ഓണം സ്പെഷ്യൽ ഹെൽത്തി കേരള പരിശോധന: 101 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 8 കടകൾ അടപ്പിച്ചു.

കോഴിക്കോട്: ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ ഹെൽത്തി കേരള പരിശോധനയിൽ 2,025 കടകൾ പരിശോധിച്ചതായും, പൊതുജനാരോഗ്യ നിയമപ്രകാരം വീഴ്ച വരുത്തിയ 101 കടകൾക്ക് നോട്ടീസ് നൽകിയതായും യോഗം വ്യക്തമാക്കി. പഞ്ചായത്തീരാജ് നിയമപ്രകാരം 1,05,300 രൂപ പിഴ ഈടാക്കുകയും 8 കടകൾ താത്കാലികമായി അടപ്പിക്കുകയും ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് രാത്രികാല പരിശോധനകൾ ശക്തമാക്കാനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഉത്സവ സീസണിന് ശേഷം പകർച്ചവ്യാധികൾ പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പ്, ഫിഷറീസ് വകുപ്പ് പ്രതിനിധികൾ, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.



