറി ആകാശ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സൈക്കോളജി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.



