മണാശ്ശേരി അങ്ങാടിയിൽ തെരുവ് നായ ശല്യം രൂക്ഷം: നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; പ്രതിഷേധിച്ച് വ്യാപാരികളും.

മണാശ്ശേരി: മണാശ്ശേരി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. അങ്ങാടിയിലൂടെ കാൽനടയായി പോകുന്ന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഭയപ്പെടുത്തുകയും ആക്രമിക്കാൻ മുതിരുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.വഴിയാത്രക്കാർക്ക് പുറമെ മണാശ്ശേരിയിലെ കച്ചവട സ്ഥാപനങ്ങൾക്കും ഇവ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തെരുവ് നായകൾക്ക് അങ്ങാടിയിൽ പരസ്യമായി ഭക്ഷണം നൽകുന്ന ചിലരുടെ നടപടി പ്രശ്നം കൂടുതൽ വഷളാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തിൽ മണാശ്ശേരിയിലെ ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള അമർഷവും പ്രതിഷേധവും പുകയുകയാണ്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മുക്കം മുൻസിപ്പാലിറ്റി അധികൃതർ അടിയന്തരമായി ഇടപെട്ട് തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.



