തിരുവമ്പാടിയിലേക്ക് പാലക്കാടൻ കാറ്റിന്റെ ഒഴുക്ക്: മരുതുറോഡിൽ നിന്നുള്ള കർഷക സംഘം ഇരവഞ്ഞിവാലിയിൽ പഠനയാത്ര നടത്തി.

തിരുവമ്പാടി: പാലക്കാട് ജില്ലയിലെ മരുതുറോഡ് കൃഷി ഭവനിൽ നിന്നുള്ള 40 അംഗ കർഷക സംഘം പഠനയാത്രയുടെ ഭാഗമായി തിരുവമ്പാടി ആസ്ഥാനമായുള്ള ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. പാലക്കാട് മലമ്പുഴ ബ്ലോക്കിന് കീഴിലുള്ള മരുതുറോഡിൽ നിന്നുള്ള സംഘത്തിൽ കൃഷി അസിസ്റ്റന്റുമാരായ വിദ്യ മോൾ കെ.വി, കല കെ, റീത്ത സി, ബീന ബി, ആത്മ ഉദ്യോഗസ്ഥനായ സുധി എന്നിവരുടെ നേതൃത്വത്തിലാണ് കർഷകർ എത്തിയത്.
രാവിലെ 10:30-ഓടെ തിരുവമ്പാടിയിലെത്തിയ സംഘം പ്രദേശത്തെ പ്രധാന ഫാം ടൂറിസം കേന്ദ്രങ്ങളായ ലേക്ക് വ്യൂ ഫാം സ്റ്റേ, താലോലം പ്രൊഡക്ട്സ്, തറക്കുന്നേൽ അഗ്രോ ഗാർഡൻ, തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, ഏദൻ ഗാർഡൻസ്, വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ച് കാർഷിക രീതികളും സംരംഭങ്ങളും നേരിട്ട് മനസ്സിലാക്കി.
വിവിധ കൃഷിയിടങ്ങളിലെ അനുഭവങ്ങളും പുതിയ കാർഷിക സാങ്കേതിക വിദ്യകളും കണ്ടറിഞ്ഞ ശേഷം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഘം മടങ്ങിയത്.



