കോടഞ്ചേരിയിൽ ഓണവിപണി കർഷകച്ചന്ത ആഗസ്റ്റ് 22 മുതൽ പച്ചക്കറികൾ 30% വിലക്കുറവിൽ ലഭിക്കും.

കോടഞ്ചേരി: ഓണാഘോഷങ്ങൾക്ക് മുന്നോടിയായി പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കാനും കർഷകർക്ക് മികച്ച വില ഉറപ്പാക്കാനുമായി കോടഞ്ചേരിയിൽ ‘ഓണവിപണി കർഷകച്ചന്ത 2026’ സംഘടിപ്പിക്കുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് കർഷകച്ചന്ത ഒരുക്കുന്നത്. ആഗസ്റ്റ് 22 മുതൽ 25 വരെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്താണ് വിപണി പ്രവർത്തിക്കുക.വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് കർഷകച്ചന്ത വഴി പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള വിഷരഹിത പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്. കർഷകരിൽ നിന്നുള്ള ഉൽപ്പന്ന സംഭരണം ആഗസ്റ്റ് 21 മുതൽ ആരംഭിക്കും. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധിക തുക നൽകിയാണ് കൃഷിഭവൻ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്.വിപണിയിലേക്ക് പച്ചക്കറികളും പഴങ്ങളും നൽകാൻ താല്പര്യമുള്ള കർഷകർ 9946892064 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.



