LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു .

തിരുവമ്പാടി: ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷണ നിർമ്മാണ – വിതരണ സ്ഥാപനങ്ങളുടെ പൊതുശുചിത്വവും, വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറപ്പു വരുത്തുന്നതിനും, ഭക്ഷ്യ വിഷബാധയും വയറിളക്ക രോഗങ്ങളും തടയുന്നതിനും വേണ്ടി സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, പുല്ലൂരാംപാറ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കാറ്ററിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ മിക്ക ഹോട്ടലുകളിലും പഴകിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആയത് പിടിച്ചെടുത്ത് നശിപ്പിക്കുകയും ഉടമകൾക്ക് താക്കീത് നൽകുകയും ചെയ്തു.

പുല്ലൂരാംപാറ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും വൃത്തിഹീനമായതും പകർച്ചവ്യാധികൾക്ക് ഇടയാക്കുന്നതുമായ സാഹചര്യത്തിൽ സൂക്ഷിച്ചതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ 26 കിലോ കോഴി ഇറച്ചി, 4 കിലോ മത്സ്യം, മിക്സ് ചെയ്ത് വച്ചിരുന്ന 8 കിലോ മസാലക്കൂട്ട്,1 കിലോ മയോണൈസ്, 2 കിലോ കടലക്കറി എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

പുന്നക്കൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനം നിയമാനുസൃത അനുമതികൾ നേടുന്നതു വരെയും, ഹെൽത്ത് കാർഡ്, കുടിവെള്ള ഗുണനിലവാര പരിശോധനാ റിപ്പോർട്ട് എന്നിവ ലഭിക്കുന്നത് വരെയും പ്രവർത്തനം ആരംഭിക്കരുത് എന്ന് നിർദ്ദേശം നൽകി.

എല്ലാ ഭക്ഷണ നിർമ്മാണ വിതരണ സ്ഥാപനങ്ങളും ഹോട്ടലുകളും കാറ്ററിംഗ് സെന്ററുകളും ഉപയോഗിക്കുന്ന കുടിവെള്ളം അംഗീകൃത ലബോറട്ടറിയിൽ നിന്നും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും, പാചകക്കാർക്കും മറ്റ് തൊഴിലാളികൾക്കും ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് സൂക്ഷിക്കണമെന്നും ശുചിത്വ നിലവാരം പുലർത്തണമെന്നും ഇവ പാലിക്കാത്ത സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് മുന്നറിയിപ്പ് ഒന്നും ഇല്ലാതെ തന്നെ 2023 ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് അടച്ച് പൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

ഓണക്കാലമായതിനാൽ വരും ദിവസങ്ങളിലും ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും പരിശോധന തുടരുന്നതാണ് എന്നും, ശുചിത്വ നിലവാരവും നിയമാനുസൃത രേഖകളും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങൾക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.കെ.വി പ്രിയ അറിയിച്ചു.

തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബിനുകുര്യന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് പി.കെ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അയന എസ്.എം, തിരുവമ്പാടി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ റഫീഖ് എം, ജീൻസ് ജോൺ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com