LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ;മുക്കത്ത് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

മുക്കം:വർഷങ്ങളായി തുടരുന്ന മുക്കം പിസി റോഡിലെ ദുരിതത്തിൽ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.ഇവിടെ രൂപപ്പെട്ട വലിയ കുഴിയിൽ വാഴ നട്ടാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.വാട്ടർ അതോറിറ്റിയുടെ കടുത്ത അനാസ്ഥയ്ക്കെതിരെ നേരത്തേയും ജനരോഷമുണ്ടായിരുന്നു.റോഡിൽ രൂപപ്പെടുന്ന കുഴികൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ഇന്റർലോക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കാറുണ്ടെങ്കിലും,തൊട്ടുപിന്നാലെ വാട്ടർ അതോറിറ്റി ജീവനക്കാരെത്തി റോഡ് പൊളിച്ചിടുന്നത് പതിവാണ്. എന്നാൽ പണി പൂർത്തിയായ ശേഷം റോഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പ്രധാന പരാതി.

മഴ കനത്തതോടെ റോഡിലെ കുഴി വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. നിരന്തരം വാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിതെളിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.ഓണം സീസൺ വരാനിരിക്കേ,മുക്കം നഗരത്തിൽ ഏറ്റവും തിരക്കുള്ള പി സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. റോഡിലെ വലിയ കുഴി കൂടിയാകുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുകയും വ്യാപാരികളുടെ കച്ചവടത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്യുമെന്നും സമീപത്തുള്ള വ്യാപാരികൾ പറഞ്ഞു.റോഡ് ഉടൻ ഇന്റർലോക്ക് പാകി ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com