മാലിന്യശേഖരണ കേന്ദ്രത്തെ ഓണപ്പുരയാക്കി മുക്കം ഹരിതകർമസേന; എം സി എഫിൽ ഓണസദ്യയൊരുക്കി വേറിട്ട ആഘോഷം.

മുക്കം: മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം സി എഫ്) എന്നാൽ വെറുമൊരു മാലിന്യകൂമ്പാരമാണെന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ച് മുക്കം നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾ. ഇത്തവണത്തെ ഓണാഘോഷത്തോടനുബന്ധിച്ച് എം സി എഫിനകത്ത് തന്നെ വിപുലമായ ഓണസദ്യയൊരുക്കിയാണ് ഇവർ മാതൃകയായത്. ശുചിത്വപാലനത്തോടൊപ്പം സർഗ്ഗാത്മകതയും ഒത്തുചേർന്നപ്പോൾ വേറിട്ടൊരു ഓണാഘോഷത്തിനാണ് മുക്കം സാക്ഷ്യം വഹിച്ചത്.
സദ്യയൊരുക്കുന്നതിന് പുറമെ, വലിച്ചെറിയുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മാത്രം ഉപയോഗിച്ച് എം സി എഫിൽ മനോഹരമായ ഓണപ്പൂക്കളവും ഇവർ തീർത്തു. വേസ്റ്റ് മാനേജ്‌മെന്റ് കേന്ദ്രങ്ങൾ വൃത്തിയുള്ളതും മനോഹരവുമായ പൊതുയിടങ്ങളാക്കി മാറ്റാമെന്ന് തെളിയിച്ച ഹരിതകർമസേനയുടെ ഈ വേറിട്ട പ്രവർത്തനം നാട്ടുകാരുടെയും അധികൃതരുടെയും വലിയ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി.
പരിസ്ഥിതി സംരക്ഷണവും പുനരുപയോഗവും സന്ദേശമാക്കിയുള്ള മുക്കം ഹരിതകർമസേനയുടെ ഈ ഓണാഘോഷം സോഷ്യൽ മീഡിയയിലും ശ്രദ്ധേയമാകുകയാണ്. ഓണാഘോഷ പരിപാടികൾ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് അധ്യക്ഷനായിരുന്നു. വിവിധ സ്റ്റാന്റിംഗ് കമമറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, ബിന്ദു. കെ.പി, മനീഷ ഉള്ളാട്ടിൽ. കൗൺസിലർമാരായ സുഹറ വഹാബ്, ഷെരീഫ് വെണ്ണക്കോട്, ബബിത മനോജ്, മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, നഗരസഭാ സെക്രട്ടറി എ. കൃഷ്ണഗോപാൽ, അസി.സെക്രട്ടറി സുരേഷ് ബാബു, ഹെൽത്ത് ഇൻസ്പക്ടർമാരായ രാജേഷ്, മജീദ്, ആശാ തോമസ്, വിശ്വംഭരൻ തുടങ്ങിയവർ ആശംസകൾ നേർന്നു.



