പി.എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം: വെൽഫെയർ പാർട്ടി

മുക്കം: പി.എം ശ്രീ പദ്ധതിയുമായി സംസ്‌ഥാന സർക്കാർ മുന്നോട്ട് പോകരുതെന്ന് വെൽഫെയർ പാർട്ടി സംസ്‌ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹീം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിനെതിരെ രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടത്തിന് സംസ്ഥാന സർക്കാർ നേതൃത്വം നൽകണം. ഫണ്ട് തടഞ്ഞു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഭീഷണികൾക്ക് മുമ്പിൽ മുട്ട് മടക്കാൻ നിന്നാൽ സംസ്ഥാന താല്പര്യങ്ങൾ സ്ഥിരമായി കേന്ദ്രത്തിനു മുന്നിൽ അടിയറവ് വെക്കേണ്ടി വരും. സംഘ്പരിവാറിനെതിരായ പോരാട്ടത്തിന് കേരളം നൽകിയ പിന്തുണയാണ് യു ഡി എഫിനെ അധികാരത്തിലെത്തിച്ചത് . ആ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് നിലപാട് സ്വീകരിക്കാൻ കേരള സർക്കാരും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുൻസിപ്പൽ പ്രസിഡന്റ് കെ അബ്ദുൽ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് 2:30-ന് മുക്കം വ്യാപാര ഭവനിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. 2024-26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം മുൻസിപ്പാലിറ്റി ലഹരി മുക്ത മേഖലയാക്കി മാറ്റുക, മുനിസിപ്പാലിറ്റികളുടെ വെട്ടിക്കുറച്ച വികസന ഫണ്ട് പുനസ്‌ഥാപിക്കുക, മുക്കം മുനിസിപ്പാലിറ്റിയിലെ ഉന്നതികളുടെ ശക്തീകരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ പ്രമേയങ്ങളും പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് 2026-2029 കാലയളവിലേക്കുള്ള പുതിയ മുൻസിപ്പൽ കമ്മിറ്റിയെയും, മണ്ഡലം സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ അബ്ദുൽ റഹീം (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ (സെക്രട്ടറി), ടി.കെ ഷഫീഖ് (ട്രഷറർ), ചന്ദ്രൻ കല്ലുരുട്ടി, ഫാത്തിമ കൊടപ്പന (വൈസ്. പ്രസിഡന്റുമാർ), റൈഹാന, ഗഫൂർ പൊറ്റശ്ശേരി (ജോയിന്റ്. സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ . തെരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ലാ കമ്മിറ്റി അംഗം ഷാഹിന ടീച്ചർ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ ആനയാംകുന്ന് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മുക്കത്ത് പ്രകടനം നടത്തി. ആലിൻ ചുവട് എസ്.കെ. പാർക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അസ്‌ലം ചെറുവാടി, മുക്കം നഗരസഭ കൗൺസിലർ ഷഫീഖ് മാടായി, ചന്ദ്രൻ കല്ലുരുട്ടി, കെ അബ്ദുൽ റഹീം, ഗഫൂർ മാസ്റ്റർ, നൗഷാദ് ടി. കെ എന്നിവർ സംസാരിച്ചു ഇ.കെ.കെ ബാവ, കൗൺസിലർമാരായ മുഹമ്മദ് നസീം എ.പി, ജസീല അസീസ്, ബനൂജ വി, ഗഫൂർ കല്ലുരുട്ടി, യൂനുസ് പി, ഉബൈദ് കെ, സലീന, സലീം കെ പി, ഒ കെ കരീം, നസ്റുള്ള, വാസിഫ് എന്നിവർ നേതൃത്വം നൽകി



