താമരശ്ശേരി ചുരത്തിൽ തകരാറിലായ ലോറി നീക്കം ചെയ്തു; വാഹനങ്ങളുടെ നീണ്ട നിര തുടരുന്നു.

താമരശ്ശേരി ചുരം ആറാം വളവിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തകരാറിലായ ലോറി പുലർച്ചെ 5:45 ഓടെ ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും മാറ്റി. ലോറി നിന്ന സമയത്ത് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിച്ചിരുന്നില്ലെങ്കിലും ചെറിയ വാഹനങ്ങൾ ഒരു വശത്തുകൂടി കടത്തിവിട്ടിരുന്നു. നിലവിൽ റോഡിലെ തടസ്സം പൂർണ്ണമായി നീക്കിയെങ്കിലും, മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ നീണ്ട നിര ഇപ്പോഴും തുടരുകയാണ്.
മറ്റ് തടസ്സങ്ങളൊന്നും നിലവിലില്ലെങ്കിലും വാഹനങ്ങളുടെ വൻ തിരക്ക് കാരണം അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യേണ്ടതാണ്. ഇതിനിടെ ചില ചെറുവാഹനങ്ങൾ വരി തെറ്റിച്ചും അലക്ഷ്യമായി ഓവർടേക്ക് ചെയ്തും മുന്നോട്ട് പോകുന്നത് മറ്റ് വാഹനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചുരത്തിൽ ഇത്തരം ഡ്രൈവിംഗ് കർശനമായി ഒഴിവാക്കണമെന്നും, കൃത്യമായി വരിപാലിച്ച് (ലൈൻ ട്രാഫിക്) ക്ഷമയോടെ വാഹനം ഓടിക്കണമെന്നും നിർദേശമുണ്ട്.



