
കൂമ്പാറ: അപകടത്തിൽപ്പെട്ട മനുഷ്യജീവനുകൾ രക്ഷിച്ചെടുക്കാൻ ജാതിമതഭേദമന്യേ കൈകോർത്ത കൂമ്പാറയിലെ നാട്ടുകാർക്കും സന്നദ്ധപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ആദർശ് ജോസഫ്. മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന മാതൃകാപരമായ ഇടപെടലാണ് പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറിച്ചു.
അപകടവിവരമറിഞ്ഞ് സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ഓടിയെത്തിയ നാട്ടുകാർ, ഓട്ടോ-ടാക്സി തൊഴിലാളികൾ, യുവാക്കൾ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരുടെ സമയോചിതമായ ഇടപെടൽ എടുത്തുപറയേണ്ടതാണ്. അപകടത്തിൽപ്പെട്ട വാഹനം നിവർത്താനായി ജോലിസ്ഥലത്തുനിന്ന് ഓടിയെത്തിയ മരം കയറ്റിറക്ക് തൊഴിലാളികൾ, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സ്വന്തം വാഹനങ്ങൾ വിട്ടുനൽകിയവർ, ആംബുലൻസ് സൗകര്യമൊരുക്കിയ വിവിധ സംഘടനകൾ തുടങ്ങി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ മനുഷ്യസ്നേഹികളുടെ കൂട്ടായ്മയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്.
സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും ആദർശ് ജോസഫ് നന്ദിയോടെ ഓർത്തു. മാതൃകാപരമായ ഇടപെടലിലൂടെ ഗതാഗതം നിയന്ത്രിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുകയും ചെയ്ത തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും, നിമിഷങ്ങൾക്കകം സ്ഥലത്തെത്തി വാഹനത്തിൽ കുടുങ്ങിയവരെ അതിസാഹസികമായി പുറത്തെടുത്ത മുക്കം ഫയർ ഫോഴ്സ് അംഗങ്ങളുടെയും സേവനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങളുടെ ഒത്തൊരുമ നാടിന്റെ കരുത്തായി മാറിയെങ്കിലും, അപകടത്തിൽ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടത് കടുത്ത നൊമ്പരമായി മാറി. വേർപെട്ടുപോയ കുഞ്ഞിന്റെ ഓർമ്മകൾക്ക് മുന്നിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, ജീവൻ രക്ഷിക്കാൻ കൈകോർത്ത ഓരോ മനുഷ്യസ്നേഹിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.



