ഓപ്പറേഷൻ തൂഫാൻ 2.0: ലഹരിവിരുദ്ധ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മുക്കത്ത് തുടക്കമായി

മുക്കം: കേരള പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുക്കം ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി പതാക ഉയർത്തി. മുക്കം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നിർമ്മൽ ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, കുടുംബശ്രീ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, യുവജനക്ഷേമം തുടങ്ങിയ വിവിധ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ സന്ദേശം വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു കെ.പി., ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിത കർമസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ മജീദ് സ്വാഗതവും നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ നന്ദിയും പറഞ്ഞു.



